കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആര്‍ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം സിപിഎം വേദിയില്‍ എത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തകളായിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി അവര്‍ രംഗത്തുവന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവിടെ സംസാരിച്ചതെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

''കലാകാരി എന്നനിലയില്‍ പല പ്രസ്ഥാനങ്ങളുടെയും പല പരിപാടികളിലും ഞാന്‍ ഭാഗമായിട്ടുണ്ട്. ഇതിനുംമുന്‍പും അങ്ങനെയാണ്. ഇപ്പോഴും അങ്ങനെ ഞാന്‍ പലവേദികളിലും വരുന്നുണ്ട്. ഇത് രാഷ്ട്രീയ വിഷയമാണെന്ന രീതിയില്‍ വിവാദമാക്കേണ്ട കാര്യമില്ല. കെ.ജെ. ഷൈനിനു നേര്‍ക്കുണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ സംഘടിപ്പിച്ച പ്രതിരോധ പരിപാടിയില്‍ റിനി പങ്കെടുത്തു എന്നരീതിയിലാണ് പലമാധ്യമങ്ങളും വാര്‍ത്ത കൊടുത്തത്. എന്നാല്‍, കെ.ജെ. ഷൈന്‍ എന്ന സ്ത്രീയെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല ആ പരിപാടി നടത്തപ്പെട്ടത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരേ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ തുടങ്ങിയവയ്ക്കെതിരേ നടക്കുന്ന പെണ്‍പ്രതിരോധം എന്ന പരിപാടിയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവിടെപോയതും എന്റെ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിച്ചതും. നിങ്ങള്‍ക്ക് എന്റെ പ്രസംഗം മുഴുവനും നോക്കാം. എവിടെയെങ്കിലും ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രീയത്തിന് വേണ്ടി, അല്ലെങ്കില്‍ സംഘടനയ്ക്ക് വേണ്ടി സംസാരിക്കുകയോ അവര്‍ക്കെതിരേ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ഞാന്‍ എന്തു പോയിന്റ് ആണോ ഇതുവരെ മുന്നോട്ടുവെച്ചത് അതേകാര്യങ്ങള്‍ തന്നെയാണ് അവിടെയും മുന്നോട്ടുവെച്ചത്. ചിലര്‍ ഞാന്‍ സിപിഎം സ്ഥാനാര്‍ഥിയായി പറവൂരില്‍ മത്സരിക്കുമെന്ന സാങ്കല്‍പിക കഥകള്‍ സൃഷ്ടിച്ചുവിടുന്നു. ഞാന്‍ ഒരു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന് പോലും ചിന്തിച്ചിട്ടില്ല. എന്റെ സ്ത്രീപക്ഷ രാഷ്ട്രീയനിലപാട്, അത് ഏത് വേദിയിലാണെങ്കിലും ഇനിയും അത് തുടര്‍ന്ന് സംസാരിക്കും'', റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമെതിരേ കഴിഞ്ഞദിവസമാണ് 'പെണ്‍പ്രതിരോധം' എന്ന പേരില്‍ സിപിഎം കഴിഞ്ഞദിവസം പറവൂരില്‍ പരിപാടി സംഘടിപ്പിച്ചത്. കെ.കെ. ശൈലജ, കെ.ജെ. ഷൈന്‍ തുടങ്ങിയ സിപിഎം നേതാക്കള്‍ പങ്കെടുത്ത വേദിയിലാണ് റിനി ആന്‍ ജോര്‍ജും സംസാരിച്ചത്. പ്രസംഗത്തിനിടെ കെ.ജെ. ഷൈന്‍, റിനിയെ സിപിമ്മിലേക്ക് സ്വാഗതംചെയ്യുകയും ചെയ്തിരുന്നു.