- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലദേശിലേക്കുള്ള തിരിച്ചുപോകുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്; ദിവസവും അതിര്‍ത്തി കടക്കുന്നത് നൂറിലധികം പേര്‍; എസ്ഐആറിനെ ഭയന്നുള്ള പരക്കംപാച്ചിലെന്ന് സൂചന; മടങ്ങുന്നവര്‍ എസ്ഐആര്‍ നടപ്പാക്കി കഴിയുമ്പോള്‍ പിടിക്കപ്പെടുമെന്നു പേടിച്ചും പോലീസ് പരിശോധനകളില്‍ ഭയപ്പെടുന്നവരെന്നും ബിഎസ്എഫ് വൃത്തങ്ങള്‍
ബംഗ്ലദേശിലേക്കുള്ള തിരിച്ചുപോകുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്
കൊല്‍ക്കത്ത: എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളില്‍ അതിര്‍ത്തി വഴി ബംഗ്ലദേശിലേക്കു കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്. തെക്കന്‍ ബംഗാള്‍ മേഖലയില്‍ ഇന്ത്യ - ബംഗ്ലദേശ് അതിര്‍ത്തി വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ബംഗ്ലദേശികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും എസ്‌ഐആര്‍ ആകാം ഇതിനു കാരണമെന്നുമാണ് ഏജന്‍സി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുവച്ചു നോക്കുമ്പോള്‍ നോര്‍ത്ത് 24 പര്‍ഗന്‍സാസ്, മാല്‍ഡ ജില്ലകളില്‍നിന്നുള്ള ഈ തിരിച്ചുപോക്കില്‍ വലിയ കുതിപ്പ് ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ''നേരത്തെ ഇത്തരം തിരിച്ചുപോക്കുകള്‍ വല്ലപ്പോഴുമേ രണ്ടക്കത്തില്‍ തൊടുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും മൂന്നക്കം കടന്നാണ് ഈ എണ്ണം നില്‍ക്കുന്നത്. ചില റിപ്പോര്‍ട്ടുകള്‍ 500 പേര്‍ ദിവസവും കടക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ശരിയല്ല. നൂറോ നൂറ്റമ്പതോ അതിലും കുറച്ചുകൂടിയോ മറ്റോ ആണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 300ല്‍ താഴെ വരെയെ ഇതെത്തിയിട്ടുള്ളൂ'' ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.
അതേസമയം പെട്ടെന്നൊരു വര്‍ധന വന്നത് ബിഎസ്എഫും പോലീസും പരിശോധിച്ചു വരികയാണ്. ഇങ്ങനെ അതിര്‍ത്തി കടക്കുന്ന ആളുകളുടെ പരിശോധനകള്‍ രണ്ട് അതിര്‍ത്തിയിലും നടത്തുന്നുണ്ട്. ബയോമെട്രിക് പരിശോധന കൂടാതെ ചോദ്യം ചെയ്യലും ക്രിമിനല്‍ പശ്ചാത്തല പരിശോധനയും ഇരു അതിര്‍ത്തിസേനകളും ചെയ്യുന്നുണ്ട്. ഇതുവഴി ഇവിടെന്തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തു മുങ്ങുന്നവരാണോയെന്നും കണ്ടെത്താനാകും.
''ശരിക്കും രേഖകളില്ലാതെ ഇന്ത്യയില്‍ കഴിഞ്ഞിട്ട് തിരിച്ചുപോകുന്നവരാണെങ്കില്‍ അവര്‍ക്ക് കൃത്യമായ നടപടിക്രമങ്ങളിലൂടെ പോകേണ്ടിവരും പിന്നീട് ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലദേശ് (ബിജിബി) സേനയ്ക്ക് ഇവരെ കൈമാറും. ബിജിബി അവരെ സ്വീകരിക്കുകയാണെങ്കില്‍ ബംഗ്ലദേശിലേക്കു പ്രവേശിപ്പിക്കും, ഇല്ലെങ്കില്‍ തിരിച്ചയയ്ക്കും. അപ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് മറ്റു നടപടിക്രമങ്ങളെടുക്കേണ്ടിവരും. ഇവര്‍ക്കാര്‍ക്കും കൃത്യമായ പാസ്‌പോര്‍ട്ടുകളോ യാത്രാ രേഖകളോ ഉണ്ടാകില്ല.
കൃത്യമായ രേഖകള്‍ ഇല്ലാത്തവരാണ് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നത്. പലരും വര്‍ഷങ്ങള്‍ക്കുമുന്‍പേ തന്നെ ജീവിക്കാനായി ബംഗാളില്‍ എത്തിയവരായിരിക്കും. ചിലര്‍ കാലാവധി കഴിഞ്ഞു താമസിക്കുന്നവരായിരിക്കും. ഇപ്പോള്‍ എസ്‌ഐആര്‍ നടപ്പാക്കി കഴിയുമ്പോള്‍ പിടിക്കപ്പെടുമെന്നു പേടിച്ചു കടക്കുന്നവരോ നിലവിലെ പൊലീസ് പരിശോധന നടക്കുന്നതില്‍ പേടിക്കുന്നവരോ ആണ് ഇവരെല്ലാം'' ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം എസ്ഐആറിനെതിരെ കടുത്ത എതിര്‍പ്പാണ് ബംഗാള്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. എസ്‌ഐആറിനെതിരെ കൊല്‍ക്കത്തയില്‍ അതിനെതിരെ നടന്ന റാലിക്ക് മമത ബാനര്‍ജി നേതൃത്വം നല്‍കിയിരുന്നു. ബംഗാളിലെ എല്ലാ ജനങ്ങളും എസ്ഐആര്‍ ഫോം പൂരിപ്പിക്കുന്നത് വരെ താന്‍ അത് പൂരിപ്പിക്കില്ലെന്നും മമത പറഞ്ഞു.ബൂത്ത് ലെവല്‍ ഓഫീസറില്‍ (ബിഎല്‍ഒ) നിന്ന് നേരിട്ട് എസ്ഐആര്‍ ഫോം സ്വീകരിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വ്യക്തമാക്കിയിരുന്നു.
ഭവാനിപുര്‍ നിയമസഭാ മണ്ഡലത്തിലെ 77-ാം നമ്പര്‍ ബൂത്തിന്റെ ചുമതലയുള്ള ബിഎല്‍ഒ ബുധനാഴ്ച മമതയുടെ വീട്ടില്‍ നേരിട്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മമത എന്യൂമറേഷന്‍ ഫോം കൈപ്പറ്റിയതായ പ്രചാരണമുണ്ടായത്. എന്നാല്‍ തന്റെ വീട്ടിലെത്തിയ ബിഎല്‍ഒ ഫോം വിതരണം ചെയ്തതായി സ്ഥിരീകരിച്ച മമത, താന്‍ നേരിട്ട് സ്വീകരിച്ചുവെന്ന പ്രചാരണത്തെയാണ് തള്ളിയത്.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്രമായ പരിഷ്‌കരണ നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ വോട്ടര്‍മാരുടെ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മുഴുവന്‍ നടപടിയും പരിശോധിക്കാന്‍ കോടതി ഇടപെടണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.




