- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണ്ണം പൂശിയവ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് പഴയ സ്വര്‍ണ്ണം അടിച്ചെടുക്കാന്‍; 2019ലെ ദേവസ്വം ഉന്നതന് വിജയ് മല്യ പൂശിയത് കൊണ്ടു പോയി; പിരിവ് കാശിന്റെ മിച്ചം കോ ഓര്‍ഡിനേറ്ററും; ആ പഴയ കഥ അറിഞ്ഞ പുതിയ ഉന്നതന് വീണ്ടും ആ പഴയ ബുദ്ധി പുനരവതരിപ്പിച്ചു; ശബരിമലയില്‍ കള്ളന്മാരുടെ 'ചെമ്പു തെളിയുമ്പോള്‍'
ശബരിമല: ശബരിമല ശ്രീകോവിലിലെ കതകിന്റെ സ്വര്‍ണപ്പാളികള്‍ മോഷണം പോയോ? സ്വര്‍ണകവചിതമായ ശ്രീകോവില്‍ കതകുകളും അഴിച്ചെടുത്തു കൊണ്ടുപോയിരുന്നതായ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ഇതോടെ സ്വര്‍ണ്ണം പൂശല്‍ ആസൂത്രിത ഗൂഡാലോചനയെന്ന് വ്യക്തമായി. ശബരിമലയില്‍ നേര്‍ച്ച നടത്താന്‍ കാത്തു നില്‍ക്കുന്ന നിരവധി ശത കോടീശ്വരന്മാരുണ്ട്. ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സ്വര്‍ണ്ണം പൂശും. പക്ഷേ അപ്പോഴതിലുള്ള പഴയ സ്വര്‍ണ്ണം ആരോ കൊണ്ടു പോകും. കൊണ്ടു പോകുന്ന സാധനങ്ങളില്‍ വീണ്ടും സ്വര്‍ണ്ണം എത്തുന്നതു കൊണ്ട് തന്നെ ദേവസ്വം ബോര്‍ഡ് അതൊന്നും കാര്യമായുമെടുക്കില്ല. അവര്‍ക്ക് നഷ്ടമുണ്ടാകുന്നില്ലെന്ന വാദത്തിലാണ് ഇതൊക്കെ നടക്കുക. ഇത്തരത്തില്‍ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ തന്നെയാണ് ഇത്തവണയും ദ്വാരപാലക ശില്‍പ്പങ്ങള്‍ ഇളക്കി കൊണ്ടു പോയത്. എന്നാല്‍ ഹൈക്കോടതി ഇടപെടലില്‍ എല്ലാം പൊളിഞ്ഞു. സ്വര്‍ണ്ണം പൂശല്‍ ഗൂഡാലോചനയും പുറത്തു വന്നു.
ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യം സ്പോണ്‍സര്‍ഷിപ്പിലൂടെ പണം തട്ടുക എന്നതായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പണം വന്‍ തോതില്‍ കിട്ടും. ഇതിനൊപ്പം പഴയ സ്വര്‍ണ്ണം മാറ്റുകയും ചെയ്യും. പിരിവിലൂടെ കിട്ടുന്ന അധിക തുക ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എടുത്തിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ പാളിയിലെ പഴയ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡ് ഉന്നതരാണ് എടുക്കാറുള്ളത്. 2019ല്‍ ഇത്തരത്തില്‍ മോഷണം നടന്നു. ഈ സാധ്യത മനസ്സിലാക്കി 2023ല്‍ മറ്റൊരു പ്രമുഖന്‍ തിരക്കഥ തയ്യാറാക്കി. ഇതിനിടെയാണ് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറായ ജ്യുഡീഷ്യല്‍ ഓഫീസര്‍ വസ്തുത മനസ്സിലാക്കിയതും അത് ഹൈക്കോടതിയില്‍ എത്തിയതും. ഇതോടെ സ്വര്‍ണ്ണം മുക്കാന്‍ ശ്രമിച്ച ആള്‍ പ്രതിസന്ധിയിലായി. ദ്വാര പാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണം വിവാദമായി ഉയരുമ്പോള്‍ അത് വെറും രണ്ടര പവന്റെ കേസ് മാത്രമാണെന്ന് വരുത്താന്‍ ബോധപൂര്‍വ്വ ശ്രമം ഉണ്ടായിരുന്നു. ഇതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റി ഹൈക്കോടതിയില്‍ നല്‍കിയ ചെറിയ അബദ്ധമാണ് ഇതെല്ലാം പൊളിച്ചത്. ദ്വാരപാലക ശില്‍പ്പന്റെ പീഠം കാണാനില്ലെന്ന ആ 'സ്വയം കുഴച്ച' കുഴി ശബരിമലയിലെ മോഷ്ടാക്കളുടെ 'ചെമ്പും തെളിച്ചു'.
ശബരിമല ശ്രീകോവിലിനൊപ്പം നടവാതിലും സോപാനത്തുള്ള പടിക്കെട്ടുകള്‍ക്ക് ഇരുവശത്തുമുള്ള ആന രൂപങ്ങളും തുണുകളും സ്വര്‍ണം പൊതിഞ്ഞിരുന്നതായി ശബരിമലയില്‍ സ്വര്‍ണം പൂശല്‍ ജോലികള്‍ ചെയ്തിട്ടുള്ള തമിഴ്നാട് സ്വദേശി സെന്തില്‍ നാഥ് വെളിപ്പെടുത്തിയിരുന്നു. ദ്വാരപാലക ശില്പങ്ങളില്‍ നിന്നും അഴിച്ചെടുത്തത് ചെമ്പു പാളികളാണെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ഇത് ശരിവയ്ക്കുന്നു. ചെമ്പ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ടെങ്കില്‍ അതു വേര്‍തിരിക്കാന്‍ കഴിയില്ലെന്ന വാദവും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്ന് വിദഗ്ധാഭിപ്രായമുണ്ട്. അതായത് പുതിയ ചെമ്പു പാളിയില്‍ സ്വര്‍ണ്ണം പൂശാന്‍ പോലും സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ പഴയ പാളി സ്വര്‍ണ്ണത്തോടെ മുക്കി. അതുകൊണ്ടാണ് ദ്വാരപാലക ശില്‍പ്പത്തില്‍ അടക്കം തൂക്ക വ്യത്യാസം വന്നതെന്നാണ് സൂചന. 2019ലെ ഈ തൂക്കവ്യത്യാസത്തിന് പിന്നില്‍ സ്വര്‍ണ്ണ മോഷണമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു ശബരിമലയിലും ദേവസ്വം ബോര്‍ഡിലും ചില കാര്യങ്ങളില്‍ ഉണ്ടായിരുന്ന നിഗൂഢമായ മേല്‍ക്കൈയും ഉദ്യോഗസ്ഥ വീഴ്ചയും സ്വര്‍ണപ്പാളി വിവാദത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്. വിജിലന്‍സ് റിപ്പോര്‍ട്ട് 2 ദിവസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും. കൂടുതല്‍ അന്വേഷണത്തിന് വഴി തുറക്കുന്ന നിഗമനങ്ങളിലാണ് വിജിലന്‍സ് എത്തിച്ചേര്‍ന്നതെന്നാണു വിവരം. ശില്‍പങ്ങളില്‍ സ്വര്‍ണം പൂശാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി 2019 ജൂലൈ അഞ്ചിനു ബോര്‍ഡിനു കത്തു നല്‍കുന്നു. ഇതിനു മറുപടിയായി 'ചെമ്പുപാളി'കളില്‍ സ്വര്‍ണം പൂശി തിരിച്ചെത്തിക്കാന്‍ ഉത്തരവ്. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉത്തരവില്‍ എങ്ങനെ ചെമ്പുപാളികളായി. ഇതിനൊപ്പം അന്ന് പാളികള്‍ അഴിച്ച സമയത്ത് ദേവസ്വം വിജിലന്‍സിന്റെ സാന്നിധ്യമില്ലാതിരുന്നു. പാളികള്‍ അഴിച്ചപ്പോള്‍ തൂക്കം 42.8 കിലോഗ്രാം. ചെന്നൈയില്‍ പരിശോധിച്ചപ്പോള്‍ 38.25 കിലോഗ്രാം. 4 കിലോയിലേറെ കുറവുണ്ടായിട്ടും ബോര്‍ഡ് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും നിര്‍ണ്ണായകമാണ്. ആ മഹസറില്‍ തിരുവാഭരണം സ്‌പെഷല്‍ കമ്മിഷണറും ദേവസ്വം സ്മിത്തും മഹസറില്‍ ചട്ടപ്രകാരം ഒപ്പിട്ടില്ല.
സ്വര്‍ണം പൂശിയ പാളികളുടെ നിറം മങ്ങിയതിനാല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ ഏഴിനു തീരുമാനം. 2019ല്‍ പൂശിയ പാളികള്‍ക്കു 40 വര്‍ഷം ഗാരന്റി പറഞ്ഞിടത്ത് 6 വര്‍ഷത്തിനു ശേഷം വീണ്ടും നടപടി എന്തിന് എന്നതാണ് നിര്‍ണ്ണായക ചോദ്യം. തനിക്കു കിട്ടിയത് സ്വര്‍ണനിറത്തിലുള്ള പെയ്ന്റ് അടിച്ച പാളിയാണെന്ന ഉണ്ണിക്കൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമില്ല. ശ്രീകോവില്‍ വാതില്‍ മാറ്റി മറ്റൊന്നു സ്ഥാപിക്കാന്‍ ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തത് എങ്ങനെ എന്നതിനും ഉത്തരമില്ല. 2 ദിവസമായി 8 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കി. ഇന്നലെ രാവിലെ 9ന് വീണ്ടും ദേവസ്വം വിജിലന്‍സിന്റെ മുന്നില്‍ ഹാജരായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. 2019ലെ ദ്വാരപാലകരെ പൊതിഞ്ഞുള്ള ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിടുന്നു എന്ന മഹസര്‍ രേഖ വിജിലന്‍സിന് കൈമാറിയെന്നും അറിയിച്ചു.
അതില്‍ ചെമ്പ് തകിടുകള്‍ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നതാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്റെ ഭാഗം ന്യായീകരിക്കാന്‍ പറഞ്ഞത്. താനും ബെംഗളൂരുവിലെ 2 സുഹൃത്തുക്കളും ചേര്‍ന്ന് 15 ലക്ഷം രൂപ മുടക്കിയാണ് സ്വര്‍ണം പൂശിയതെന്നും വിജിലന്‍സ് മുന്‍പാകെ അറിയിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ ഉറവിടം സംബന്ധിച്ച രേഖകളും വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വസ്തു ഇടപാടുകളുടെ വിവരങ്ങളും വിജിലന്‍സ് തേടിയിരുന്നു.