- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യില്‍ വെറും 400 രൂപ, വിമലയ്ക്ക് സാരി വാങ്ങാന്‍ മമ്മൂട്ടി നല്കിയ ആ 2000; താലികെട്ടിന് വരുമെന്ന് വാശിപിടിച്ച മെഗാസ്റ്റാറിനെ ശ്രീനിവാസന്‍ തടഞ്ഞത് എന്തുകൊണ്ട്? ഷൊര്‍ണ്ണൂരിലെ ആദ്യ കൂടിക്കാഴ്ച മുതല്‍ ശബ്ദം കടം നല്‍കിയത് വരെ; മമ്മൂട്ടി-ശ്രീനി സൗഹൃദത്തിലെ അപൂര്‍വ്വ ഏടുകള്‍
മമ്മൂട്ടി-ശ്രീനി സൗഹൃദത്തിലെ അപൂര്‍വ്വ ഏടുകള്‍
കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരേ കാലഘട്ടത്തില്‍ കടന്നുവരികയും തനതായ മുദ്ര പതിപ്പിക്കുകയും ചെയ്ത രണ്ട് പ്രതിഭകളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഇരുവരും ആദ്യമായി ഒന്നിച്ച 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ അനുഭവങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളികള്‍ക്ക് ഒരു കൗതുകമാണ്.
ആദ്യ കൂടിക്കാഴ്ച: ഒരു നടന്റെ ഓര്‍മ്മശക്തി
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയ ശ്രീനിവാസനെ ഞെട്ടിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ വരവ്. ശ്രീനിവാസന്റെ കുടുംബത്തെയും, വിദ്യാഭ്യാസത്തെയും കുറിച്ചും എന്തിന്, അദ്ദേഹം പോലും മറന്നുപോയ റേഡിയോ നാടകങ്ങളെക്കുറിച്ചും അക്കമിട്ടു നിരത്തിക്കൊണ്ടാണ് സുമുഖനായ ആ ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തിയത്.
'എന്റെ പേര് മമ്മൂട്ടി, ഞാന്‍ ഇതില്‍ അഭിനയിക്കാന്‍ വന്നതാണ്' എന്ന ആ മുഖവുരയില്‍ തുടങ്ങിയ ബന്ധം പിന്നീട് പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദമായി മാറി. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ചും താനുമായി ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചും കൈരളി ടിവിയുടെ 'ചെറിയ ശ്രീനിയും വലിയ ശ്രീനിയും' എന്ന പരിപാടിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
'എംടി തിരക്കഥ എഴുതുന്ന വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായിട്ടാണ് ഞാന്‍ ഷൊര്‍ണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ എത്തുന്നത്. അവിടെ ചെന്നപ്പോള്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍ മുന്നോട്ട് വന്ന് എന്നെ കണ്ട ഉടനെ 'ഹലോ മിസ്റ്റര്‍ ശ്രീനിവാസന്‍, നിങ്ങള്‍ മണിമുഴക്കത്തില്‍ അഭിനയിക്കാന്‍ എറണാകുളത്ത് വന്നപ്പോള്‍ ബക്കര്‍ ജിയോട് ചാന്‍സ് ചോദിക്കാന്‍ ഞാനും അവിടെ വന്നിരുന്നു പക്ഷെ ചാന്‍സ് കിട്ടിയില്ല. നിങ്ങളുടെ വീട് പാട്യത്ത് അല്ലേ?. നിങ്ങളുടെ അച്ഛനും അമ്മയുടെ സ്‌കൂള്‍ അധ്യാപകര്‍ അല്ലേ? മട്ടന്നൂര്‍ എന്‍എസ്എസ് കോളേജില്‍ അല്ലേ നിങ്ങള്‍ പഠിച്ചത്? യൂണിവേഴ്‌സിറ്റി ലെവലിലൊക്കെ മികച്ച നടന്‍ ആയിട്ടില്ലേ? അന്ന് മദ്രാസിലെ ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ ഒരു റേഡിയോ നാടകത്തില്‍ നിങ്ങള്‍ അഭിനയിച്ചിട്ടില്ലേ?' എന്നിങ്ങനെ ഒറ്റവീര്‍പ്പില്‍ അയാള്‍ എന്റേയും എന്റെ കുടുംബത്തിന്റെയും ഫുള്‍ ചരിത്രം പറയുകയാണ്. ഞാന്‍ പോലും മറന്നു പോയ കാര്യങ്ങളാണ്. പിന്നീടാണ് ഞാന്‍ മനസ്സിലാക്കുന്നത് എന്റേത് മാത്രമല്ല, മലയാള സിനിമയിലെ മിക്കവാറും ആളുകളുടെ ചരിത്രം അദ്ദേഹത്തിന് അറിയാം. ഞാന്‍ അയാളെ അന്തംവിട്ടു നോക്കി. അയാള്‍ കൈനീട്ടി, ഞാന്‍ ഷെയ്ക്ക് ഹാന്‍ഡ് ചെയ്തു. എന്നിട്ട് എന്നോട് പറഞ്ഞു. 'എന്റെ പേര് മമ്മൂട്ടി, ഞാന്‍ ഇതില്‍ അഭിനയിക്കാന്‍ വന്നതാണ്' - ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നു.
