റിയാദ്: ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല ഗ്രൗണ്ടിന് പുറത്തും തൊട്ടതെല്ലാം പൊന്നാക്കി ആരാധകരെ ഞെട്ടിക്കുകയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ ലോക റെക്കോര്‍ഡും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളതിന്റെ റെക്കോര്‍ഡുമെല്ലാം ഉള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്വന്തമായൊരു യുട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും ലോക റെക്കോര്‍ഡിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇന്നലെ 'UR Cristiano' എന്ന ചാനലിലൂടെ യുട്യൂബില്‍ അരങ്ങേറിയ റൊണാള്‍ഡോ ആദ്യ മണിക്കൂറില്‍ തന്നെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. പുതിയ ചാനല്‍ ആരംഭിച്ച് ഒരു ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയത്തിനുള്ളില്‍ (90 മിനിറ്റ്) 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി റെക്കോര്‍ഡിട്ട റൊണാള്‍ഡോ, ഒറ്റ ദിവസം കൊണ്ട് ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സുമായി വീണ്ടും പുതിയ റെക്കോര്‍ഡിട്ടു.

യുട്യൂബ് ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ യുട്യൂബിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി. 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടി സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമാണ്. ഓരോ നിമിഷവും കുതിച്ചുയരുകയുമാണ്. നിലവില്‍ എക്‌സില്‍ 11.25 കോടി പേരാണ് റൊണാള്‍ഡോയെ പിന്തുടരുന്നതെങ്കില്‍ ഫേസ്ബുക്കില്‍ 17 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 63.6കോടി പേരും റൊണാള്‍ഡോയെ പിന്തുടരുന്നവരാണ്.

ഇന്നലെയാണ് റൊണാള്‍ഡോ തന്റെ യുട്യൂബ് ചാനല്‍ തുടങ്ങുന്നതായി പ്രഖ്യാപിച്ചത്. കാത്തിരിപ്പ് അവസാനിച്ചു. എന്റെ യുട്യൂബ് ചാനലിതാ, സബ്‌സ്‌ക്രൈബ് ചെയ്യൂ, എന്റെ ഈ പുതിയ യാത്രയില്‍ നിങ്ങളും കൂടെ ചേരൂ എന്ന അഭ്യര്‍ത്ഥനയോടെയായിരുന്നു റൊണാള്‍ഡോ യുട്യൂബ് ചാനല്‍ തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ആദ്യ ദിനം ടീസറുകളും വീഡിയോകളും പങ്കുവെച്ച റൊണാള്‍ഡോ മണിക്കൂറുകള്‍ക്കകം തന്റെ ചാനലിന് യുട്യൂപ് നല്‍കിയ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ മക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സില്‍വറും ഗോള്‍ഡും ഡയമണ്ടും റെഡും ഡയമണ്ടുമെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ റൊണാള്‍ഡോ സ്വന്തമാക്കും. നിലവില്‍ 31.3 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള MrBeast ആണ് യുട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനല്‍. റൊണാള്‍ഡോ ഇത് മറികടക്കുന്ന കാലം വിദൂരമല്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

നിലവില്‍ സൗദി ക്ലബ് അല്‍ നസ്ര്‍ താരമായ ക്രിസ്റ്റ്യാനോയുടെ യുട്യൂബ് ചാനലിന് ആദ്യ ദിവസം തന്നെ വന്‍ വരവേല്‍പാണു ലഭിച്ചത്. ആദ്യ വിഡിയോ പോസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ലക്ഷക്കണക്കിനു പേരാണു സബ്‌സ്‌ക്രൈബേഴ്‌സായത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ 11.25 കോടിയും ഫെയ്‌സ്ബുക്കില്‍ 17 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 63.6 കോടിയുമാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്‌സ്.

ബുധനാഴ്ചയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം യുട്യൂബ് ചാനല്‍ ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഉടന്‍തന്നെ താരത്തിന്റെ ചാനല്‍ ആരാധകര്‍ ഏറ്റെടുത്തു. 90 മിനിറ്റിനുള്ളില്‍ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു. ആറു മണിക്കൂര്‍ പിന്നിടുമ്പോഴേയ്ക്കും ഇത് 60 ലക്ഷത്തിനു മുകളിലായി. പിന്നാലെ, ഒറ്റ ദിവസം കൊണ്ട് ഒരു കോടി സബ്‌സക്രൈബേഴ്‌സ് എന്ന റെക്കോര്‍ഡും സൂപ്പര്‍താരം സ്വന്തമാക്കി.

ഗോള്‍ഡണ്‍ പ്ലേബട്ടണ്‍ തുറക്കുന്നതിന്റെ വീഡിയോയും താരം ചാനലിലൂടെ പങ്കുവെച്ചു. തന്റെ കുടുംബത്തിനൊപ്പമാണ് ഗോള്‍ഡണ്‍ പ്ലേബട്ടണ്‍ തുറന്നത്. റൊണാഡോയുടെ മക്കള്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാം.'എന്റെ കുടുംബത്തിന് ഒരു സമ്മാനം. എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും നന്ദി!', താരം കുറിച്ചു.

ഏഴു ദിവസം കൊണ്ട് ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ ഹാംസ്റ്റര്‍ കോംബാറ്റിന്റെ റെക്കോര്‍ഡാണ് സൂപ്പര്‍താരം തിരുത്തിയത്. ഇന്ന് ഉച്ചയാകുമ്പോഴേയ്ക്കും ഒന്നരക്കോടിയിലധികം പേരാണ് സൂപ്പര്‍താരത്തിന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്.

"കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവില്‍ എന്റെ യുട്യൂബ് ചാനല്‍ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ' - റൊണാള്‍ഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു. ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ വിഖ്യാതമായ ഗോളാഘോഷവുമായി ചേര്‍ത്ത് 'സിയൂബ്‌സ്‌ക്രൈബ്' (SIUUUbscribe) എന്നാണ് താരം കുറിച്ചത്. പിന്നാലെ ഗോള്‍ഡ് പ്ലേ ബട്ടണ്‍ ലഭിച്ച സന്തോഷവും താരം ആരാധകരുമായി പങ്കുവച്ചു.