കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നേരിട്ട കനത്ത പരാജയം സി.പി.എമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച റബര്‍ താങ്ങുവില വര്‍ധന കര്‍ഷകരുടെ കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍, പ്രഖ്യാപിച്ച 200 രൂപ താങ്ങുവില യഥാര്‍ത്ഥത്തില്‍ കര്‍ഷകരിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

നവംബര്‍ ഒന്നു മുതല്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 അവസാനിക്കാറായിട്ടും ഇതിനായുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നിട്ടില്ല. റബര്‍ ബോര്‍ഡ് മുഖേന ബില്ലുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന തുക ലഭിക്കുന്നില്ല. പുതിയ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാനോ പഴയവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാനോ ഉള്ള കാലാവധി സെപ്റ്റംബര്‍ 30-ന് അവസാനിച്ചിരുന്നു. താങ്ങുവില പ്രഖ്യാപനത്തോടൊപ്പം രജിസ്‌ട്രേഷന്‍ കാലാവധി നീട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നത്. എന്നാല്‍ വെബ്സൈറ്റിലെ സാങ്കേതിക തടസ്സങ്ങളും സര്‍ക്കാര്‍ തലത്തിലുള്ള അനാസ്ഥയും കാരണം ഭൂരിഭാഗം കര്‍ഷകരും പദ്ധതിക്ക് പുറത്താണ്. റബര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടയ്ക്കാനുള്ള സംവിധാനങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെങ്കിലും, കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ ഈ പ്രഖ്യാപനം കര്‍ഷകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷക സംഘടനകളുടെയും നിലപാട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 200 രൂപ താങ്ങുവില നല്‍കാനുള്ള ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കുമോ എന്ന കാര്യത്തിലും വലിയ സംശയങ്ങള്‍ നിലനില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാം പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സംസ്ഥാനത്ത് റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം താങ്ങുവില 180 രൂപയില്‍ നിന്നും 200 രൂപയാക്കി ഉയര്‍ത്തിയെങ്കിലും, ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് സൂചന നേരത്തെ പുറത്തു വന്നിരുന്നു. താങ്ങുവില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പല സാങ്കേതിക തടസ്സങ്ങള്‍ കാരണം കര്‍ഷകരിലേക്ക് എത്തുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. റബര്‍ വിപണി വില 180 രൂപയ്ക്ക് മുകളില്‍ നിന്നിരുന്ന സാഹചര്യത്തില്‍ പല കര്‍ഷകരും ഇന്‍സെന്റീവ് പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ പുതുക്കിയിരുന്നില്ല. പുതിയ രജിസ്‌ട്രേഷനുകളും കാര്യമായി നടന്നിട്ടില്ല.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. നിലവില്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തിയെങ്കിലും ഈ സമയപരിധി കഴിഞ്ഞതിനാല്‍ ഭൂരിഭാഗം കര്‍ഷകരും ആനുകൂല്യത്തിന് പുറത്തായി. താങ്ങുവില വര്‍ധിപ്പിച്ച സാഹചര്യത്തില്‍, രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള തീയതി കൂടി നീട്ടി നല്‍കണമെന്ന് റബര്‍ ഉല്‍പാദക സംഘങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിലവിലെ സാഹചര്യത്തില്‍ വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി ലഭിക്കാന്‍ കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ എന്ന കടമ്പ വെല്ലുവിളിയാണെന്ന് സാരം.