കൊല്‍ക്കത്ത: ആര്‍ ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് ആരോപണം. ഡോക്ടറെ കൊലപ്പെടുത്തിയത് യാദൃശ്ചികമായ സംഭവമല്ലെന്നും പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളടക്കമുള്ള പല സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും ആരോപണമുണ്ട്. അതിനിടെ നീതിയ്ക്കായുള്ള പോരാട്ടം തുടരുകയാണ്. ഇരയുടെ ഡയറിയിലും നിര്‍ണ്ണായക വിവരങ്ങളുണ്ട്.

കോളേജില്‍ നടക്കുന്ന സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൊലചെയ്യപ്പെട്ട ഡോക്ടര്‍ തന്റെ സഹപ്രവര്‍ത്തകരോടാപ്പം അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഇത്തരം പരാതികള്‍ ഇല്ലാതാക്കാന്‍ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് ആക്ഷേപം. വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു തങ്ങളുടെ ഏക മകളെന്ന് ഡോക്ടറുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് വിഷമമുണ്ടാകുമെന്ന് കരുതി കോളേജില്‍ നടക്കുന്ന കൂടുതല്‍ വിവരങ്ങള്‍ തങ്ങളെ അറിയിച്ചിരുന്നില്ല. അവളുടെ ഡയറിയില്‍ പലകാര്യങ്ങളും കുറിച്ചിട്ടുണ്ടെന്നും അച്ഛന്‍ സ്ഥിരീകരിച്ചു. പ്രതിഷേധം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

മെഡിക്കല്‍ കോളേജിലെ ഉന്നതര്‍ മുതല്‍ താഴെ തട്ടിലുള്ളവര്‍വരെ ലഹരി അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ കണ്ണികളാണെന്നും ആക്ഷേപമുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിനെതിരെ പല കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഉന്നതസ്വാധീനംമൂലം എല്ലാം മുക്കി. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരു തവണ ഇയാളെ സ്ഥലം മാറ്റിയെങ്കിലും വൈകാതെ തിരിച്ചെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജയ് റോയ് ഈ ചങ്ങലയിലെ പ്രധാന കണ്ണികളില്‍ ഒരാളാണ്. ജൂനിയര്‍ ഡോക്ടറെ മനപ്പൂര്‍വ്വം കൊന്നുവെന്ന വാദമാണ് ഇതോടെ ശക്തമാകുന്നത്. മുന്‍ പ്രിന്‍സിപ്പലിനേയും അറസ്റ്റു ചെയ്യേണ്ടി വരും. ബംഗാളില്‍ മമത സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ്.

പൊലീസിലെ സിവില്‍ വളന്റിയര്‍ ആയ സഞ്ജയ് റോയ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും ഉന്നത രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്. മുമ്പ് നാല് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാള്‍ക്ക് കോളേജ് അധികൃതരുമായും അടുത്ത ബന്ധമുണ്ട്. നാലു വര്‍ഷമായി ഇവിടെയുള്ള ഇയാള്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലാണ് ജോലിയെങ്കിലും മറ്റ് വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലും ഇടപെടാറുണ്ടായിരുന്നുവെന്നാണ് ആരോപണം. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മമത സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ആളിപ്പടരുകയാണ്.

കോളേജിന് മുന്നിലെ സമരം അടിച്ചമര്‍ത്താന്‍ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് ഞായറാഴ്ചയും പ്രതിഷേധവുമായി ആയിരങ്ങളെത്തി. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിന് മുന്നില്‍ ചിര വൈരികളായ മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ആരാധകരെ ഭയന്ന് ഞായറാഴ്ച നടത്താനിരുന്ന മത്സരം സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ, ദേശീയപതാകയും ക്ലബുകളുടെ കൊടിയുമായി ആരാധകര്‍ നഗരം വളഞ്ഞു. പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. വിവിധ ഫുട്ബോള്‍ ക്ലബുകള്‍ ചൊവ്വാഴ്ച വന്റാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിസിപ്പല്‍ ഉള്‍പ്പടെ യുള്ളവരെ ഞായാറാഴ്ച സിബിഐ ചോദ്യം ചെയ്തു. അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസിലും ഭിന്നത ശക്തമായി. തൃണമൂല്‍ എംപി സുഖേന്തു ശേഖര്‍ റോയ്യോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൊല്‍ക്കത്ത പൊലീസ് ആവശ്യപ്പെട്ടു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുഖേന്തു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സുഖേന്തുവിന്റെ ആവശ്യം തൃണമൂല്‍ നേതൃത്വം തള്ളി.