മുംബൈ: തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് ഇന്ത്യന്‍ രൂപ. കഴിഞ്ഞ ഒരാഴ്ചയായി രൂപയെ തകര്‍ക്കാന്‍ ശ്രമിച്ച ഊഹക്കച്ചവടക്കാര്‍ക്ക് (Speculators) റിസര്‍വ് ബാങ്ക് ശക്തമായ പൂട്ടിട്ടതോടെ, കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റയടിക്കുള്ള നേട്ടമാണ് വ്യാഴാഴ്ച വിപണിയില്‍ രേഖപ്പെടുത്തിയത്. നേരിട്ടുള്ള ഇടപെടലുകള്‍ പരാജയപ്പെട്ട ഇടത്തുനിന്നാണ് ആര്‍ബിഐയുടെ പുതിയ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ഫലം കണ്ടത്.

നാടകീയമായ കുതിപ്പ്

ബുധനാഴ്ച ഡോളറിനെതിരെ 95.21 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ രൂപ, വ്യാഴാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോള്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ 92.83 വരെ കരുത്താര്‍ജ്ജിക്കാന്‍ രൂപയ്ക്കായി. ഒടുവില്‍ മുന്‍പത്തെ ക്ലോസിംഗിനേക്കാള്‍ 1.8 ശതമാനം നേട്ടവുമായി 93.10 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്.

യുദ്ധഭീതിയില്‍ തകര്‍ന്ന രൂപയെ രക്ഷിക്കാന്‍ ആര്‍ബിഐയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ വെറുതെ ഡോളര്‍ വിറ്റഴിക്കുന്നതിന് പകരം, വിപണിയില്‍ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്ന ഊഹക്കച്ചവടക്കാരെയാണ് ഇത്തവണ ആര്‍ബിഐ പൂട്ടിയത്. ഇറക്കുമതിക്കാരും കയറ്റുമതിക്കാരും ബാങ്കുകളും തങ്ങളുടെ പൊസിഷനുകള്‍ സുരക്ഷിതമാക്കാന്‍ നെട്ടോട്ടമോടിയതോടെ വിപണിയില്‍ വലിയ ചലനങ്ങളുണ്ടായി. 92.83-നും 93.66-നും ഇടയില്‍ അതിശക്തമായ ഉലച്ചിലുകള്‍ പ്രകടിപ്പിച്ച ശേഷമാണ് രൂപ നേട്ടത്തിലേക്ക് സ്ഥിരത കൈവരിച്ചത്. കറന്‍സി പ്രതിസന്ധിയുടെ വക്കില്‍ നിന്ന രാജ്യത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ തിരിച്ചുവരവ്. വിദേശ വിപണിയില്‍ ഡോളര്‍ പൂഴ്ത്തിവെച്ചവര്‍ക്കും രൂപ താഴുമെന്ന് ബെറ്റ് വെച്ചവര്‍ക്കും കോടികളുടെ നഷ്ടമാണ് ഈ നീക്കത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

സിംഗപ്പൂരിലും ലണ്ടനിലും കറന്‍സി വെച്ച് കളിച്ചവര്‍ക്ക് എട്ടിന്റെ പണി!

ഇറാന്‍-അമേരിക്ക സംഘര്‍ഷം ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോള്‍, ഇന്ത്യന്‍ രൂപയെ തകര്‍ക്കാന്‍ ശ്രമിച്ച രാജ്യാന്തര സ്‌പെക്കുലേറ്റര്‍മാരെ പൂട്ടാന്‍ റിസര്‍വ് ബാങ്ക് രംഗത്തിറങ്ങി. 2026-ന്റെ തുടക്കം മുതല്‍ ഇതുവരെ ഡോളറിനെതിരെ 3.48 ശതമാനം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്. എന്നാല്‍ ബുധനാഴ്ച ആര്‍ബിഐ നടപ്പിലാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ വിപണിയില്‍ വന്‍ ചലനമുണ്ടാക്കി.

ആര്‍ബിഐയുടെ പ്രധാന നീക്കങ്ങള്‍

ബാങ്കുകളുടെ കറന്‍സി പൊസിഷനുകള്‍ 100 ദശലക്ഷം ഡോളറായി ആര്‍ബിഐ പരിമിതപ്പെടുത്തി. ഏപ്രില്‍ 10-നകം ഇത് നടപ്പിലാക്കണമെന്നാണ് കര്‍ശന നിര്‍ദ്ദേശം. രൂപയുടെ മൂല്യത്തില്‍ ഊഹക്കച്ചവടം നടത്താന്‍ സഹായിക്കുന്ന 'നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ്' (NDF) കരാറുകള്‍ നല്‍കുന്നതില്‍ നിന്ന് ബാങ്കുകളെ വിലക്കി. ഇന്ത്യയിലുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇത് ബാധകമാണ്.

