മോസ്‌കോ: വിവാഹത്തിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കവെ റഷ്യന്‍ നടിക്ക് ദാരുണാന്ത്യം. പ്രീ വെഡിംഗ് ഷൂട്ടിനായി തായ്ലാന്‍ഡിലെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിയ നടിക്കാണ് ഈ ദുര്യോഗം ഉണ്ടായതെന്ന് അവരുടെ കൂടെയുണ്ടായിരുന്ന കാമുകന്‍ അറിയിച്ചു. കോ സുമുയ് ദ്വീപിലെ കടല്‍ത്തീരത്ത്, തായ്ലാന്‍ഡ് ഉള്‍ക്കടലിന് അഭിമുഖമായി യോഗ പായയില്‍ ഇരിക്കുന്ന സമയത്ത് കാമില ബെല്യാറ്റ്‌സ്‌കായ എന്ന 24 കാരിയെ കൂറ്റന്‍ തിരമാല വിഴുങ്ങുകയായിരുന്നു.

കാമുകനുമൊത്ത് പ്രീ വെഡിംഗ് ഷൂട്ട് കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലായിരുന്നു യുവതിയെ കൂറ്റന്‍ തിരമാല വിഴുങ്ങിയത്. ഇതിന്റെ ഭയമുളവാക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ദ്വീപിലെ എറ്റവും തിരക്കേറിയ ബീച്ചുകളില്‍ ഒന്നായ ചവാംഗ് ബീച്ചില്‍ ഡിസംബര്‍ 1 ന് ആയിരുന്നു സംഭവം. സമൂഹമാധ്യമങ്ങളില്‍ നിന്നാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി തന്റെ കാമുകിക്ക് എന്താണ് സംഭവിച്ചതെന്ന് താന്‍ അറിഞ്ഞത് എന്ന് കാമിലയുടെ കാമുകനായ ഗ്രിഗോര്‍ലി അനോകിന്‍ പറയുന്നു.

തന്റെ പ്രിയതമയെ ജീവനോടെ തിരിച്ചു കിട്ടാന്‍ താന്‍ ഇപ്പോഴും പ്രാര്‍ത്ഥിക്കുകയാണെന്ന് അയാള്‍ പറയുന്നു. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. ഹൃദയഭേദകമാണ് ഈ വാര്‍ത്ത എന്നും അയാള്‍ പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ തന്നെ താന്‍ കാമില ഇരുന്ന ഭാഗത്തേക്ക് ഓടിയെത്തിയെന്നും അനോകിന്‍ പറഞ്ഞു. ഡിസംബര്‍ പകുതിയോടെ വിവാഹം കഴിക്കാനായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്. റഷ്യയില്‍ മടങ്ങിയെത്തി ഒരുമിച്ച് ജീവിക്കാമെന്ന ആഗ്രഹത്തോടെ നിരവധി പ്രീ വെഡിംഗ് ഫോട്ടോകളും എടുത്തതായി അയാള്‍ പറയുന്നു.




എന്നാല്‍, കാമിലയുടെ പിങ്ക് നിറത്തിലുള്ള യോഗ മാറ്റ് കടലില്‍ പൊങ്ങിക്കിടക്കുന്നത് മാത്രമാണ് കാമുകന് കാണാന്‍ ആയത്. ആ സമയത്ത് കടല്‍ ക്ഷോഭിച്ചിരുന്നതിനാല്‍, വെള്ളത്തില്‍ ഇറങ്ങി തിരയുന്നത് ദുഷ്‌കരമായിരുന്നു എന്നും അയാള്‍ പറഞ്ഞു.പിന്നീട് നടന്ന തിരച്ചിലില്‍, കാമില ഇരുന്നിടത്തു നിന്നും ഒരു കിലോമീറ്ററോളം മാരി കടല്‍ത്തീരത്ത് ഇവരുടെ മൃതദേഹം കണ്ടെത്തി. ഇവരെ രക്ഷിക്കുവാനായി കടലില്‍ ചാടിയ മറ്റൊരു വ്യക്തിയെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.