മുബൈ: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചകളില്‍ ഒന്നായി, വിലയിരുത്തപ്പെടുന്ന ഒന്നായിരുന്നു, ഏഷ്യന്‍ അതിസമ്പന്നനും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ ഇളയ സഹോദരന്‍ അനില്‍ അംബാനിയുടെ തകര്‍ച്ച. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന, ലോകത്തിലെ എറ്റവും വലിയ ധനികനില്‍ നിന്ന്, പാളീസായി പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന അനില്‍ അംബാനിയുടെ കഥ സമാനതകള്‍ ഇല്ലാത്തതായിരുന്നു. ജ്യേഷ്ഠന്‍ മുകേഷ് അംബാനി ലോകത്തിലെ 11-ാമത്തെ ധനികനായി വളരവേയാണ് അനിയന്റെ ഈ ദുരവസ്ഥ. ഒരുകാലത്ത് ജ്യേഷ്ഠനേക്കാള്‍ കേമാനായിരുന്നു അനുജന്‍. ആഗോള കോടീശ്വര പട്ടികയില്‍ 6-ാം സ്ഥാനം വരെ കണ്ടെത്താന്‍ അനില്‍ അംബാനിക്ക് സാധിച്ചിരുന്നു. എന്നാല്‍ എവിടെയോ വച്ച് താളം തെറ്റിയ അനില്‍ അംബാനിയുടെ സാമ്രാജ്യം കടങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2020-ല്‍ യുകെ കോടതിയില്‍ പാപ്പരത്വം പ്രഖ്യാപിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

വന്‍ കടക്കണിയിലായിരുന്നു അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍. ഇതില്‍ പണം നിക്ഷേപിച്ച ആയിരങ്ങളാണ് ആശങ്കയിലായിരുന്നത്. ഒടുവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ വന്നതോടെയാണ് നിക്ഷേപകര്‍ക്ക് ആശ്വാസമായത്. എന്നാല്‍ ഈ നടപടികള്‍ വൈകിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. പക്ഷേ ഇപ്പോഴിതാ ഹിന്ദുജ ഗ്രൂപ്പ് 2,750 കോടിയുടെ ആദ്യ ഗഡു അടച്ചിരിക്കയാണ്. ഇതോടെ റെസല്യൂഷന്‍ പ്ലാന്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പായി. ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇന്‍ഡസിന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സാണ്, 9,650 കോടി രൂപക്ക് റിലയന്‍സ് ക്യാപിറ്റലിനെ സ്വന്തമാക്കിയിരിക്കുന്നത്.

മുമ്പ് ഇടപാട് പൂര്‍ത്തീകരിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ നല്‍കിയ കാലവധി ഐഐഎച്ച്എല്ലിന് പാലിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. കമ്പനിയുടെ വാദങ്ങള്‍ പരിഗണിച്ച ട്രിബ്യൂണല്‍ സമയപരിധി നീട്ടി നല്‍കുകയും, ഇടപാടിന്റെ ഭാഗമായി ആദ്യ ഗഡു ഉടന്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ആദ്യ ഗഡു അടച്ചതോടെ ഇനി കമ്പനി പിന്‍മാറില്ലെന്ന് ഉറപ്പാണ്. കാരണം ഇനി പിന്‍മാറിയാല്‍ ഈ തുക കമ്പനിക്കു നഷ്ടമാകുമെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റെസല്യൂഷന്‍ പ്ലാനിന്റെ ഭാഗമായി നിര്‍ദേശിച്ചിരിക്കുന്ന ബാധ്യതകള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി നീട്ടണമെന്നും, ജൂലായ് 23ലെ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദുജ ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണല്‍. 2024 മെയ് 27നകം ഇടപാടുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തേ ബെഞ്ച് ഹിന്ദുജയ്ക്ക് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഇടപാടിനായി വായ്പ കണ്ടെത്താന്‍ കമ്പനിക്കു സാധിച്ചിരുന്നില്ല.തുടര്‍ന്ന് ജൂലൈ 23 ചേര്‍ന്ന എന്‍സിഎല്‍ടി ബോര്‍ഡ് ഓഗസ്റ്റ് 10 വരെ സമയം നീട്ടി നല്‍കുകയായിരുന്നു.

