കൊച്ചി: നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് കരുത്തുറ്റ തിരിച്ചുവരവിനൊരുങ്ങിയ സംവിധായകന്‍ രഞ്ജിത്ത് ഇപ്പോള്‍ നിയമക്കുരുക്കില്‍പ്പെട്ട് ജയിലഴിക്കുള്ളിലാണ്. കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ്, സിനിമയെ വെല്ലുന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ലൈംഗികാതിക്രമ കേസില്‍ അദ്ദേഹം അറസ്റ്റിലായത്.

പ്രതീക്ഷയോടെ തുടങ്ങിയ 'രണ്ടാം വരവ്'

2018-ല്‍ പുറത്തിറങ്ങിയ 'ഡ്രാമ'യ്ക്ക് ശേഷം രഞ്ജിത്ത് പൂര്‍ണ്ണരൂപത്തില്‍ സംവിധാനം ചെയ്യുന്ന വലിയ ക്യാന്‍വാസിലുള്ള ചിത്രമായിരുന്നു ഇത്. തന്റെ കരിയറിലെ ഐക്കോണിക് കഥാപാത്രമായ 'കാരിക്കാമുറി ഷണ്‍മുഖനെ' (ബ്ലാക്ക്) വീണ്ടും വെള്ളിത്തിരയിലെത്തിച്ച് വലിയൊരു ഹിറ്റാണ് രഞ്ജിത്ത് ലക്ഷ്യമിട്ടിരുന്നത്. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ പ്രകാശ് വര്‍മ്മയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊച്ചിയിലും കോട്ടയത്തുമായി സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി പീഡനക്കേസ് ഉയര്‍ന്നുവന്നത്.

കാരവനിലെ അതിക്രമവും അറസ്റ്റും

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഫോര്‍ട്ട് കൊച്ചിയിലെ സെറ്റില്‍ വെച്ച് കാരവനില്‍ അതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി. ജനുവരിയില്‍ നടന്ന സംഭവത്തില്‍ കടുത്ത മാനസികാഘാതത്തിലായിരുന്ന നടി കഴിഞ്ഞ ആഴ്ചയാണ് സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് പരാതി നല്‍കിയത്. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ നടന്ന രഹസ്യ അന്വേഷണത്തിനൊടുവില്‍ തൊടുപുഴ മുട്ടത്തിന് സമീപം വെച്ചാണ് രഞ്ജിത്ത് പിടിയിലായത്.

'സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വ്യക്തിയാണ് രഞ്ജിത്ത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ മുമ്പും ഉള്‍പ്പെട്ടിട്ടുണ്ട്.'പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ.

നാടകീയ നീക്കങ്ങള്‍, പരാജയപ്പെട്ട സ്വാധീനങ്ങള്‍

അറസ്റ്റ് വിവരം മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം അറിഞ്ഞ രഞ്ജിത്ത് ഉന്നത ഉദ്യോഗസ്ഥരെയും മറ്റും ബന്ധപ്പെട്ട് നീക്കങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ആരും സഹായത്തിനെത്തിയില്ലെന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അദ്ദേഹം ജയിലിലേക്ക് പോകാന്‍ തയ്യാറാവുകയായിരുന്നു. 'എല്ലാം തെളിയും' എന്ന ഒറ്റവാക്കിലായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

തകരുന്ന സിനിമാ മോഹങ്ങള്‍

പഴയ കേസുകളില്‍ നിന്ന് ഹൈക്കോടതി കുറ്റവിമുക്തനാക്കി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ കേസ് അദ്ദേഹത്തെ തേടിയെത്തുന്നത്. ലൈംഗികാതിക്രമ പരാതിയില്‍ രഞ്ജിത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചി മരടിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഇന്ന് രാവിലെ ഹാജരാക്കിയ അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

സിനിമാ സെറ്റിലുണ്ടായിരുന്ന പലര്‍ക്കും നടിക്കുണ്ടായ ദുരനുഭവം അറിയാമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മാനഭംഗം, ലൈംഗികാതിക്രമം തുടങ്ങിയ അതീവ ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാക്കുന്ന രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.