അടൂര്‍: പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റിനാണ് ചുട്ടമറുപടി കിട്ടിയത്. ' അച്ഛന്റെ പേര് അറിയാത്തത് കൊണ്ടാണോ നീ നിന്റെ പേരിന്റെ കൂടെ കുഞ്ഞമ്മ എന്ന അമ്മയുടെ പേര് ചേര്‍ത്തത്' എന്നായിരുന്നു അഷംസ് കരീപ്രയുടെ അധിക്ഷേപകരമായ കമന്റ്. 'കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര് 'എന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ മറുപടി.

മറ്റുചില കമന്റുകളും അതിനുള്ള മറുപടിയും ഇങ്ങനെ:

കുഞ്ഞമ്മ, അകത്തമ്മ, കെട്ടിലമ്മ തുടങ്ങിയ സ്ഥാനപ്പേരുകള്‍ പണ്ട് രാജാവ് കല്‍പ്പിച്ചു നല്‍കിയതാണ്.തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കൊട്ടാര പരിസരത്ത് ഇത്തരം അമ്മമാരെ പാര്‍പ്പിച്ചിരുന്നു. അത് എന്തിനായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ നാറ്റക്കേസ് ആകും. എല്ലാവര്‍ക്കും കുഞ്ഞമ്മയാകാന്‍ പറ്റില്ലല്ലോ.

ശ്രീനാദേവി: അത് നിങ്ങളുടെ മാതാവിന്റെ ചരിത്രം ആയിരിക്കും.




സി.പി.ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട പ്രിജി ശശിധരന്‍, പെട്ടെന്ന് 'പ്രിജി കണ്ണന്‍' ആയി മാറിയതാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ഇത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ജി. കണ്ണന്റെ ജനപ്രീതി മുതലെടുക്കാനുള്ള സി.പി.ഐയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വിവാദത്തിന് പിന്നിലെന്ത്?

അന്തരിച്ച ജനപ്രിയ കോണ്‍ഗ്രസ് നേതാവ് എം.ജി. കണ്ണന്റെ ഭാര്യയാണ് സ്ഥാനാര്‍ത്ഥി എന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ നീക്കമെന്നാണ് പ്രധാന ആക്ഷേപം. കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഐഡിയില്‍ പേര് മാറ്റിയത് ചൂണ്ടിക്കാട്ടിയാണ് ശ്രീനാദേവിയുടെ വിമര്‍ശനം. 2020-2025 കാലയളവില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും, മൂന്നു മാസം മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കരീപ്ര പഞ്ചായത്തിലെ വാര്‍ഡില്‍ മത്സരിച്ചു തോറ്റപ്പോഴും പ്രിജിയുടെ പേരിനൊപ്പം 'ശശിധരന്‍' എന്നായിരുന്നു ഉണ്ടായിരുന്നത്. അടൂരിന്റെ ജനനേതാവായ എം.ജി. കണ്ണന്റെ യഥാര്‍ത്ഥ ഭാര്യ സജിത കണ്ണന്‍ ആണെന്നും, അദ്ദേഹത്തിന്റെ പേര് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള സിപിഐയുടെ തരംതാണ ശ്രമം വിലപ്പോവില്ലെന്നും ശ്രീനാദേവി ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീനാദേവി കുഞ്ഞമ്മ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍:

2022-ല്‍ വിവാഹിതയായ പ്രിജി, മൂന്ന് മാസം മുന്‍പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിച്ചപ്പോള്‍ പോലും 'പ്രിജി ശശിധരന്‍' എന്നായിരുന്നു പേര് നല്‍കിയിരുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പേര് മാറ്റിയത് എന്തിന്?

അടൂരിന്റെ പ്രിയപ്പെട്ട 'കണ്ണന്റെ' ഭാര്യ സജിത കണ്ണന്‍ ആണെന്നിരിക്കെ, സമാനമായ പേര് സ്വീകരിച്ച് വോട്ടര്‍മാരെ കുഴപ്പിക്കാനാണോ ഇടതുപക്ഷത്തിന്റെ ശ്രമം?

സ്വന്തം വാര്‍ഡില്‍ മൂന്ന് മാസം മുന്‍പ് പരാജയപ്പെട്ട ഒരാളെ കൊല്ലത്ത് നിന്നും അടൂരിലേക്ക് കൊണ്ടുവന്നത് ഭര്‍ത്താവിന്റെ പേര് 'കണ്ണന്‍' എന്നത് മാത്രമാണോ യോഗ്യത?

കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോള്‍ മണ്ഡലം ശ്രദ്ധിക്കാതെ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം സമ്മാനിച്ച വ്യക്തിയെ എന്തിന് അടൂരില്‍ പരീക്ഷിക്കുന്നു എന്ന ചോദ്യവും ശ്രീനാദേവി ഉയര്‍ത്തുന്നു.

യഥാര്‍ത്ഥ സജിത കണ്ണന്‍ ആര്?

എം.ജി. കണ്ണന്റെ ഭാര്യ സജിത കണ്ണന്‍ ആണെന്നും, അവരുടെ അച്ഛന്റെ പേര് ടി.കെ. ശശിധരന്‍ എന്നാണെന്നും ശ്രീനാദേവി ചൂണ്ടിക്കാട്ടുന്നു. പേരിലെ ഈ സമാനതകള്‍ വോട്ട് മോഷണത്തിനായി സി.പി.ഐ ദുരുപയോഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട്.

ശ്രീനാദേവി കുഞ്ഞമ്മയുടെ പോ്സ്റ്റിന്റെ പൂര്‍ണരൂപം:

ഉപ്പുപരലുകള്‍ പുറത്തു വീണ അട്ടകളെപ്പോലെ വല്ലാതെ അസ്വസ്ഥതപ്പെടുന്ന സിപിഐ നേതാക്കളെയാണ് ഇന്നും ഇന്നലെയുമായി സോഷ്യല്‍ മീഡിയയില്‍ കണ്ടത്.

സിപിഐ യുടെ അടൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റത്തെക്കുറിച്ച് പറഞ്ഞത് വീണ്ടും പറയുന്നു :

1. സ്ഥാനാര്‍ഥിയുടെ പേരിലെ 'ശശിധരന്‍' മാറ്റി 'കണ്ണന്‍' എന്നാക്കിയത് എം. ജി. കണ്ണന്റെ ഭാര്യയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു വോട്ട് മോഷണത്തിനല്ലേ?

2. 'കണ്ണന്‍' എന്ന് ഭര്‍ത്താവിന്റെ പേരുള്ള ഒരാളെത്തന്നെ സ്ഥാനാര്‍ഥി ആയി കൊണ്ടുവരണം എന്നതല്ലേ കൊല്ലം ജില്ലയുടെ അങ്ങേയറ്റം വരെ സഞ്ചരിച്ച് ഒരു സ്ഥാനാര്‍ഥിയെ പത്തനംതിട്ടയിലെ സിപിഐ നേതാക്കള്‍ക്ക് കണ്ടെത്തേണ്ടി വന്നത്?

3. നിങ്ങളുടെ സ്ഥാനാര്‍ഥി 'കണ്ണന്‍' എന്ന് പേരുള്ള ഭര്‍ത്താവിനെ വിവാഹം കഴിച്ചത് 2022 സെപ്റ്റംബറില്‍ അല്ലെ? 2026 മാര്‍ച്ച് 8 ന് അടൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥിയാണ് എന്ന പ്രഖ്യാപനം ഉണ്ടായശേഷം, മാര്‍ച്ച് 9 ന് രാവിലെ അല്ലെ, അവര്‍ സ്വന്തം പേരിലെ 'ശശിധരനെ' ഒഴിവാക്കി facebook പ്രൊഫൈലില്‍ ഉള്‍പ്പെടെ 'കണ്ണനെ' ചേര്‍ത്തത്?

4. പുരോഗമന പ്രസ്ഥാനം എന്ന് അഭിരമിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിശ്വാസികള്‍ക്ക് വിവാഹശേഷം ഭര്‍ത്താവിന്റെ പേര് സ്ത്രീകള്‍ സ്വന്തം പേരിനൊപ്പം ചേര്‍ക്കണം എന്ന യഥാസ്ഥിതിക മനോഭാവം ഉണ്ടെങ്കില്‍, അതൊക്കെ നിങ്ങളുടെ താല്പര്യം, പക്ഷെ, 2022 സെപ്റ്റംബര്‍ 14 മുതല്‍ 2026 മാര്‍ച്ച് 9 വരെ എന്തുകൊണ്ട് 'കണ്ണനെ' ഇവര്‍ പേരിനൊപ്പം ചേര്‍ത്തില്ല?

