ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടല്‍ സാധ്യമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാദമാണ് ജയശങ്കര്‍ തള്ളിയത്. ഇക്കാര്യത്തില്‍ വര്‍ഷങ്ങളായി ദേശീയ സമവായം ഉണ്ടെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിദേശകാര്യമന്ത്രി.

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ആരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ്. അമേരിക്കയാണ് ഇന്ത്യ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതെന്ന ട്രംപിന്റെ അവകാശവാദത്തെ ചൊല്ലി വിവദം പൊട്ടപ്പുറപ്പെട്ടിരുന്നു. സിന്ധു നദീജല കരാര്‍ ഉടന്‍ പുന:സ്ഥാപിക്കില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദം വിശ്വസനീയമായ രീതിയില്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കും വരെ കരാര്‍ മരവിപ്പിക്കും.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണം ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. നമ്മള്‍ പാക് സൈന്യത്തെ ആക്രമിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ഇടപടാതെ മാറി നില്‍ക്കാമായിരുന്നു. എന്നാല്‍, അവര്‍ നല്ല ഉപദേശമല്ല സ്വീകരിച്ചത്. ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ആക്രമണം ഏല്‍പ്പിച്ച ആഘാതം വ്യക്തമാണ്. മെയ് 7 ന് പത്തി മടക്കാന്‍ തയ്യാറാകാത്തവര്‍ മെയ് 10 ന് അതിനു തയ്യാറായി. അതുകൊണ്ട് വെടിനിര്‍ത്തല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് ആരെന്ന് വ്യക്തമാണ്.

വ്യാപാര വാഗ്ദാനത്തിന്റെ പേരിലാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സംഭിച്ചതെന്ന ട്രംപിന്റെ അവകാശവാദം എടുത്തുപറയാതെ തന്നെ ജയശങ്കര്‍ തള്ളി. ' ഇന്ത്യയും യുഎസും തമ്മിലുളള വ്യാപാര ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇവ വളരെ സങ്കീര്‍ണമായ ചര്‍ച്ചകളാണ്. ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല. ഏതുവ്യാപാര കരാറും പരസ്പരം ഗുണപ്രദമായിരിക്കണം. അതാണ് വ്യാപാര കരാറില്‍ നിന്നുളള നമ്മുടെ പ്രതീക്ഷ. അതില്‍ ധാരണയെത്തും വരെ ഏതെങ്കിലും വിധി പ്രഖ്യാപിക്കുന്നത് അപക്വമായിരിക്കും'- ജയശങ്കര്‍ പറഞ്ഞു.

പാക് അധീന കശ്മീരില്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നതിലും ഇന്ത്യന്‍ നിലപാട് വ്യക്തമെന്നും എസ് ജയശങ്കര്‍ പ്രതികരിച്ചു. പാക്കിസ്ഥാന്‍ കൈമാറേണ്ട ഭീകരരുടെ ഒരു പട്ടികയുണ്ട്. അതിനുപുറമേ അവര്‍ ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അത് ചെയ്താല്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളൂ എന്നും ജയശങ്കര്‍ വ്യക്തമാക്കി.