ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ സിപിഎം വേദികളില്‍ സാന്നിധ്യമാകുന്ന ബംഗാളി നടി ശ്രീലേഖ മിത്രയെ ബംഗാളിലെ സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. ബംഗാളില്‍ പാര്‍്ട്ടിയുടെ പുനര്‍ജീവനത്തിന് ശ്രീലേഖ മിത്രയെ പോലുള്ളവരുടെ പിന്തുണ അനിവാര്യതയുമാണ്. പാര്‍്ട്ടി ബംഗാളില്‍ തകര്‍ന്നടിഞ്ഞിട്ടും ഒന്നും പ്രതീക്ഷിക്കാതെ ഇടത് രാഷ്ട്രീയം ചര്‍ച്ചയാക്കിയ നടി. ബംഗാളില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന സിപിഎമ്മിനു നടിയുടെ വരവ് കരുത്താകുമെന്നാണ് വിശ്വാസവുമുണ്ട്.

കുറച്ചു നാള്‍മുമ്പ് ഉടനെ പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ഇങ്ങനെ: 'അങ്ങനെയാണോ തോന്നുന്നത്? എന്നാല്‍ അങ്ങനെയാവട്ടെ'. ഇതോടെ ചര്‍ച്ചകളും സജീവമായി. താന്‍ അന്നും ഇന്നും ഉറച്ച ഇടത് അനുഭാവിയാണ്. അക്കാര്യം ഇടതു നേതാക്കള്‍ക്കും വ്യക്തമായി അറിയാം. എന്റെ പിന്തുണയും അവര്‍ക്കാണ് ഇതായിരുന്നു ശ്രീലേഖയുടെ മറുപടി. അങ്ങനെ സിപിഎമ്മിന് വേണ്ടി നിലകൊള്ളുന്ന നടിയുടെ വാക്കുകളെയാണ് കേരളത്തിലെ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിശ്വാസത്തിലെടുക്കാത്തത്. ചലച്ചിത്ര അക്കാദമിയ ചെയര്‍മാന്‍ പ്രഗത്ഭ സിനിമാക്കാരനാണെന്നും അതുകൊണ്ട് തന്നെ പരാതിയെ പൂര്‍ണ്ണ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും ആയിരുന്നു സജി ചെറിയാന്‍ നല്‍കിയ സന്ദേശം. ഇത് സിപിഎം കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും കടുത്ത അതൃപ്തിയിലാണ്. ഇത് തന്നെയാണ് വൃന്ദാകാരാട്ട് പരസ്യ പ്രതികരണത്തിന് എത്താന്‍ കാരണമായതും.

സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികില്‍സയിലാണ്. എങ്കിലും കേന്ദ്ര നേതൃത്വം സ്ഥിതിഗതികള്‍ വിലയിരുത്തി. ഹേമാ കമ്മറ്റിയില്‍ കരുതലോടെ പ്രതികരിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം ശ്രീലേഖ മിത്രയുടെ കാര്യത്തില്‍ രോഷാകുലരാണ്. സിപിഎം സംസ്ഥാന നേതൃത്വത്തെ അവര്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകും. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി ഇടതു നിലപാടിനെതിരായ പ്രസ്താവനയാണ് നടത്തിയതെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. കരുതല്‍ ഇല്ലാത്ത പ്രവര്‍ത്തിയായി പോയെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ കേരളത്തില്‍ മാത്രമാണ് സിപിഎം ഭരണമുള്ളത്. അതുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎമ്മിലെ ഇന്ത്യയിലെ തന്നെ കരുത്തന്‍. അതിനാല്‍ സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള കരുത്ത് സിപിഎം നേതൃത്വത്തിനില്ലെന്നതാണ് വസ്തുത.

ശ്രീലേഖ മിത്ര പരാതി നല്‍കുമെന്നും അതിന് ശേഷം നടപടികളുണ്ടാകുമെന്നും വൃന്ദാ കാരാട്ട് അറിയിച്ചിട്ടുണ്ട്. പരാതി കിട്ടിയാല്‍ രഞ്ജിത്തിന് രാജിവയ്‌ക്കേണ്ടി വരുമെന്ന സന്ദേശമാണ് വൃന്ദാ കാരാട്ടും നല്‍കുന്നത്. ആരോപണവിധേയനായ സംവിധായകന്‍ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിട്ടുണ്ട്. സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രി എന്നതിനേക്കാള്‍ കേരളത്തിനൊരു സാസ്‌കാരിക ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സിനിമയിലെ പവര്‍ഗ്രൂപ്പിന്റെ മന്ത്രിമാരായി മാറി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ പരാതിയില്ലാതെ കേസെടുക്കാവുന്നതാണെന്ന് കെ.എന്‍ ബാലഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും വേട്ടക്കാരന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്' -രാഹുല്‍ ആരോപിച്ചു. രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി. ഈ സാഹചര്യമെല്ലാം സിപിഎം കേന്ദ്ര നേതൃത്വവും ഗൗരവത്തോടെ കാണുന്നുണ്ട്.