മമ്മൂട്ടിയുടെ ശബ്ദമായ ശ്രീനിവാസന്‍
ഇന്ന് തന്റെ ഗാംഭീര്യമുള്ള ശബ്ദം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിക്ക് വേണ്ടി തുടക്കകാലത്ത് ശ്രീനിവാസന്‍ ഡബ്ബ് ചെയ്തിരുന്നു എന്നത് പുതിയ തലമുറയ്ക്ക് ഒരുപക്ഷേ അവിശ്വസനീയമായി തോന്നാം. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വിധിച്ചതും കൊതിച്ചതും, ഒരു മാടപ്രാവിന്റെ കഥ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിക്ക് വേണ്ടി ശ്രീനിവാസന്‍ ശബ്ദം നല്‍കിയിരിക്കുന്നത്.
പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'നന്ദി വീണ്ടും വരിക' എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്റെ തൂലികയില്‍ പിറന്ന കഥാപാത്രമായി മമ്മൂട്ടി ആദ്യമായി വേഷമിടുന്നത്. പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. മഴയെത്തും മുന്‍പെ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ്, കഥ പറയുമ്പോള്‍എം. മോഹനന്‍, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഗോളാന്തര വാര്‍ത്ത, ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇവരുടെ സഹകരണത്തില്‍ പുറത്തുവന്നു.
ഇണക്കങ്ങളും പിണക്കങ്ങളും
ശ്രീനിവാസന്‍-മമ്മൂട്ടി സൗഹൃദം എപ്പോഴും നേര്‍രേഖയിലായിരുന്നില്ല. പലപ്പോഴും ഇരുവരും തമ്മിലുള്ള 'സൗന്ദര്യ പിണക്കങ്ങള്‍' വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ആത്മബന്ധത്തിന്റെ ആഴം കൊണ്ടാണ് ഇത്തരം പിണക്കങ്ങള്‍ ഉണ്ടാകുന്നതെന്ന് ശ്രീനിവാസന്‍ തന്നെ പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ സ്വഭാവത്തിലെ നിഷ്‌കളങ്കതയും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തുന്നു.
കല്യാണത്തിന് വരുമെന്ന് വാശി പിടിച്ച മമ്മൂട്ടി
തന്റെ വിവാഹവുമായി ബന്ധപ്പെട്ട ആ കഥ ശ്രീനിവാസന്റെ വാക്കുകളില്‍ ഇങ്ങനെ:
ഞാനും വിമലയും വിവാഹത്തിനുമുമ്പേ പരിചയക്കാരായിരുന്നു. പ്രണയം എന്നു വിശേഷിപ്പിക്കാന്‍ മാത്രമുള്ള ഒരടുപ്പമായിരുന്നു അതെന്നു പറയാന്‍ കഴിയില്ല. പ്രണയമെന്നും വേണമെങ്കില്‍ വിളിക്കാം. പ്രതീക്ഷകളൊന്നുമില്ലാത്ത, നാളെയെങ്ങനെയാകുമെന്നു മുന്‍ധാരണയില്ലാത്ത അന്നത്തെ ജീവിതത്തില്‍ കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. അച്ഛന്റെ കേസുകള്‍ വീടു പോലും നഷ്ടപ്പെടുത്തി. കൂത്തുപറമ്പില്‍ വാടകവീട്ടിലായിരുന്നു താമസം. ഞങ്ങളുടെ നാട്ടില്‍ വാടകയ്ക്കു താമസിക്കുക എന്നതു ഒരു കുറവു തന്നെയാണ്. അത്തരം നിരവധി കുറവുകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോഴാണ് വിമല എന്നെ മാത്രം മതിയെന്നു പറഞ്ഞ് ഒറ്റക്കാലില്‍ നില്‍ക്കുന്നത്. വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകളെല്ലാം മുടക്കി വിമല എനിക്കായി കാത്തിരിക്കുകയാണെന്നു മനസിലാക്കിയപ്പോള്‍ ഞാനവള്‍ക്ക് ജനുവരി 12നു നമ്മുടെ വിവാഹമാണു തയാറായിരിക്കണം എന്നു പറഞ്ഞൊരു കത്തയച്ചു.
