റിയോഡി ജനീറോ: ബ്രസീലിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടി ആഘോഷിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ റിയോ ഡി ജനീറോയിലെ തെരുവുകളില്‍ എത്തി. റിയോ കാര്‍ണിവല്‍ പ്രതാപത്തിന്റെ തിളക്കത്തോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ആഘോഷത്തിനായി രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ തെരുവുകളില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്.

ഏകദേശം ഒരു ആഴ്ച നീണ്ടുനിന്ന പരേഡുകള്‍, തെരുവ് പാര്‍ട്ടികള്‍, സാംബ സ്‌കൂളുകളില്‍ നിന്നുള്ള ഓപ്പണ്‍ എയര്‍ പ്രകടനങ്ങള്‍ എന്നിവയും അരങ്ങ് തകര്‍ത്തു. ആഷ് ഫെസ്ററിവല്‍ 1723 ലാണ് ആദ്യമായി ആരംഭിച്ചത്. സംഗീതജ്ഞര്‍, താളവാദ്യക്കാര്‍, സ്റ്റില്‍റ്റ് കലാകാരന്മാര്‍ എന്നിവര്‍ ആയിരക്കണക്കിന് ആളുകളെയാണ് തെക്കേ അമേരിക്കന്‍ രാജ്യത്തേക്ക് എത്തിക്കുന്നത്. ശബ്ദായമാനമായ തെരുവ് പാര്‍ട്ടികള്‍ക്കും വര്‍ണ്ണാഭമായ പ്രദര്‍ശനങ്ങള്‍ക്കും ഇത് ലോകപ്രശസ്തമാണ്.




ഈ പരിപാടിയുടെ പ്രധാന ഹൈലൈറ്റ് വലിയ സംഘടിത നൃത്ത പരേഡുകളാണ്. സാംബ സ്‌കൂളുകള്‍ രാത്രികളില്‍ വലിയ ഫ്ലോട്ടുകളിലും വിപുലമായ വസ്ത്രധാരണങ്ങളോടെയും നൃത്തം ചെയ്യുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ഈ വര്‍ഷം ഏകദേശം 65 ദശലക്ഷം ആളുകള്‍ റിയോയിലെ തെരുവുകളില്‍ എത്തിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22% വര്‍ദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം നിരവധി സെലിബ്രിറ്റികള്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു.




ഇതിഹാസ മുന്‍ ചെല്‍സി, റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആന്‍സെലോട്ടിയും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയ്‌ക്കൊപ്പമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രശസ്തരായ മറ്റ് പല ബ്രസീലുകാരും നാട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി മറ്റ് സ്ഥലങ്ങളില്‍ നിന്നും എത്തിയിട്ടുണ്ട്.