കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ച് വിവിധ നഗരങ്ങളില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടര്‍മാരാണ് അടിയന്തര ചികിത്സയൊഴികെ മറ്റെല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് ക്രൂരകൃത്യം നടത്തിയ, പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായത്.

പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങള്‍ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ കൃത്യം നടത്തിയ ശേഷം ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മദ്യലഹരിയില്‍ ഉറങ്ങി. ഉറക്കമുണര്‍ന്ന ശേഷം തെളിവ് നശിപ്പിക്കാനായാണ് തന്റെ വസ്ത്രം കഴുകിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിക്കുകയായിരുന്നു.

സംഭവത്തില്‍ നിര്‍ണായക തെളിവായ പ്രതിയുടെ ഷൂസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രക്തക്കറ ഉള്ളതായാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് അശ്ലീല വിഡിയോകള്‍ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി അശ്ലീല വിഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്ന കൊല്‍ക്കത്ത പൊലീസിന്റെ എസ്‌ഐടി സംഘം ഞായറാഴ്ച ഫൊറന്‍സിക് യൂണിറ്റിനൊപ്പം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചിരുന്നു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്താക്കിയിരുന്നു. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാത്തതിനാണ് ആശുപത്രി അധികൃതര്‍ ഇവരെ പുറത്താക്കിയത്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവം വനിതാ ഡോക്ടര്‍ക്കെതിരായ കുറ്റകൃത്യത്തിലേക്ക് നയിച്ചെന്നും ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്. അതിനിടെ, സമൂഹമാധ്യമങ്ങളിലൂെട അപമാനിതനാകുന്നു എന്ന് കാണിച്ച് ആര്‍.ജി. കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ രാജിവച്ചു. ഡോ. സന്ദീപ് ഘോഷാണ് പ്രിന്‍സിപ്പള്‍ സ്ഥാനം രാജിവച്ചത്.