വിമലയുടെ ആഗ്രഹം
കല്ല്യാണം രജിസ്ട്രാഫീസില്‍ വച്ചു നടത്താനാണ് പ്ലാനിട്ടത്. കല്യാണത്തിനു തലേന്നാണു നാട്ടിലെത്തിയത്. കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയ സുഹൃത്തു പറഞ്ഞു, 12-ാം തീയതി കല്യാണം നടക്കില്ല. അന്നു വസ്തു രജിസ്‌ട്രേഷന്റെ ബഹളമാണെന്ന്'. അങ്ങനെ, 13-ാം തീയതി കല്യാണം എന്നു തീരുമാനിച്ചു. ഇക്കാര്യം വിമലയെ എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കുമ്പോഴാണു വീട്ടിലേക്കു വിമല കയറിവരുന്നത്. വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു. വിമലയുടെ വീട്ടുകാര്‍ക്കു കല്യാണത്തില്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല. ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ മതി എന്ന ചിന്തയായിരുന്നു വീട്ടുകാര്‍ക്ക്. അതുകൊണ്ടു നേരിട്ടു വീട്ടില്‍ പോയി കാര്യങ്ങള്‍ അവതരിപ്പിക്കണം. ആര്‍ഭാടരഹിതമായ കല്യാണം അതാണെന്റെ ആഗ്രഹമെന്നു ഞാനും അറിയിച്ചു. വിമലയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ നല്ല രീതിയില്‍ കല്യാണം നടത്താന്‍ തുനിഞ്ഞിറങ്ങും. അതോടെ ചെലവുകള്‍ വര്‍ധിക്കും. കൈയില്‍ നാനൂറു രൂപയോളം മാത്രം. അതുകൊണ്ടു ബുദ്ധിപൂര്‍വം മുന്നോട്ടുനീങ്ങി. പക്ഷേ, അമ്മയുടെ മുന്നില്‍ കുടുങ്ങി. അന്നത്തെ അവസ്ഥയില്‍ പൊതുവെ ദുഃഖിതയായ അമ്മ, കല്യാണം എവിടെവച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കല്‍പ്പത്തില്‍ സ്വര്‍ണത്തിന്റെ താലി തന്നെയാണുള്ളത്. ആകെ പുലിവാലായി.
മമ്മൂട്ടിയുടെ വാശി
കണ്ണൂരില്‍ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതില്‍ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി കാണാന്‍ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോടു പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. തീര്‍ച്ചയായും കല്യാണത്തിനു വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി. കാരണം, മമ്മൂട്ടി അന്നു സ്റ്റാറാണ്. അദ്ദേഹം വന്നാല്‍ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. കാര്യങ്ങള്‍ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. മമ്മൂട്ടി കല്യാണത്തിനു വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമായി. വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ടു നിറവേറി. കല്യാണസമയത്തെ സാരിയും ബ്ലൗസുമടക്കമുള്ള വസ്ത്രങ്ങളെല്ലാം ഞാന്‍ വാങ്ങിനല്‍കണമെന്നതായിരുന്നു അത്. അങ്ങനെ ജനുവരി 13ന് കതിരൂര്‍ രജിസ്ട്രാഫീസില്‍ വച്ച് ഞങ്ങളുടെ കല്യാണം നടന്നു.