5. അവര്‍ വിവാഹശേഷം 3 വര്‍ഷവും 2 മാസവും കഴിഞ്ഞു കൊല്ലം ജില്ലയിലെ കരീപ്ര പഞ്ചായത്തിലെ സ്വന്തം വാര്‍ഡില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മത്സരിച്ച് തോറ്റപ്പോഴും എന്ത്കൊണ്ട് വിവാഹിതയായ സ്ത്രീ ഭര്‍ത്താവിന്റെ പേരായ 'കണ്ണനെ' ഒപ്പം ചേര്‍ക്കണം എന്ന് ചിന്തിച്ചില്ല? മൂന്ന് മാസങ്ങള്‍ക്കും മുന്‍പും, ഇന്നലെ വരെയും 'ശശിധരന്‍' ആയിരുന്നില്ലേ ഉണ്ടായിരുന്നത്?

6. വിജയസാധ്യത ഉള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതാണ് പൊതുശൈലി. പക്ഷെ 2020 ല്‍ ഇവര്‍ ജയിച്ച കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന സീറ്റില്‍ ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ശ്രീ ഫൈസല്‍ കുളപ്പാടം പതിനായിരത്തിലധികം ഭൂരിപക്ഷത്തില്‍ ജയിച്ചില്ലേ? അവര്‍ ആ സീറ്റ് 'മണ്ഡലം ശ്രദ്ധിക്കാതെ' 'യുഡിഎഫിന് നല്‍കിയ' ആളല്ലേ?

മൂന്ന് മാസം മുന്‍പ് സ്വന്തം പഞ്ചായത്തിലെ സ്വന്തം വാര്‍ഡില്‍ നിന്നും കൊല്ലം കരീപ്രയില്‍ വാര്‍ഡില്‍ തോറ്റ സ്ഥാനാര്‍ഥി ആണോ അടൂരിലെ സിപിഐയുടെ സ്ഥാനാര്‍ഥി ആകേണ്ടിയിരുന്നത്? അപ്പോള്‍ ഭര്‍ത്താവിന്റെ പേര് 'കണ്ണന്‍' എന്നാണ് എന്നുള്ളത് മാത്രമായിരുന്നോ ഈ സ്ഥാനാര്‍ഥിയുടെ merit?

7. വര്‍ഷങ്ങളോളം പ്രണയിച്ചിട്ടും മൂന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായിട്ടും അടൂരില്‍ സ്ഥാനാര്‍ഥി ആയപ്പോള്‍ ആണോ 'കണ്ണന്‍' എന്നാണ് ഭര്‍ത്താവിന്റെ പേര് എന്ന് അവര്‍ക്ക് ഓര്‍മ വന്നത്?

8. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയ്ക്ക് സ്വന്തം ഭര്‍ത്താവിനോടുള്ള സ്നേഹമല്ല, മറിച്ച് ഭര്‍ത്താവിനെ അകാലത്തില്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ജീവിതത്തില്‍ സമാനതകളില്ലാത്ത വേദന നല്‍കി, അയാളുടെ ഭാര്യ ആണെന്ന തോന്നല്‍ സൃഷ്ടിച്ച് വോട്ട് നേടാന്‍ അല്ലെ 'കണ്ണന്‍' എന്ന പേര് നിയമസഭ സ്ഥാനാര്‍ഥി ആയി വന്നപ്പോള്‍ എഴുതിചേര്‍ത്തത്?

9. സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ അടൂരിലെ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയത് 'ശശിധരന്‍' എന്ന് പറഞ്ഞല്ലേ, അവരാരും അടൂരിലെ കണ്ണനെ ദുരുപയോഗപ്പെടുത്തണം എന്ന് അറിഞ്ഞിരുന്നില്ല, എന്നല്ലേ?

10. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരിന്റെ കൂടെ ശശിധരന്‍ എന്നോ, രാജേന്ദ്രന്‍ എന്നോ, മുരളീധരന്‍ എന്നോ, എന്തായാലും അത് ഇവിടെ ആര്‍ക്കും വിഷയം അല്ല. പക്ഷെ എം. ജി. കണ്ണന്റെ പേരില്‍ വോട്ട് മോഷണം ആണ് ഉദ്ദേശം എങ്കില്‍ അത് അടൂരില്‍ നടക്കില്ല. എം. ജി. കണ്ണന്‍ അടൂരിന്റെ കണ്ണനാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സജിത കണ്ണന്‍ എന്നാണ്. എം. ജി. കണ്ണന്റെ ഭാര്യ സജിത കണ്ണന്റെ അച്ഛന്റെ പേര് ടി.കെ. ശശിധരന്‍ എന്നാണ്. അതുകൊണ്ട് പേരിലെ ആ സാധ്യത കൂടിഎല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ജില്ലയിലെ സിപിഐ നേതൃത്വവും ഉപയോഗിക്കുക.

M G Kannan