തിരുവനന്തപുരം: നടന്‍ തിലകനെ മലയാള സിനിമയില്‍ നിന്നും വിലക്കിയത് സംബന്ധിച്ച് മമ്മൂട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ എസ് എന്‍ സ്വാമി. 'മമ്മൂട്ടി പ്രഫഷനല്‍ ആയ ഒരു കലാകാരനാണ്. അദ്ദേഹം ഒരാളെ വേണ്ട എന്ന് പറയുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.ആ മമ്മൂട്ടി തിലകനെ ഒഴിവാക്കാന്‍ പറഞ്ഞു എന്നൊക്കെ പറയുന്നത് എന്ത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം ചോദിച്ചു. സിബിഐ സിനിമാ സീരിസുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെച്ചാണ് എസ് എന്‍ സ്വാമിയുടെ പ്രതികരണം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എസ് എന്‍ സ്വാമിയുടെ പ്രതികരണം.അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ കുറെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളിലും കാണുന്നുണ്ട്.
റിപ്പോര്‍ട്ട് വന്നതിനു ശേഷം പലരും തോന്നിയതുപോലെയും മനസ്സിന്റെ താല്‍പര്യമനുസരിച്ചും സോഷ്യല്‍ മീഡിയയില്‍ പല കഥകള്‍ പറയുന്നുണ്ട്.അതില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം മമ്മൂട്ടിയെക്കുറിച്ച് വന്ന ചില ന്യൂസുകളാണ്.മമ്മൂട്ടി തിലകനെതിരെ പ്രവര്‍ത്തിച്ചു വെന്നും അദ്ദേഹത്തെ വര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല എന്നും പലരും പറയാതെ പറയുന്നത് കേട്ടു.പക്ഷേ മമ്മൂട്ടിയെക്കുറിച്ചു വരുന്ന ആ കഥകളൊന്നും ശരിയല്ല എന്ന് നന്നായി അറിയുന്ന ഒരാളാണ് ഞാന്‍.

മമ്മൂട്ടി എന്ന മനുഷ്യന്റെ മനസ്സും സ്വഭാവവും എന്റത്രയും ആര്‍ക്കും അറിവുണ്ടാകില്ല.ഞാന്‍ അദ്ദേഹത്തിനൊപ്പം നാല്‍പതിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതാണ്.എന്തുണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്.നേരറിയാന്‍ സി ബി ഐ എന്ന എന്റെ പടത്തിന്റെ കഥ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ സീന്‍ ബൈ സീന്‍ ആയി വായിച്ചുകൊണ്ടിരിക്കുകയാണ്.ഞാനും മമ്മൂട്ടിയും ഒരുമിച്ചിരുന്നാണ് സീന്‍ വായിക്കുക. എനിക്ക് അറിയാത്ത പല പോയിന്റും ഞാന്‍ പുള്ളിയോട് ചോദിക്കും പുള്ളി പറഞ്ഞു തരും. ആ സിനിമയില്‍ കാപ്ര എന്നൊരു കഥാപാത്രമുണ്ട്. അത് തിലകന്‍ ആണ് ചെയ്തത്. തിലകന് ആ സമയത്ത് വിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ വിളിച്ചാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോയെന്നും ആ കഥാപാത്രത്തിനോട് സാമ്യമുള്ള ഒന്നാണ് മണിച്ചിത്രത്താഴിലെതെന്നും ഉള്ളതു കൊണ്ട് ഞങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നു.

എന്നാല്‍ കഥ വായിച്ചു കഴിഞ്ഞ് മമ്മൂട്ടി ആദ്യം പറഞ്ഞത് ഈ കഥാപാത്രത്തെ തിലകന്‍ തന്നെ അവതരിപ്പിക്കണം എന്നാണ്.ആരും പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിളിച്ചു പറയാം എന്ന് അദ്ദേഹമാണ് പറഞ്ഞത്.അങ്ങനെ പറയുന്ന ഒരാളാണ് മമ്മൂട്ടി.ആ മമ്മൂട്ടി തിലകനെ ഒഴിവാക്കാന്‍ പറഞ്ഞു എന്നൊക്കെ പറയുന്നത് എന്ത് വാസ്തവവിരുദ്ധമാണ്.' സ്വാമി പറഞ്ഞു. 'മമ്മൂട്ടി പ്രഫഷനല്‍ ആയ ഒരു കലാകാരനാണ്. അദ്ദേഹം ഒരാളെ വേണ്ട എന്ന് പറയുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ഇത്രയും സിനിമയില്‍ പ്രവര്‍ത്തിച്ചിട്ട് ഒരാളെപ്പോലും മമ്മൂട്ടി മാറ്റിനിര്‍ത്തിയതായി എനിക്ക് അറിയില്ല.ഒരുപക്ഷെ ആ കഥാപാത്രത്തിന് ഒരു താരം ശരിയാകില്ലെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ചിന്തിച്ചേക്കാം എന്നല്ലാതെ വ്യക്തിപരമായ വിരോധം കൊണ്ട് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടില്ല.

ഇത് എനിക്ക് നേരിട്ട് അറിയുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് മടി ഉണ്ടായിട്ട് പോലും നേരറിയാന്‍ സിബിഐയില്‍ തിലകനെ മമ്മൂട്ടി വിളിച്ചു. മമ്മൂട്ടി പറഞ്ഞത് ഈ കഥാപാത്രം നന്നാകണമെങ്കില്‍ തിലകന്‍ തന്നെ ചെയ്തേ പറ്റൂ എന്നാണ്.പല സെറ്റുകളിലും ഞാന്‍ കണ്ടിട്ടുണ്ട് അവര്‍ രണ്ടുപേരും വളരെ സ്നേഹത്തോടെ സംസാരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെക്കുറിച്ച് ഇത്രയ്ക്ക് മോശമായി വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് ആരാണെന്ന് അറിയില്ല. ഇതൊന്നും കേട്ടിട്ട് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. മമ്മൂട്ടി ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് പറഞ്ഞു പരത്തിയാല്‍ എങ്ങനെയാണ് സഹിക്കുക. ഞാന്‍ ദൃക്‌സാക്ഷി ആയ കാര്യമാണ് ഞാന്‍ പറയുന്നത് അല്ലാതെ സങ്കല്‍പിച്ചു പറയുന്നതല്ല. ആള്‍ക്കാര്‍ക്ക് ന്യൂസ് വാല്യൂവിനു വേണ്ടിയായിരിക്കും ഓരോ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്.പക്ഷെ നമുക്ക് അറിയാവുന്ന സത്യം പറയാന്‍ മടിക്കരുത് എന്നാണ് എന്റെ പക്ഷം.' സ്വാമി പറയുന്നു.

ഒരു ആര്‍ട്ടിസ്റ്റിനെയും മാറ്റിനിര്‍ത്താന്‍ അദ്ദേഹം പറയില്ല.ഏറ്റവും കൂടുതല്‍ അതിനെപ്പറ്റി പറയാന്‍ കഴിയുന്നത് എനിക്ക് തന്നെയാണ്. അദ്ദേഹത്തെക്കുറിച്ച് ഓരോ വ്യാജവാര്‍ത്ത കാണുമ്പോഴും വിഷമം തോന്നുന്നു.അതുകൊണ്ടാണ് എനിക്ക് വ്യക്തമായി അറിയാവുന്ന കാര്യം തുറന്നു പറയാം എന്ന് കരുതിയത്.'എസ്.എന്‍. സ്വാമി പറഞ്ഞു.