മുംബൈ: മഹാഭാരതത്തിലെ ഭീഷ്മാചാര്യര്‍ക്ക് തുല്യമായാണ്, ഇന്ത്യന്‍ ബിസിനസ് ഇതിഹാസം രത്തന്‍ ടാറ്റയെ വിലയിരുത്തുന്നത്. ഭീഷ്മരെപ്പോലെ വിവാഹം കഴിക്കാത്ത അദ്ദേഹം, തന്റെ പൂര്‍വികര്‍ സമ്പാദിച്ചുവെച്ച സാമ്രാജ്യം വളര്‍ത്തി വലുതാക്കി. 1868-ല്‍ 21,000 രൂപ മുതല്‍ മുടക്കില്‍ ജംഷഡ്ജി ടാറ്റ തുടങ്ങിയ ഒരു ട്രേഡിങ് കമ്പനിയാണ് ഇന്ന് ആറു ഭൂഖണ്ഡങ്ങളില്‍, 150 രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ, ഏറ്റവും നിക്ഷേപമുളള ടാറ്റാ ഗ്രൂപ്പായി മാറിയത്. ഇന്ന് ഉപ്പുതൊട്ട് കര്‍പ്പൂരംവരെ ടാറ്റക്കുണ്ട്. ദൊറാബ്ജി ടാറ്റയും, ജാംഷെഡ്ജി ടാറ്റയും ടാറ്റഗ്രൂപ്പിനെവളര്‍ത്തി. പക്ഷേ ജംഷഡ്ജി ടാറ്റയുടെ രണ്ടാമത്തെ മകന്‍ രത്തന്‍ജി ടാറ്റയുടെ ദത്തുപുത്രനായ നവാല്‍ ടാറ്റയുടെ മകനായിരുന്ന രത്തന്‍ ടാറ്റയാണ് ഇന്നു കാണുന്ന ആഗോള സാമ്രാജ്യമാക്കി ടാറ്റയെ വളര്‍ത്തിയത് എന്നതില്‍ തര്‍ക്കമില്ല.

1990 മുതല്‍ 2012 വരെ രത്തന്‍ ടാറ്റ ചെയര്‍മാനായ കാലത്താണ് ടാറ്റ കുതിച്ചുകയറിയത്. സാമ്രാജ്യത്തിന്റെ വര്‍ഷം വരുമാനം വര്‍ഷം 38,200 കോടി ഡോളര്‍. ഏതാണ്ട് 32 ലക്ഷം കോടി രൂപ. അക്കാലത്ത്, പാക്കിസ്ഥാന്റെ ജിഡിപി 34,100 കോടി ഡോളറേയുള്ളു. ടാറ്റയേക്കാള്‍ 4,100 കോടി ഡോളര്‍ കുറവ്!

വെറുമൊരു ബിസിനസ് ഗ്രൂപ്പ് അല്ല ഇന്ത്യാക്കാര്‍ക്ക് ടാറ്റ. എങ്ങനെയും ലാഭം കൊയ്യുക എന്നതല്ല അവരുടെ രീതി. മറിച്ച് ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. തികഞ്ഞ മനുഷ്യസ്‌നേഹികളായ, ലാഭത്തിന്റെ പാതിയും ചാരിറ്റിക്കുവേണ്ടി ചെലവിടുന്നവരാണ് അവര്‍. അതുകൊണ്ടുതന്നെ വലിയ വികാരവായ്‌പ്പോടെയാണ് ഉത്തരേന്ത്യന്‍ ജനത ടാറ്റയെ കാണുന്നത്. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്നു രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞിട്ട് വര്‍ഷം 12 കഴിഞ്ഞിരുന്നു, എന്നിട്ടും അദ്ദേഹം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. നേതൃപദവിയില്‍നിന്ന് വിരമിക്കുകയാണ് എന്ന ടാറ്റയുടെ പ്രഖ്യാപനം സാധാരണക്കാരെ സങ്കടപ്പെടുത്തിയത് അദ്ദേഹത്തിനുള്ളിലെ മനുഷ്യസ്‌നേഹം ഒന്ന് കൊണ്ടു തന്നെയായിരുന്നു.

ടാറ്റാ കുടുംബത്തിനുനേരെ എപ്പോള്‍, ഭീഷണികള്‍ ഉയരുന്നുവോ അപ്പോഴെല്ലാം രത്തന്‍ ടാറ്റ ഭീഷ്മാചാര്യരെപ്പോലെ 'ആയുധ'മെടുക്കും. അതിന്റെ തെളിവാണ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രിക്ക് നേരെയുള്ള സമീപനം. രത്തനുശേഷം, ടാറ്റയുടെ ചെങ്കോലേറ്റു വാങ്ങാനുള്ള ദൗത്യം വന്നെത്തിയത് ടാറ്റ കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിക്കായിരുന്നു. ടാറ്റയുടെ ചരിത്രത്തില്‍ കുടുംബത്തിനു പുറത്തുനിന്നുള്ള ആദ്യത്തെ മേധാവി. പക്ഷേ മിസ്ത്രിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് പക്ഷേ നാലുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. രത്തന്‍ ടാറ്റയുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അതിനാടകീയമായി മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ എന്‍. ചന്ദ്രശേഖരന്‍ എന്ന നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തി.

കുടുംബത്തിനല്ല പ്രൊഫഷണലിസത്തിനാണ് മുന്‍തൂക്കം എന്നായിരുന്നു രത്തന്‍ ടാറ്റയുടെ സിദ്ധാന്തം. അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനുള്ള ടാറ്റയുടെ ഉത്തരവും ഇതുതന്നെയായിരുന്നു. നേതൃപദവിയുടെ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റാന്‍ നോയല്‍ ടാറ്റ പ്രാപ്തനല്ലായെന്നായിരുന്നു ടാറ്റയുടെ പക്ഷം.

നോയല്‍ ടാറ്റ വിചാരിച്ചിരുന്നെങ്കില്‍ സൈറസ് മിസ്ട്രിക്ക് പകരം ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് എത്താമായിരുന്നു.എന്നാല്‍ തന്നേക്കാള്‍ മികച്ച ബിസിനസ് ട്രാക്ക് റെക്കോര്‍ഡ്, കുടുംബത്തിന് പുറത്തുള്ളയാളായാലും, മിസ്ട്രിക്ക് തന്നെയാണെന്ന് നോയല്‍ ടാറ്റയും പറഞ്ഞു. അക്കാലത്ത് 83 ബില്യണ്‍ ഡോളറിലധികം വരുന്ന 100 കമ്പനികളിലെ തലപ്പത്തുള്ളവരില്‍ ടാറ്റയുടെ കുടുംബപ്പേരുള്ള ഒരേയൊരു വ്യക്തി നോയല്‍ ആയിരുന്നു. എന്നാല്‍ ചെയര്‍മാന്റെ റോള്‍ ഏറ്റെടുക്കാന്‍ നോയല്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴുള്ള രീതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു.

മിസ്ട്രിയെ പുറത്താക്കുന്നു

2012 ഡിസംബര്‍ 28-ന് 75-ാം വയസ്സിലാണ് രത്തന്‍ ടാറ്റ വിരമിക്കുന്നത്. പിന്നാലെ ടാറ്റയുടെ പിന്‍ഗാമിയാരെന്ന ചോദ്യവും ഉയര്‍ന്നു. ടാറ്റ കുടുംബത്തില്‍ നിന്നുള്ള നോയല്‍ ടാറ്റയ്ക്കും മറ്റും സാധ്യത കല്‍പ്പിച്ചപ്പോഴും അവസാനം നറുക്ക് വീണത് പല്ലോണ്‍ജി മിസ്ട്രിയുടെ മകനായിരുന്ന സൈറസ് പി. മിസ്ത്രിക്കായിരുന്നു. ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് എം.ഡി.യായിരുന്നു സൈറസ് മിസ്ട്രി. അവര്‍ക്ക് ടാറ്റ സണ്‍സില്‍ 18% ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം 2006 മുതല്‍ സൈറസ് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലുമുണ്ടായിരുന്നു. വിരമിക്കല്‍ പ്രായം 70 ആയതുകൊണ്ടു തന്നെ 2038 വരെ മിസ്ത്രി തുടരുമെന്ന ധാരണയ്ക്കിടയിലാണ് 2016-ലെ അപ്രതീക്ഷിത പുറത്താകല്‍.

രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. ഇതിനെതിരെ മിസ്ത്രി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. ഓഹരി ഉടമകളെ അടിച്ചമര്‍ത്തുന്നുവെന്നും അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൊട്ടുപിന്നാലെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. അസാധാരണ ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്തായിരുന്നു മിസ്ത്രിയെ പുറത്താക്കിയ നടപടിയെടുത്തത്.

ഇതിനെതിരെ മിസ്ത്രിയും ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും നല്‍കിയ പരാതി എന്‍.സി.എല്‍.ടി. തള്ളി. മിസ്ത്രിയുടെ ആരോപണങ്ങള്‍ തള്ളിയ ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ടാറ്റ ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പും ടാറ്റയും തമ്മിലുള്ള നിയമയുദ്ധം ഇതോടെ അവസാനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി മിസ്ത്രി ഇതിനെതിരെ അപ്പീല്‍ നല്‍കി. അപ്പീല്‍ ട്രിബ്യൂണല്‍ മിസ്ത്രിക്ക് അനുകുലമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ചെയര്‍മാന്‍ സ്ഥാനത്ത് മിസ്ത്രിയെ പുനഃസ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും മിസ്ത്രിയുടെ പുനര്‍ നിയമനം സ്റ്റേ ചെയ്യുകയുമുണ്ടായി. പുറത്താക്കല്‍ നടപടി സുപ്രീം കോടതി പിന്നീട് ശരിവെക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു രത്തന്‍ ടാറ്റയും സൈറസ് മിസ്ത്രിയും തമ്മിലുള്ള നിയമയുദ്ധം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മിസ്ത്രിയുടെ പുറത്താക്കലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാനായി തുടര്‍ന്നു. പിന്നീട് എന്‍. ചന്ദ്രശേഖരന്‍ ടാറ്റയുടെ തലപ്പത്തേക്കെത്തി.

സത്യത്തില്‍ മിസ്ട്രിയുടെ ഏകാധിപത്യ നടപടികള്‍ തന്നെയാണ് രത്തന്‍ ടാറ്റയെ ചൊടിപ്പിച്ചത്. ഒരിക്കലും കക്ഷിരാഷ്ട്രീയ ബന്ധം ഉണ്ടാക്കില്ല, ലോബീയിങ്ങിനായി പണം ചെലവഴിക്കില്ല, അനാവശ്യമായി ജീവനക്കാരെ പിരിച്ചുവിടില്ല എന്ന കാര്യങ്ങളൊക്കെ മിസ്ട്രി തെറ്റിച്ചു. അങ്ങനെ പിരിച്ചുവിടപ്പെട്ട ഒരു സാധു ജീവനക്കാരന്‍, ഇതൊന്നുമറിയാതെ വിശ്രമ ജീവിതം നയിക്കുന്ന രത്തന്‍ ടാറ്റയോട് പരാതി പറഞ്ഞതാണത്രേ, ഫലത്തില്‍ മിസ്ട്രിയുടെ കുഴി തോണ്ടിയത്. മുഴുവന്‍ സ്വത്തും പണയംവെച്ചിട്ടും ഒറ്റ ജീവനക്കാരനെയും പിരിച്ചുവിടാത്ത പാരമ്പര്യമാണ് ടാറ്റയുടേത് എന്ന് മിസ്ട്രി ഒരു വേള മറന്നുപോയി. രത്തന്‍ ടാറ്റയാവട്ടെ, ഒരു പുഴുവിനെ എടുത്തുകളയുന്ന ലാഘവത്തില്‍ അയാളെ എടുത്തു കളഞ്ഞ് കമ്പനി ഭരണം തിരിച്ച് പിടിക്കയും ചെയ്തു