തിരുവനന്തപുരം: കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിലാണ് ഇപ്പോഴും വീട്ടുകാരും ബന്ധുക്കളും. എല്ലാവര്‍ക്കും നന്മകള്‍ മാത്രം ചെയ്യുന്ന മനുഷ്യന്‍. തന്നെക്കൊണ്ട് പറ്റാവുന്ന സഹായം എല്ലാവര്‍ക്കും ചെയ്യുന്ന മനുഷ്യന്‍. അതായിരുന്നു നവാസ്. വീടിനും നാടിനും എല്ലാം സര്‍വ്വോപകാരിയും. അതുകൊണ്ടു തന്നെ നവാസിന്റെ വേര്‍പാട് നാട്ടുകാര്‍ക്കും വേദനയാണ്. നവാസിന്റെ വീടിന്റെ തൊട്ട് അയല്‍പക്കക്കാരനും എപിജെ അബ്ദുല്‍ കലാം അടക്കമുള്ള മുന്‍ രാഷ്ട്രപതിമാരുടെ പേഴ്സണല്‍ സെക്യൂരിറ്റി സ്റ്റാഫിലുമുണ്ടായിരുന്ന അസീസ് നവാസിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.

എല്ലാവര്‍ക്കും ഉപകാരങ്ങള്‍ ചെയ്യുന്ന വ്യക്തിയായിരുന്നു. മാത്രമല്ല, എല്ലാവരോടും നിറഞ്ഞ സ്നേഹവും പുലര്‍ത്തിയിരുന്നു. അതിനുള്ള നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമീപത്തെ വീടുകളില്‍ പ്രായമായവരുണ്ടെങ്കില്‍ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തുന്ന ഒഴിവ് വേളകളിലെല്ലാം വീടുകളിലെത്തി അവരെ കാണുകയും സംസാരിക്കുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ നവാസ് കാറില്‍ പോകവേ റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പോവുകയായിരുന്നു. ഉടന്‍ അവിടെ ഇറങ്ങി ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയ ശേഷമാണ് അദ്ദേഹം പോയത്. നിരവധി പേര്‍ മുന്‍പും അതുവഴി കടന്നു പോവുകയും വെള്ളം പോവുന്നതു കാണുകയും ചെയ്തെങ്കിലും വാഹനം നിര്‍ത്തി അതില്‍ നിന്നും ഇറങ്ങി പ്രശ്നത്തിന് പരിഹാരം കാണുവാന്‍ നവാസിനു മാത്രമാണ് മനസുണ്ടായത്.

അതുപോലെ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ വലിയ മടല്‍ വാക്കത്തി വെച്ച് വെട്ടിയെടുക്കുകയായിരുന്നു. അതു വെട്ടിയെടുക്കാന്‍ പ്രയാസപ്പെടുന്നതു കണ്ട് നവാസ് അവിടേക്ക് വരികയും സഹായിക്കുകയും ചെയ്തു. മനസു നിറഞ്ഞായിരുന്നു അന്ന് ഭാര്യ അതേക്കുറിച്ച് സംസാരിച്ചതും. അങ്ങനെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ സഹായങ്ങള്‍ ചെയ്ത് നടന്നിരുന്ന മനുഷ്യന്‍ ആണല്ലോ ഇത്ര വേഗം മരണത്തിലേക്ക് പോയത് എന്നാണ് നവാസിന്റെ അയല്‍ക്കാരന്‍ പറഞ്ഞത്. അയല്‍ക്കാരനായി വരും മുന്നേ തന്നെ നവാസിനെ പരിചയമുണ്ടായിരുന്നു. തന്റെ മക്കളുടെ വിവാഹത്തിനടക്കം നവാസും ഭാര്യയും ഭാര്യ പിതാവ് ഹസ്സനാരും മക്കളും എല്ലാം ഒരുപോലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മക്കള്‍ക്കെല്ലാം നല്ല സ്നേഹമായിരുന്നു. പഠിക്കാനും മിടുക്കരാണ് അവരെല്ലാം. അവര്‍ക്ക് ഇനി നല്ലൊരു ഭാവി ഉണ്ടാകട്ടേ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. അയല്‍പക്കക്കാരുമായെല്ലാം നല്ല സ്നേഹത്തിലായിരുന്നു നവാസിന്റെ കുടുംബം.

എപ്പോള്‍ വേണമെങ്കിലും ആ വീട്ടിലേക്ക് ആര്‍ക്കും കയറിച്ചെല്ലാമായിരുന്നു. ഒരു അനിയനെ പോലുള്ള സ്നേഹമായിരുന്നു ഉണ്ടായിരുന്നത്. വീട്ടില്‍ ആരു ചെന്നാലും കഴിക്കാന്‍ ഭക്ഷണവും പാവപ്പെട്ടവന്‍, പണക്കാരന്‍ എന്നൊരു വ്യത്യാസമൊന്നുമില്ലാതെയാണ് നവാസ് പെരുമാറിയിരുന്നത്. തന്റെ മകന്‍ നിസാമിനോട് വളരെ സ്നേഹമായിരുന്നു നവാസിന്. എന്തു കാര്യമുണ്ടെങ്കിലും നിസാമിനെ വിളിച്ച് പറയുകയും ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോഴും അവന് നവാസില്ലായെന്ന സത്യം ഉള്‍ക്കൊള്ളാന്‍ അവനു കഴിഞ്ഞിട്ടില്ല. സങ്കടമടക്കാന്‍ കഴിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു എന്റെ മോന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

മാത്രമല്ല, കാണുമ്പോഴെല്ലാം അസീസ്‌ക്കാ.. നിങ്ങള് ശരീരം നോക്കണം കേട്ടോ.. എന്നൊക്കെ പറയുമായിരുന്നു. തടി കൂടിയിട്ടുണ്ട്. നടക്കണം എക്സൈസ് ചെയ്യണം എന്നൊക്കെ പറയുമായിരുന്നു. അതെല്ലാം ചെയ്തിരുന്നയാളായിരുന്നു നവാസ്. അടുത്തിടെ തന്റെ അനുജന്റെ വീട്ടിലെ വിവാഹത്തിന് കണ്ടപ്പോള്‍ നവാസ് മെലിഞ്ഞല്ലോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നന്നായി എക്സൈസ് ചെയ്യുന്നുണ്ട് എന്നായിരുന്നു നവാസിന്റെ മറുപടി. എന്നിട്ടും എന്താണ് അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ലായെന്നാണ് അസീസ് വേദനയോടെ പറഞ്ഞത്.