തൃശ്ശൂര്‍: മുന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സര്‍വകലാശാലകളില്‍ എങ്ങനെ സംഘപരിവാറിന് ഇടപെടല്‍ നടത്താമെന്ന വഴി മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തത്. സംസ്ഥാന സര്‍ക്കാറിനെ വെള്ളം കുടിപ്പിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. ഇതിന് പിന്നാലെ എത്തിയ രാജേന്ദ്ര ആര്‍ലേക്കര്‍ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ഒത്തുപോകുന്ന നിലപാടാണ് സ്വീകരിച്ചത് എങ്കിലും പിന്നീട് ആ നയം മാറ്റി. സര്‍ക്കാറിന് തലവേദനയുണ്ടാക്കുന്ന സമീപനമാണ് സമീപകാലത്ത് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്.

ഇതിനിടെ ഭാരതാംബ വിവാദത്തില്‍ കടുത്ത അതൃപ്തിയിലുള്ള ആര്‍ലേക്കര്‍ സംഘപരിവാറിനും സജീവമായി ഇടപെടല്‍ നടത്താനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തത്. ദേശീയ വിദ്യാഭ്യാസ നയമടക്കമുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ മടികാട്ടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇടപെടലിന് സംഘപരിവാര്‍ ഒരുങ്ങി ഇറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വകലാശാലകളെ ലക്ഷ്യംവെച്ചുള്ള പദ്ധതികളാവിഷ്‌കരിക്കാന്‍ സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടിയില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളില്‍നിന്നും വിസിമാരടക്കമുള്ളവര്‍ പങ്കെടുക്കും. കേരളത്തിലെ ചില വിസിമാരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതോടെ ആര്‍ലേക്കര്‍ അടുത്തിടെ നടത്തിയ ഇടപെടലിന് പിന്നില്‍ ആര്‍എസ്എസിന് കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമാകുകയാണ്.

ഒക്ടോബറില്‍ തുടങ്ങുന്ന ആര്‍എസ്എസ് ശതാബ്ദിവാര്‍ഷിക ആചരണത്തിലെ പ്രധാന അജന്‍ഡികളിലൊന്ന് വിദ്യാഭ്യാസരംഗത്തെ ഇടപെടലാണ്. ദേശീയ വിദ്യാഭ്യാസനയം സമ്പൂര്‍ണതലത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രചാരണ, പ്രായോഗിക നടപടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹായപദ്ധതികളടക്കം അനുവദിക്കുന്നതില്‍ ഇവ എത്രമാത്രം സമ്മര്‍ദ്ദഘടകമാക്കാനാകുമെന്ന കാര്യം കൊച്ചിയില്‍ ചര്‍ച്ച ചെയ്യും. സമാനമായ പരിപാടി തമിഴ്നാട്ടിലും സംഘടിപ്പിക്കുന്നുണ്ട്.

മാറ്റങ്ങളെ കാവിവത്കരണമായും വേദകാലത്തേക്കുള്ള മടങ്ങിപ്പോക്കായും വ്യാഖ്യാനിച്ചെതിര്‍ക്കുന്ന രീതികള്‍ക്ക് ഫലപ്രദമായ പ്രതിരോധവും ആവിഷ്‌കരിക്കും. ഭാരതത്തിന്റെ തനതായ വൈജ്ഞാനിക മേഖലയെ അടുത്തറിയുന്നതിനെ പുരാണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായി ചിത്രീകരിക്കുന്നതിനെ ആശയപരമായി നേരിടും. അതേസമയം ആര്‍എസ്എസ് സജീവമായി രംഗത്തിറങ്ങുന്നതിനെ ചെറുക്കാന്‍ സിപിഎമ്മും രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ സര്‍വകാലാശാലകള്‍ സംഘര്‍ഷവേദികളായി മാറിയേക്കാം.

അതിനിടെ ഗവര്‍ണറായാലും ഉദ്യോഗസ്ഥരായാലും നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രാജ്ഭവന്റെ സുരക്ഷയ്ക്ക് പോലീസിനെ അനുവദിക്കാത്തതിലുള്ള നീരസം ഗവര്‍ണര്‍, ഡിജിപിയെ അറിയിച്ചെന്ന മാധ്യമവാര്‍ത്ത പരാമര്‍ശിച്ചാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശം. കൂടുതല്‍ പോലീസിനെ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ല.

പക്ഷേ, ആവശ്യപ്പെടുന്നതില്‍ ഗവര്‍ണറുടെ ഓഫീസ് പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അത് പാലിക്കേണ്ടേ. ആര് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതിലെ വിവാദം കത്തിപ്പടരുന്നതിനിടെ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഡോ.സിസ തോമസ് ഏറ്റെടുത്തു. ഇന്നലെ അവര്‍ യൂണിവേഴ്‌സിറ്റിയിലെത്തി ചുമതല ഏറ്റെടുക്കുകയായിരുന്നു. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ, മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് പോകുന്ന പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ. സിസ തോമസിന് അധികച്ചുമതല നല്‍കിയത്.

ജൂലായ് എട്ടാം തീയതി വരെയാണ് സിസ തോമസിന് ചുമതല നല്‍കിയിരിക്കുന്നത്.ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ ആയിരിക്കെ ഡോ. സിസ തോമസ് സാങ്കേതിക സര്‍വകലാശാല വി.സി സ്ഥാനം ഏറ്റെടുത്തത് സര്‍ക്കാരുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇത് കാരണം സിസയുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരുന്നു. നീണ്ട നിയമപോരാട്ടത്തിന് ശേഷം അടുത്തിടെയാണ് സിസയ്ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടിയത്. ഇതിന് പിന്നാലെയാണ് കേരള സര്‍വകലാശാല വി.സിയുടെ അധികച്ചുമതല കൂടി നല്‍കിയിരിക്കുന്നത്.