- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് സ്വര്‍ണ്ണത്തെ ചെമ്പാക്കിയത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍; വാതിലിനിടയില്‍ എലിയോ മറ്റോ കടക്കാതിരിക്കാന്‍ ചെമ്പുപാളി വച്ചിരുന്നോയെന്ന് തിരക്കിയുള്ള ഫോണ്‍ വിളിയും സംശയത്തില്‍; 2019ലെ ദേവസ്വം ഉത്തരവിന് പിന്നിലെ കരങ്ങള്‍ ആരുടേത്? ശബരിമല കള്ളനെ പിടിക്കാന്‍ വേണ്ടത് സിബിഐ തന്നെ
തൃശ്ശൂര്‍: ശബരിമല സ്വര്‍ണപ്പാളി വിവാദം സിബിഐ അന്വേഷിക്കണമെന്ന വാദം ശക്തമാകുന്നു. പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടും. അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പല വെളിപ്പെടുത്തലും തിരിച്ചടിയായി മാറുകയാണ്. അന്ന് സ്വര്‍ണംപൂശാന്‍ താന്‍ അരക്കിലോഗ്രാം സ്വര്‍ണം വാങ്ങിയിരുന്നതായി വിവാദത്തിന്റെ ആദ്യനാളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. ഇതില്‍ 397 ഗ്രാം മാത്രമേ ആവശ്യമായി വന്നുള്ളൂവെന്നും ബാക്കി സ്വര്‍ണംകൊണ്ട് മാളികപ്പുറം ക്ഷേത്രത്തില്‍ ഒരു മാല പണിതുനല്‍കിയെന്നുമാണ് പോറ്റി പറഞ്ഞത്. മല്യ നല്‍കിയ സ്വര്‍ണം പാളികളില്‍ ഉള്ളപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്തിന് സ്വര്‍ണംവാങ്ങി എന്ന് വ്യക്തമല്ല. അതായത് മല്യയുടെ സ്വര്‍ണ്ണം മറ്റാരോ കൊണ്ടു പോയി. അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും വിവാദത്തില്‍ വലിയ പങ്കാളിയാകാന്‍ സാധ്യതയുണ്ട്. അന്വേഷണം വന്നാല്‍ ഇവര്‍ പ്രതികളാകും. ഇവരില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നും സൂചനകളുണ്ട്. കേരളത്തിന് പുറത്തും സ്വര്‍ണ്ണ പാളി എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണമാണ് കൂടുതല്‍ അഭികാമ്യം എന്നതാണ് വസ്തുത.
അതിനിടെ മറ്റൊരു ദുരൂഹത കൂടി ചര്‍ച്ചകളില്‍ എത്തുകയാണ്. സ്വര്‍ണ്ണപാളി വിവാദം തുടങ്ങുംമുന്‍പേ ശ്രീകോവിലിനുള്ള പുതിയ വാതില്‍ നിര്‍മിച്ച ശില്‍പി എളവള്ളി നന്ദകുമാറിനെ ഉണ്ണികൃഷ്ണന്‍ പോറ്റി ഫോണില്‍ വിളിച്ചിരുന്നു. വാതിലിനിടയില്‍ എലിയോ മറ്റോ കടക്കാതിരിക്കാന്‍ ചെമ്പുപാളി വച്ചിരുന്നോയെന്ന് തിരക്കി. എന്നാല്‍, ആ വിളിയില്‍ അസ്വാഭാവികത തോന്നിയെന്നും നാലുദിവസത്തിനുശേഷമാണ് സ്വര്‍ണപ്പാളിവിവാദം ഉയര്‍ന്നുവന്നതെന്നും നന്ദകുമാര്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശിയെത്തിച്ച ദ്വാരപാലകശില്‍പത്തിന് മങ്ങലുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പലരോടും പറഞ്ഞിരുന്നു. 2018 ഡിസംബറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബെംഗളൂരുവില്‍ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍വെച്ച് ശബരിമല ശ്രീകോവിലിനുള്ള പുതിയ വാതില്‍ നിര്‍മിച്ചത്. തൃശ്ശൂരിലെ ചൊവ്വൂരില്‍ നിന്നാണ് മരം എടുത്തത്. ചെമ്പ് പൊതിഞ്ഞത് ഹൈദരാബാദിലും സ്വര്‍ണം പൂശിയത് ചെന്നൈയിലുമായിരുന്നു. വാതില്‍ കോട്ടയം ഇളംപള്ളി ക്ഷേത്രത്തില്‍വെച്ച് സ്വീകരിച്ചശേഷമാണ് ശബരിമലയില്‍ എത്തിച്ചത്. ചടങ്ങില്‍ നടന്‍ ജയറാം പങ്കെടുത്തിരുന്നു. - നന്ദകുമാര്‍ വിശദീകരിച്ചു.
2019-ല്‍ ലഭിച്ചത് ചെമ്പുപാളികളാണെന്നും അതിലാണ് സ്വര്‍ണംപൂശി നല്‍കിയതെന്നും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ ദേവസ്വത്തിനുള്ളിലാണ് സ്വര്‍ണ്ണ മോഷണം നടന്നത്. ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണംപൂശിയ തകിടുകള്‍ രേഖകളില്‍ ചെമ്പായി മാറിയതിനുപിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം സര്‍ക്കാരും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍മുതല്‍ ബോര്‍ഡ് സെക്രട്ടറി വരെയുള്ളവരുടെ റിപ്പോര്‍ട്ടുകളിലും ഉത്തരവുകളിലും ഗുരുതര വീഴ്ചകളുണ്ട്. ദ്വാരപാലകശില്പത്തിലും മൂലകളിലും പതിച്ചിരുന്നവ ചെമ്പുതകിടുകളാണെന്നാണ് സ്വര്‍ണംപൂശാന്‍ കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണന്‍പോറ്റിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള 2019-ലെ ദേവസ്വം ഉത്തരവില്‍ പറയുന്നത്. ചെമ്പുതകിടുകളാണെന്ന് ആദ്യം രേഖപ്പെടുത്തിയത് ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന സന്നിധാനത്തെ പ്രധാന ഉദ്യോഗസ്ഥനാണെന്നാണ് സൂചന.
ദേവസ്വംസെക്രട്ടറിയുടെ ഉത്തരവിലും ചെമ്പെന്നുതന്നെയാണ് പറയുന്നത്. സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നെങ്കിലും രേഖകളില്‍ ആസൂത്രിതമായി ഒഴിവാക്കുകയായിരുന്നെന്നാണ് ആരോപണം. ചെമ്പുതകിടുകള്‍ ഇളക്കി മഹസര്‍ തയ്യാറാക്കി ഉണ്ണികൃഷ്ണന്‍പോറ്റിക്ക് കൈമാറണമെന്നാണ് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, നിയമപരമായി ദേവസ്വം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇത് ഉത്തരവില്‍ പറഞ്ഞില്ല. തിരുവാഭരണം കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ സ്വര്‍ണംപൂശണം എന്നും ഉത്തരവിലുണ്ട്. കമ്മിഷണറുടെ ശുപാര്‍ശയില്‍ ദേവസ്വം ബോര്‍ഡാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വര്‍ണം പൊതിയാന്‍ കൊണ്ടുപോകണമെന്നായിരുന്നു ബോര്‍ഡ് തീരുമാനമെന്നും ഉത്തരവില്‍ ഇത് വന്നില്ലെന്നുമാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
2025-ല്‍ പോലീസിന്റെ അകമ്പടിയിലും ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുമാണ് തകിടുകള്‍ കൊണ്ടുപോയത് എന്നാണ് വിശദീകരിക്കുന്നത്. എന്നാല്‍ ഇന്നോവ കാറിലായിരുന്നു ഈ യാത്ര. ദേവസ്വം വിജിലന്‍സിലെ എസ് ഐ സംഘത്തിലുണ്ടായിരുന്നു. ദേവസ്വം വിജിലന്‍സുകാര്‍ക്ക് തോക്കു പോലും ഉപയോഗിക്കാന്‍ അധികാരമില്ല. 1999-ല്‍ സന്നിധാനത്ത് നടന്ന സ്വര്‍ണംപൊതിയലിലും ഉദ്യോഗസ്ഥരുടെ മുഴുവന്‍സമയ മേല്‍നോട്ടം ഉണ്ടായിരുന്നു.