- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിച്ചു; ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കാന്‍ തീരുമാനം; തിരികെ സ്ഥാപിക്കുക തന്ത്രിയുടെ നിര്‍ദേശത്തോടെ പ്രത്യേക പൂജകളോടെ
അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിച്ചു
പത്തനംതിട്ട: ശബരിമല ദ്വാരാപലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെ കമ്പനിയില്‍ നിന്നു സന്നിധാനത്തു തിരിച്ചെത്തിച്ചു. ഹൈക്കോടതിയുടെ അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം. സ്വര്‍ണപ്പാളികള്‍ തീരുമാനമാകുന്നതു വരെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു പോയി ഒരു മാസത്തിനു ശേഷമാണ് ഇവ സന്നിധാനത്ത് തിരിച്ചെത്തിച്ചത്.
കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് വലിയ വിവാദമായിരുന്നു. വിഷയത്തില്‍ കോടതി ഇടപെട്ടു. അന്വേഷണത്തിനു ദേവസ്വം വിജിലന്‍സിനെ ചുമതലപ്പെടുത്തി. അതിനാല്‍ കോടതി അനുമതിയോടെയായിരിക്കും തുടര്‍ നടപടികള്‍. തന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ശുദ്ധികലശം ചെയ്തു പ്രത്യേക പൂജകളോടെയായിരിക്കും സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കുക.
അതേസമയം, സ്വര്‍ണപ്പാളികളുടെ ഭാരം കുറഞ്ഞതില്‍ ഹൈക്കോടതി വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മൂന്നാഴ്ചയ്ക്കുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ദ്വാരപാലക ശില്പങ്ങളുടെ താങ്ങ് പീഠങ്ങള്‍ സ്ട്രോങ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019ല്‍ സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് എടുത്തുകൊണ്ടുപോയപ്പോള്‍ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോള്‍ സ്വര്‍ണപ്പാളികളുടെ ഭാരത്തില്‍ നാല് കിലോഗ്രാം കുറവുളളതായി കാണുന്നുവെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറാണ് വിവരങ്ങള്‍ നേരിട്ട് ഹാജരാക്കിയത്.
ശബരിമലയിലെ വസ്തുവകകളെക്കുറിച്ചുളള വിവരങ്ങളാണ് ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസര്‍ കോടതിയെ ധരിപ്പിച്ചത്. ഈ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കോടതി സംശയങ്ങള്‍ ചോദിച്ചത്. സ്വര്‍ണപ്പാളി ശബരിമലയില്‍ എത്തിച്ചപ്പോള്‍ എന്തുകൊണ്ട് ഭാരം പരിശോധിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചു.സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ദ്വാരപാലക ശില്പങ്ങള്‍ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
'ശില്പങ്ങള്‍ക്ക് രണ്ടാമതൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ പുതിയത് നിര്‍മിച്ചു. എന്നാല്‍ അളവില്‍ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നല്‍കിയതിനാല്‍ തിരികെ ചോദിച്ചില്ല. പീഠം സ്‌ട്രോങ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെക്കുറിച്ച് തിരക്കിയിരുന്നു. അതിന് മറുപടി ലഭിച്ചില്ല. വിജിലന്‍സ് അന്വേഷണം നടക്കട്ടെ'- അദ്ദേഹം പറഞ്ഞു.