- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴും അച്ഛന് മടങ്ങി വരണേ എന്ന് ശബ്ദസന്ദേശം അയയ്ക്കുന്ന മകന്‍; അനന്ത്നാഗുകാരുടെ ഹീറോ; കേണല്‍ മന്‍പ്രീത് സിങ്ങിന് കീര്‍ത്തിചക്ര സമ്മാനിക്കുമ്പോള്‍
അനന്തനാഗ്: 'പാപ്പാ ഒരിക്കലെങ്കിലും മടങ്ങി വരു, എന്നിട്ട് പാപ്പായ്ക്ക് ഡ്യൂട്ടി തുടരാം'-ഏഴുവയസുകാരന്‍ കബീര്‍ ഇപ്പോഴും ആ കടുത്ത യാഥാര്‍ഥ്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. പിതാവ് മടങ്ങി വരില്ലെന്ന് അറിയാതെ നിരന്തരം ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കുന്ന മകന്റെ കഥ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഒരു വീഡിയോ കോള്‍ അതുമതി കൊച്ചുകബീറിന്. അച്ഛനൊന്ന് വിളിക്കുന്നില്ലല്ലോ, എവിടെ പോയതാവും എന്നൊക്കെയാണ് അവന്‍ സങ്കടപ്പെടുന്നത്. സ്വാതന്ത്ര്യദിന തലേന്ന് സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേണല്‍ മന്‍പ്രീത് സിങ്ങിന് കീര്‍ത്തി ചക്ര നല്‍കി രാജ്യം […]
അനന്തനാഗ്: 'പാപ്പാ ഒരിക്കലെങ്കിലും മടങ്ങി വരു, എന്നിട്ട് പാപ്പായ്ക്ക് ഡ്യൂട്ടി തുടരാം'-ഏഴുവയസുകാരന്‍ കബീര്‍ ഇപ്പോഴും ആ കടുത്ത യാഥാര്‍ഥ്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. പിതാവ് മടങ്ങി വരില്ലെന്ന് അറിയാതെ നിരന്തരം ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കുന്ന മകന്റെ കഥ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഒരു വീഡിയോ കോള്‍ അതുമതി കൊച്ചുകബീറിന്. അച്ഛനൊന്ന് വിളിക്കുന്നില്ലല്ലോ, എവിടെ പോയതാവും എന്നൊക്കെയാണ് അവന്‍ സങ്കടപ്പെടുന്നത്. സ്വാതന്ത്ര്യദിന തലേന്ന് സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേണല്‍ മന്‍പ്രീത് സിങ്ങിന് കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിക്കുകയാണ്.
2023 സെപ്റ്റംബര്‍ 13 ന് അനന്ത്‌നാഗില്‍ ഉണ്ടായ ഭീകരാക്രമണത്തിലാണ് കേണല്‍ മന്‍പ്രീത് സിങ് വീരമൃത്യു വരിച്ചത്. ഗഡൂല്‍ ഗ്രാമത്തിലെ കാട്ടില്‍ ഭീകരരുമായി ഉണ്ടായ തീവ്രമായ ഏറ്റുമുട്ടല്‍ സംയുക്ത ഓപ്പറേഷന്റെ ഭാഗമായിരുന്നു. ധീരമായി പോരാടിയെങ്കിലും, കേണല്‍ സിങ്ങിനൊപ്പം, മേജര്‍ ആഷിഷ് ധോനാചക്, ജമ്മു-കശ്മീര്‍ പൊലീസ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട്, ജവാന്‍ പര്‍ദീപ് സിങ് എന്നിവര്‍ വീരമൃത്യു വരിച്ചു.
17 വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച കേണല്‍ മന്‍പ്രീത് സിങ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയ റൈഫിള്‍സ് 19ന്റെ ഭാഗമായിരുന്നു മന്‍പ്രീത് സിങ്. രാഷ്ട്രീയ റൈഫിള്‍സിലെ കാലാവധി പൂര്‍ത്തിയാക്കാന്‍ നാല് മാസം മാത്രം ശേഷിക്കേയാണ് വീരമൃത്യു വരിക്കുന്നത്. പഞ്ചാബിലെ ഭരോന്‍ജിയാനിലാണ് കേണല്‍ മന്‍പ്രീതിന്റെ കുടുംബം. ഭാര്യ ജഗ്മീത് ഗ്രെവാളും രണ്ട് മക്കളും അടങ്ങുന്നതാണ് മന്‍പ്രീത് സിങ്ങിന്റെ കുടുംബം.