കയറ്റുമതി-ഇറക്കുമതി ആവശ്യങ്ങള്‍ക്കായി ഫോറെക്‌സ് കരാറുകള്‍ നല്‍കാമെങ്കിലും, വിദേശ വിപണികളിലെ (Offshore) പൊസിഷനുകള്‍ ഉപയോഗിച്ച് ഇത് ലാഭകരമാക്കാന്‍ ഇനി സാധിക്കില്ല.

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയ്ക്കുള്ളില്‍ നടക്കുന്നതിനേക്കാള്‍ വലിയ കച്ചവടമാണ് വിദേശ രാജ്യങ്ങളില്‍ രൂപയെ വെച്ച് നടക്കുന്നത്.

ഇന്ത്യയില്‍ പ്രതിദിനം 72 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടക്കുന്നു. വിദേശത്താകട്ടെ (സിംഗപ്പൂര്‍, യുകെ, യുഎസ്, ഹോങ്കോങ്ങ്) പ്രതിദിനം 149 ബില്യണ്‍ ഡോളര്‍! ഇന്ത്യയ്ക്ക് പുറത്തുള്ള ഈ വമ്പന്‍ 'ചൂതാട്ടം' രൂപയുടെ മൂല്യത്തെ അസ്ഥിരപ്പെടുത്തുന്നു എന്ന് കണ്ടാണ് ആര്‍ബിഐ ഈ കടുത്ത നടപടി സ്വീകരിച്ചത്. ഇതോടെ യുദ്ധത്തിന്റെ മറവില്‍ രൂപയെ തകര്‍ത്ത് പണം കൊയ്യാന്‍ നോക്കിയ വമ്പന്‍ സ്രാവുകള്‍ വെട്ടിലായിരിക്കുകയാണ്.

ഡോളര്‍ പൂഴ്ത്തിവെച്ചവര്‍ വിറ്റൊഴിയുന്നു

വ്യാഴാഴ്ച വിപണി തുറന്നതോടെ, അതുവരെ ഡോളര്‍ കരുതിവെച്ചിരുന്ന (Long Position) ബാങ്കുകള്‍ കൂട്ടത്തോടെ അവ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരായി. നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് (NDF) മാര്‍ക്കറ്റില്‍ ആര്‍ബിഐ പൂട്ടുവീഴ്ത്തിയതോടെയാണ് ഈ നാടകീയ നീക്കങ്ങള്‍ അരങ്ങേറിയത്.

വിദേശത്തെ കറന്‍സി ചൂതാട്ടം നിലച്ചതോടെ, യഥാര്‍ത്ഥ ആവശ്യക്കാര്‍ (Hedgers) ഇന്ത്യന്‍ വിപണിയിലേക്ക് തന്നെ മടങ്ങിയെത്തി. ഇതോടെ ആഭ്യന്തര വിപണിയില്‍ ഡോളറിനായി വന്‍ തിരക്ക് അനുഭവപ്പെട്ടു.വരും മാസങ്ങളില്‍ ഡോളര്‍ ബുക്ക് ചെയ്യാനുള്ള ചെലവ് (Forward Premium) കുത്തനെ ഉയര്‍ന്നു. ഒരു മാസത്തെ ഫോര്‍വേഡ് പ്രീമിയം 3.73 ശതമാനത്തില്‍ നിന്ന് 5.4 ശതമാനത്തിലേക്ക് കുതിച്ചു. നാല് മാസം വരെയുള്ള കരാറുകളിലും ഒരു ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി.

വിദഗ്ധര്‍ പറയുന്നത്

ബാങ്കുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേല്‍ ആര്‍ബിഐ കടിഞ്ഞാണിട്ടതാണ് ഈ മാറ്റത്തിന് കാരണമെന്ന് ഷിന്‍ഹാന്‍ ബാങ്ക് ട്രഷറി വിഭാഗം മേധാവി കുനാല്‍ സോധാനി വ്യക്തമാക്കി. 'നെറ്റ് ഓപ്പണ്‍ പൊസിഷനുകളില്‍ (NOP) നിയന്ത്രണം വന്നതോടെ ബാങ്കുകള്‍ക്ക് ഇനി തോന്നിയ പോലെ കളിക്കാനാവില്ല. സ്വന്തം നിലയില്‍ വലിയ തോതില്‍ ഡോളര്‍ ശേഖരിച്ചുവെക്കാനുള്ള (Proprietary Books) അവസരവും ഇല്ലാതായി. ഇതോടെ യഥാര്‍ത്ഥ ആവശ്യക്കാര്‍ ആഭ്യന്തര വിപണിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. ഇത് സ്വാഭാവികമായും ഫോര്‍വേഡ് പ്രീമിയം ഉയരാന്‍ കാരണമായി.' - അദ്ദേഹം പറഞ്ഞു.

ചുരുക്കത്തില്‍, യുദ്ധത്തിന്റെ പേരില്‍ ഡോളര്‍ പൂഴ്ത്തിവെച്ച് ലാഭമുണ്ടാക്കാന്‍ നോക്കിയവര്‍ക്ക് ഇനി ഇന്ത്യന്‍ വിപണിയില്‍ നിന്ന് രക്ഷപെടുക എളുപ്പമല്ല. രൂപയുടെ മൂല്യം സുരക്ഷിതമാക്കാന്‍ ആര്‍ബിഐ എടുത്ത ഈ കടുത്ത തീരുമാനം വിപണിയില്‍ വലിയ അച്ചടക്കത്തിന് വഴിതുറന്നിരിക്കുകയാണ്.

'രൂപയുടെ മൂല്യം വര്‍ദ്ധിക്കുമ്പോള്‍, ഭാവിയിലെ പേയ്മെന്റുകള്‍ക്കായി കുറഞ്ഞ നിരക്കില്‍ ഡോളര്‍ മുന്‍കൂട്ടി വാങ്ങാനുള്ള (lock in) അവസരമായാണ് ഇറക്കുമതിക്കാര്‍ ഇതിനെ കാണുന്നത്. ഇത് ഫോര്‍വേഡ് യുഎസ് ഡോളറിന് (Forward USD) വലിയ തോതിലുള്ള ഡിമാന്‍ഡ് സൃഷ്ടിക്കുകയും പ്രീമിയം നിരക്കുകള്‍ ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യുന്നു,' സിആര്‍ ഫോറെക്‌സ് (CR Forex) മാനേജിംഗ് ഡയറക്ടര്‍ അമിത് പബാരി പറഞ്ഞു.

ബാങ്കര്‍മാരുടെ അഭിപ്രായത്തില്‍, ഏപ്രില്‍ 10-ലെ സമയപരിധി നീട്ടിനല്‍കാന്‍ റിസര്‍വ് ബാങ്ക് (RBI) തയ്യാറായേക്കില്ല. ഫെബ്രുവരി 28-ന് പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ വന്‍ ഇടിവിന് പ്രധാന കാരണം ഊഹക്കച്ചവടമാണെന്നാണ് (speculation) വിലയിരുത്തല്‍. മാര്‍ച്ചില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 4 ശതമാനത്തിലധികം ഇടിഞ്ഞു, ഇതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി രൂപ മാറി.

'കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യം ഡോളറിന് 94.85 എന്ന നിലവാരത്തിലെത്തിയതിന് പിന്നാലെ, കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ആര്‍ബിഐ രണ്ട് പ്രധാന നടപടികള്‍ സ്വീകരിച്ചു. രൂപയുടെ ഇടിവ് നിയന്ത്രിക്കാന്‍ ആര്‍ബിഐ ശക്തമായി ശ്രമിക്കുന്നതായാണ് കാണുന്നത്. ബാങ്കുകളുടെ നെറ്റ് ഓണ്‍ഡ് ഫണ്ട് (NOF) 100 ദശലക്ഷം ഡോളറായി കുറയ്ക്കുകയും, ബാങ്കുകള്‍ അവരുടെ പൊസിഷനുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നത് തടയുകയും ചെയ്തു,' ഫിന്റെക്‌സ് ട്രഷറി അഡൈ്വസേഴ്‌സ് എല്‍എല്‍പിയിലെ ട്രഷറി വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനില്‍ കുമാര്‍ ഭന്‍സാലി പറഞ്ഞു.

'വെള്ളിയാഴ്ച അവധിയായതിനാല്‍, എന്‍ഡിഎഫ് (NDF), ഒടിസി (OTC) വിപണികളിലെ തങ്ങളുടെ മൊത്തത്തിലുള്ള പൊസിഷനുകള്‍ ബാങ്കുകള്‍ തീര്‍പ്പാക്കുന്നതോടെ (square up), തിങ്കളാഴ്ച രൂപയുടെ മൂല്യം 92.50 നും 93.50 നും ഇടയിലുള്ള നിരക്കില്‍ വ്യാപാരം ആരംഭിക്കാനാണ് സാധ്യത,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിദദ്ധന്‍ ബൈജു സ്വാമിയുടെ കുറിപ്പ് കൂടി വായിക്കാം

എന്റെ ബോസ് എപ്പോളും പറയുന്ന ഒരു വാചകമുണ്ടായിരുന്നു.

Never fight the Big Daddy, in the market even in your own courtyard.

ഇന്ന് ഞാന്‍ ആ ഉപദേശം ഓര്‍ത്തു. കഴിഞ്ഞ ദിവസമാണ് INR ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ട് രാജ്യം ഒരു കറന്‍സി ക്രൈസിസിന്റെ വക്കിലെത്തിയത്. ഡോളര്‍ വില്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഏതാണ്ട് 89 രൂപ മുതല്‍ രൂപയെ ഡിഫന്‍ഡ് ചെയ്തു ചെയ്ത് റിസേര്‍വ് ബാങ്ക് പോലും ക്ഷീണിക്കുന്ന അവസ്ഥ. ക്രൂഡ് വില കൈ വിട്ട് പോകുന്നത് മാത്രമല്ല, എക്‌സ്‌പോര്‍ട്ട് മുഴുവന്‍ നിലച്ചത് മൂലം ഡോളറിന്റെ സപ്‌ളൈ അടുത്ത മൂന്ന് മാസത്തെ ഫോര്‍വേഡ് പ്രീമിയ 5% എന്ന അതീവ ഗുരുതര അവസ്ഥ. പക്ഷെ എന്റെ ബോസ് പറയാറുള്ളത് പോലെ men were separated from boys.

ഇന്ന് കറന്‍സി സ്‌ക്രീന്‍ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് പ്രളയം പോലെ ആണ് ഡോളര്‍ സപ്ലൈ. കാരണം എന്തെന്നറിയാന്‍ മെക്ളൈയിലെ പഴയ സുഹൃത്തിനെ വിളിച്ചപ്പോളാണ് സംഗതി പിടികിട്ടിയത്. റിസേര്‍വ് ബാങ്ക് സകല ഇന്റര്മീഡിയറിയോടും പറഞ്ഞു ഫോറെക്‌സ് NDF നിര്‍ത്തിയേക്കാന്‍. അത് ഇമ്പോര്‍ട്ടര്‍ ആയാലും എക്‌സ്‌പോര്‍ട്ടര്‍ ആയാലും ബാങ്കിന്റെ സ്വന്തം എക്‌സ്‌പോഷര്‍ ആയാലും എല്ലാവരും non deliverable forward എല്ലാം നിര്‍ത്തിയേക്കാന്‍. അതായത് ഡോളര്‍ long ആയിട്ട് സ്‌പെക്കുലേറ്റ് ചെയ്യാനുള്ള സകല ഇടപാടും ഉടനെ തന്നെ വിറ്റ് മാറിയില്ലെങ്കില്‍ വിവരമറിയും എന്നാണ് അര്‍ഥം. യുദ്ധത്തിന്റെ മറവില്‍ ഊഹക്കച്ചവടം നടത്താന്‍ ഇറങ്ങിയ കറന്‍സി സ്‌പെക്കുലേറ്റര്‍സിന്റെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാല്‍ ബാങ്കുകള്‍ക്കിട്ട് പണി കൊടുക്കുമെന്നാണ് അര്‍ഥം. കൂടാതെ നാളെ വെള്ളിയാഴ്ച്ച ആയത് കൊണ്ട് റിപ്പോര്‍ട്ടിങ് ഫ്രൈഡേ യുമാണ്. നില്‍ക്കക്കള്ളി ഇല്ലാതെ സകല ഡോളര്‍ ബുള്‍സും നഷ്ടത്തില്‍ ഡോളര്‍ വിറ്റ് തലയൂരേണ്ടി വന്നു. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എഴുതിയത് പോലെ സോറസുമാര്‍ക്കുള്ള സന്ദേശമാണ് റിസേര്‍വ് ബാങ്ക് കൊടുത്തത്. അങ്ങനെ രൂപ ഒന്നര ദശാബ്ദത്തിലെ ഏറ്റവും വലിയ ഏക ദിന തിരിച്ചുവരവിലൂടെ 95 ല്‍ നിന്ന് 92.35 വരെ ഉയര്‍ന്നു. സകല സ്‌പെക്കുലേറ്ററുടെയും നിക്കര്‍ ഊരി പോയി. അവരുടെ നഷ്ടം ഏതാണ്ട് 30 ബില്യണ്‍ ഡോളര്‍ ആണെന്നാണ് grapevine.

ഈ സംഭവം എനിക്ക് വാറന്‍ ബഫറ്റിന്റെ വിശ്വ പ്രസിദ്ധമായ ഒരു ഡയലോഗ് ഓര്‍മിപ്പിച്ചു.

Only when the tide goes out do you discover who's been swimming naked. അത് പോലെ എന്റെ അമ്മയെയും ഓര്‍മ്മ വന്നു. അമ്മ പറയുമായിരുന്നു.

തല നരച്ചവരെ ഓരോ പ്രശ്നം ഉണ്ടാകുമ്പോള്‍ എന്ത് ചെയ്യണം എന്ന് നീയൊന്നും ഉപദേശിക്കേണ്ട. അവര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്.