2024 ഫെബ്രുവരി 27-നാണ് റിലയന്‍സ് ക്യാപിറ്റലിനായുള്ള ഐഐഎച്ച്എല്ലിന്റെ 9,650 കോടി രൂപയുടെ റെസല്യൂഷന്‍ പ്ലാന്‍ എന്‍സിഎല്‍ടി അംഗീകരിച്ചത്. കമ്പനിയുടെ ഭരണ പ്രശ്നങ്ങളും, പേയ്മെന്റ് ഡിഫോള്‍ട്ടുകളും കണക്കിലെടുത്ത് 2021 നവംബറിലാണ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ക്യാപിറ്റലിന്റെ ബോര്‍ഡിനെ ആര്‍ബിഐ അസാധുവാക്കിയത്. റിലയന്‍സ് ക്യാപിറ്റലിന് 40,000 കോടിയിലധികം കടമുണ്ടായിരുന്നു. ഇപ്പോഴും റിലയന്‍സ് ക്യാപിറ്റലില്‍ പണം കുടുങ്ങി കിടക്കുന്ന നിരവധി നിക്ഷേപകരുണ്ട്. ഹിന്ദുജ ഏറ്റെടുക്കുന്നതോടെ തങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നു വിശ്വസിക്കുന്നവര്‍ ആണ് ഏറെയും. പക്ഷെ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബനിയെ സംബന്ധിച്ച് റിലയന്‍സ് ക്യാപിറ്റലിന്റെ കൊഴിഞ്ഞ്‌പോക്ക് ആശ്വാസമാണെന്നും ഇക്കണോമിക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിനു ശ്രമിക്കുകയാണ് അനില്‍ അംബാനി. ഓഹരി വിപണികളിലടക്കം അനില്‍ അംബാനിയുടെ കമ്പനികള്‍ തിരിച്ചുവരവ് അറിയിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അനില്‍ അംബാനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളില്‍ ഒന്നായ റിലയന്‍സ് പവര്‍ വീണ്ടും കടരഹിതമായിരിക്കയാണ്.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ അനില്‍ അംബാനി കമ്പനിക്ക്, ഏകദേശം 800 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ ഇടപാടില്‍ ഇതു വീട്ടി, ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശികകളെല്ലാം അടച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അനില്‍ അംബാനിയും കൂട്ടരും ഇതുസംബന്ധിച്ച ചര്‍ച്ചകളിലായിരുന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡിബിഎസ്, ഐഡിബിഐ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകളുമായി കമ്പനി നിരവധി ഡെബ്റ്റ് സെറ്റില്‍മെന്റ് കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരമുള്ള മുഴുവന്‍ ബാധ്യതകളും തീര്‍ത്തതോടെയാണ് കമ്പനി കടരഹിതമായിരിക്കുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന് നിലവില്‍ 38 ലക്ഷത്തിലധികം റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ 4016 കോടി രൂപയുടെ ഇക്വിറ്റി ബേസ് ഉണ്ട്. 3,960 മെഗാവാട്ട് സാസന്‍ യുഎംപിപിയും, ഉത്തര്‍പ്രദേശിലെ 1,200 മെഗാവാട്ട് റോസ തെര്‍മല്‍ പവര്‍ പ്ലാന്റും ഉള്‍പ്പെടെ 5,900 മെഗാവാട്ടിന്റെ പ്രവര്‍ത്തന ശേഷി കമ്പനിക്കുണ്ട്. ഇന്ത്യന്‍ ഊര്‍ജ വിപണിയിലെ മികച്ച സംരംഭങ്ങളില്‍ ഒന്നു തന്നെയാണ് കമ്പനി.

2008-ല്‍ ഏകദേശം 260.78 രൂപ രേഖപ്പെടുത്തിയ ഓഹരിയാണ് റിലയന്‍സ് പവറിന്റേത്. 2020 മാര്‍ച്ച് 27 ന് ഓഹരി വില ഏകദേശം 1.13 രൂപ വരെയെത്തി. നിലവില്‍ റിലയന്‍സ് പവര്‍ ഓഹരികളുടെ വില 26.15 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 65 ശതമാനത്തോളം റിട്ടേണ്‍ നല്‍കാന്‍ ഓഹരിക്കു സാധിച്ചു. കടങ്ങള്‍ തീര്‍ത്തതോടെ കമ്പനിക്ക് തിരിച്ചുവരവിന് സാധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു. ഓഹരി വില ഇനിയും കൂടാനും സാധ്യതയുണ്ട്.

2020-ല്‍ കടബാധ്യതയെ തുടര്‍ന്ന് അനില്‍ പാപ്പര്‍ ഹരജി നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ പവര്‍ കമ്പനി ഉണ്ടാക്കാനായി ലക്ഷക്കണക്കിന് കോടി കടമെടുത്തത് ഒരു കോര്‍പ്പറേറ്റ് ചൂതാട്ടമായിരുന്നു അനില്‍ നടത്തിയതെന്ന് വിമര്‍ശനമുണ്ട്. അവസാനം ചൈനീസ് ബാങ്കുകള്‍ അറസ്റ്റ് ചെയ്യുമെന്നായപ്പോള്‍ മുകേഷ് ആണ് 500 മില്യണ്‍ ഡോളര്‍ കൊടുത്ത് അനിയനെ ജയിലില്‍നിന്ന് നിന്ന് രക്ഷിച്ചത്. ഇന്നും മുകേഷ് അംബാനി കുടുംബം അനിലിന് പിന്നില്‍ ഉറച്ച പിന്തുണയുമായുണ്ട്. അനിലിന്റെ മക്കളായ ജയ് അന്‍മോല്‍ അംബാനി, ജയ് അന്‍ഷുല്‍ അംബാനി എന്നീ രണ്ടുപേരും ഇപ്പോള്‍ ബിസിനസിലുണ്ട്. മുകേഷ് അംബാനിയുടെയും മക്കളുടെയും പൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ട്. അനിയനോട് ഉള്ള ദേഷ്യം മുകേഷിന്റെ അനിയന്റെ മക്കളോട് ഇല്ല എന്നാണ് മുംബൈ ബിസിനസ് പത്രങ്ങള്‍ എഴുതുന്നത്. അവര്‍ എല്ലാവരും ചേര്‍ന്നാണ് ഇപ്പോള്‍ റിലയന്‍സിനെ കരകയറ്റിയിരിക്കുന്നത്.