അനന്ത്‌നാഗ് ജില്ലയിലെ ഏറ്റവും തീവ്രവാദ ബാധിത മേഖലകളായ ലര്‍ഖിപോര, സല്‍ദൂര, കോക്കര്‍നാഗ് എന്നിവിടങ്ങളിലെ ഹീറോ ആയാണ് കേണല്‍ സിങ് ആദരവോടെ ഓര്‍മ്മിക്കപ്പെടുന്നത്. ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ സൈനിക ഓഫീസറെ നാട്ടുകാര്‍ അന്നും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
കേണല്‍ സിങ്ങിന്റെ അഭാവം ഭാര്യ ജഗ്മീതിനെയും മക്കളായ കബീറിനെയും വാണിയെയും വല്ലാതെ ഉലച്ചിരിക്കുന്നു. ഇനിയൊന്നും പഴയതുപോലെ ആവില്ലെന്ന് ജഗ്മീതിന് അറിയാം. മക്കളുടെ പേരില്‍ രണ്ടു ചിനാര്‍ മരങ്ങള്‍ നട്ടിട്ട് താന്‍ 10 വര്‍ഷത്തിന് ശേഷം അവ കാണാന്‍ മടങ്ങിയെത്തുമെന്ന് കേണല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇനിയൊരിക്കലും അദ്ദേഹത്തിന് അത് കാണാന്‍ ആവില്ലെന്ന യാഥാര്‍ഥ്യം ജഗ്മീതിനെ വല്ലാതെ വേദനിപ്പിക്കുന്നു.
കശ്മീരിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടി തീവ്രമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു കേണല്‍ മന്‍പ്രീത് സിങ്. ചിലപ്പോള്‍ അര്‍ദ്ധരാത്രിയിലായിരിക്കും സഹായം തേടി ആളുകള്‍ വിളിക്കുക. ഒരുമടിയും കൂടാതെ അദ്ദേഹം അവര്‍ക്ക് സഹായം കിട്ടിയെന്ന് ഉറപ്പാക്കും.
നാട്ടുകാര്‍ തങ്ങളുടെ കുട്ടികളുടെ പിറന്നാള്‍ ആഘോഷത്തിനും ഈദ് ആഘോഷത്തിനും എല്ലാം കേണലിനെ ക്ഷണിച്ചിരുന്നു. അതൊരു വലിയ കുടുംബം പോലെയായിരുന്നു, ജഗ്മീത് പറഞ്ഞു. അദ്ദേഹത്തിന്റെ അവസാന വാക്കുകളും ജഗ്മീത് ഓര്‍ക്കുന്നു. വെറും 32 സെക്കന്‍ഡ് മാത്രം. ഞാന്‍ ഒരു ഓപ്പറേഷനിലാണ് എന്നായിരുന്നു ആ വാക്കുകള്‍. പിന്നീട് ആ ശബ്ദം കേട്ടിട്ടില്ല ജഗ്മീത്.
മയക്കുമരുന്നിന് അടിമകളായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, സ്ത്രീകളെ ശാക്തീകരിക്കുക, വിദ്യാഭ്യാസത്തിലൂടെയും, കായിക വിനോദങ്ങളിലൂടെയും സമൂഹത്തെ വളര്‍ത്തുക എന്നിവയിലൊക്കെ വ്യാപൃതനായിരുന്നു കേണല്‍ മന്‍പ്രീത് സിങ്. ഇത്രയും മാന്യമായ ഒരു ഓഫീസറെ കണ്ടിട്ടില്ല, നാട്ടുകാരനായ റയീസ് പറഞ്ഞു. മകന്‍ കബീറിനൊപ്പം കളിക്കുന്ന കേണലിനെയും റയീസ് ഓര്‍ക്കുന്നു. എന്തു പ്രശ്‌നമുണ്ടായാലും അന്തിമപരിഹാരത്തിനായി നാട്ടുകാരുടെ അത്താണിയായിരുന്നു കേണല്‍ മന്‍പ്രീത് സിങ്. കേണല്‍ ഇന്നില്ലെങ്കിലും അദ്ദേഹത്തെ രാജ്യം ആദരിക്കുമ്പോള്‍, നാട്ടുകാരും സല്യൂട്ട് ചെയ്യുന്നു ആ ധീരപോരാളിയെ.
കേണല്‍ മന്‍പ്രീത് സിങ്ങിനെ കൂടാതെ, കരസേനയില്‍ നിന്നുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കീര്‍ത്തി ചക്ര ലഭിച്ചു. സൈനികനായ രവി കുമാര്‍, മേജര്‍ എം നായിഡു എന്നിവരാണ് കീര്‍ത്തിചക്രയ്ക്ക് അര്‍ഹരായവര്‍. കേണല്‍ മന്‍പ്രീത് സിങ് രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു.