തിരുവനന്തപുരം: രണ്ടു തവണ ശബരിമലയിലെ സ്വര്‍ണ്ണം ആ മാഫിയ ഉരുക്കിയെടുത്തു. മൂന്നാം ശ്രമത്തിലാണ് പിടി വീണത്. അത് എങ്ങനെ സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ടാണ് 'അയ്യപ്പ ഇടപെടല്‍' ഏവരും ചര്‍ച്ചയാക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികളിലെ അന്വേഷണത്തില്‍ ഞെട്ടി വിറച്ച് ബംഗ്ലൂരു മാഫിയ. സ്വര്‍ണ്ണ കട നടത്തുന്നവര്‍ അടക്കം ഈ മാഫിയയുടെ ഭാഗമാണ്. ദേവസ്വം അധികൃതരും ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരും തന്ത്രപരമായി കരുക്കള്‍ നീക്കി. പോലീസിന് ആംബുലന്‍സ് സംഭാവന ചെയ്തതു പോലും തട്ടിപ്പിന് കൂടുതല്‍ സാധ്യതയുണ്ടാക്കാനായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലോടെ എ്‌ലാം പൊളിഞ്ഞു. സ്‌പെഷ്യല്‍ കമ്മീഷണര്‍ ജയകൃഷ്ണനായിരുന്നു തന്നെ അറിയിക്കാതെ സ്വര്‍ണ്ണ പാളി കൊ്ടു പോയത് ഹൈക്കോടതിയെ അറിയിച്ചത്. ഇത് സര്‍ക്കാരിനെ പോലും വെട്ടിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

വാതിലിലും കട്ടിളപ്പടിയിലും ഉള്ള സ്വര്‍ണമാണ് ആദ്യം ഉരുക്കിയെടുത്തത്. തട്ടിപ്പിന്റെ സാധ്യത കണ്ടെത്തിയതോടെ ദ്വാരപാലകശില്പത്തിലും ക്ഷേത്രത്തിലെ ഒരുഭാഗത്തും ഉണ്ടായിരുന്ന പാളികള്‍ കൊണ്ടുപോയി. പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചുസ്വര്‍ണം മതി. സ്വര്‍ണം പൂശിയത് കുറച്ചുകാലം കഴിയുമ്പോള്‍ മങ്ങും. ഇത് വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ഇളക്കിക്കൊണ്ടുപോകാം. ഇതിലൂടെ ഇടയ്ക്കിടയ്ക്ക് പരിവിനും സാധ്യത തെളിയും. ഈ പാളി പലരുടേയും വീട്ടില്‍ കൊണ്ടു വച്ച് പൂജിക്കാം. അതിന്റെ പേരിലും പണമുണ്ടാക്കാം. ഇതെല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വന്‍ സാമ്പത്തിക ഇടപാടുകാരനാക്കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വസ്തു ഇടപാടുകള്‍ മാത്രം പരിശോധിച്ചാല്‍ ശബരിമലയുടെ മറവിലുണ്ടാക്കിയ സ്വത്തുക്കള്‍ വ്യക്തമാകും.

കൊണ്ടുപോയ ചെമ്പുപാളികളല്ല, പുതിയവയാണ് ഉണ്ടാക്കിവെച്ചതെന്ന സംശയമാണ് ഇപ്പോഴും അവശേഷിക്കുന്നത്. ഇത് പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കേണ്ടത്. ആദ്യം പുതിയ ചെമ്പു പാളിയാണ് കൊണ്ടു വന്നതെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍ വിശദീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ മൊഴി മാറ്റി. സ്വര്‍ണ്ണ പാളിയാണ് കൊണ്ടു വന്നതെന്നും. അവിടെ സ്വര്‍ണ്ണം ഉരുക്കി മാറ്റിയെന്നുമാക്കി. ഇതിന് പിന്നിലെ സത്യവും കണ്ടെത്തണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതു കൊണ്ട് ഇത് തെളിയിക്കുക അസാധ്യമാണ്. എന്നാല്‍ ചെമ്പുപാളിയാണ് കൊടുത്തു വിട്ടതെന്ന മുരാരി ബാബുവിന്റെ മൊഴി ഇത് പൊളിക്കുകയും ചെയ്യുന്നു.

ക്ഷേത്രത്തില്‍ പതിച്ചിരുന്ന പാളികള്‍ വന്‍വിലയ്ക്കു മുറിച്ചുവിറ്റിട്ടുണ്ടെന്ന സംശയവും ഉയരുന്നുണ്ടെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് ശേഷവും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യവസായികള്‍ക്കും ഉന്നതര്‍ക്കും ക്ഷേത്രപാളികളെന്ന പേരില്‍ വിറ്റശേഷം പുതിയ ചെമ്പുപാളികള്‍ നിര്‍മിച്ച് പൂശിയതാണോ എന്നതാണ് കണ്ടെത്തേണ്ടത്. അതേസമയം 1998-ല്‍ പതിച്ച സ്വര്‍ണപ്പാളികള്‍ വര്‍ഷങ്ങളോളം കേടില്ലാതെ നിലനില്‍ക്കുന്നവയായിരുന്നു. 2019-ല്‍ കൊണ്ടുപോയ പാളികള്‍ തിരിച്ചുകൊണ്ടു വന്നപ്പോള്‍ തൂക്കത്തില്‍ കുറവുണ്ടായി. 42 കിലോ വരുന്ന പാളികള്‍ തിരിച്ചെത്തിയപ്പോള്‍ 38 കിലോ മാത്രമാണുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നതും ഈ റിപ്പോര്‍ട്ടിലുണ്ട്.

ചെമ്പുപാളിയാണ് ശബരിമലയില്‍നിന്ന് കൊണ്ടുപോയതെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സും പറഞ്ഞിരുന്നത്. എന്നാല്‍, അവസാന നിമിഷം, സ്വര്‍ണമുണ്ടായിരുന്നത് ഉരുക്കിയെന്ന് മൊഴി നല്‍കിയതും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയാണ്. ഇദ്ദേഹത്തിന്റെ മൊഴികളില്‍ ഒട്ടേറെ വൈരുധ്യങ്ങളുണ്ട്. ഇത് ആരെയൊക്കെയോ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്. കൂടുതല്‍ പാളികള്‍ പുറത്തേക്കുകടത്താനുള്ള ശ്രമവും ആരംഭിച്ചിരുന്നതായി സൂചനയുണ്ട്. ഇതിന്റെ മുന്നോടിയായിരുന്നു ദ്വാരപാലകശില്പങ്ങളുടെ അറ്റകുറ്റപ്പണി. പക്ഷേ, നേരിട്ട് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നീക്കം ബോര്‍ഡിന്റെ ഇടപെടലില്‍ പൊളിയുകയായിരുന്നു-മാതൃഭൂമി പറയുന്നു.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ചുമതലപ്പെടുത്തിയ കല്‍പേഷ് എന്ന വ്യക്തിക്കാണ് സ്വര്‍ണപ്പാളി കൈമാറിയതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ആറ് വര്‍ഷം മുന്‍പ്, ഒക്ടോബര്‍ മാസം പത്താം തീയതിയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് സ്വര്‍ണം കട്ടിയാക്കി കൈമാറിയിരിക്കുന്നത്. പോറ്റി നിയോഗിച്ച കല്‍പേഷ് എന്ന വ്യക്തിക്കാണ് ഈ സ്വര്‍ണം കൈമാറിയത് എന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിലെ റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നതായി ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

2019 മാര്‍ച്ച് മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ നടന്നിട്ടുള്ള വലിയ തട്ടിപ്പാണ് കോടതിയുടെ ഉത്തരവിലൂടെ ഇപ്പോള്‍ പുറത്തേക്ക് വരുന്നത്. 2019 മാര്‍ച്ച് മാസത്തിലാണ് ശബരിമല ശ്രീകോവിലിലെ വാതില്‍ പാളികള്‍ സ്വര്‍ണം പൂശുന്നതിനു വേണ്ടി സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകുന്നത്. ഈ പാളികള്‍ കൊണ്ടുപോയപ്പോള്‍ 'ചെമ്പുപാളികള്‍' എന്ന് രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഇത് ചെമ്പുപാളികളാണെന്ന് രേഖപ്പെടുത്തിയിരുന്നത്.

വാതില്‍പാളികള്‍ അഴിച്ചെടുത്ത ഘട്ടത്തില്‍ ശബരിമല സന്നിധാനത്ത് വെച്ച് ഒരു മഹസര്‍ തയ്യാറാക്കിയിരുന്നു. ഈ മഹസറില്‍ അന്നത്തെ തന്ത്രിയായ കണ്ഠര് രാജീവരും മേല്‍ശാന്തിയും അടക്കം ഒന്‍പത് പേര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നതിനു പകരം വെറും ചെമ്പുപാളികള്‍ എന്നാണ് ഈ മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്.

ആകെ 14 പീസുകളില്‍ നിന്നാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം അതിന്റെ ബാക്കിപത്രവും കൈമാറ്റവും സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സ് അവരുടെ ചിലവിലേക്കായി 109 ഗ്രാം സ്വര്‍ണം എടുത്തു. 394.91 ഗ്രാം സ്വര്‍ണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ പൂശിയിരിക്കുന്നത്. ശേഷിക്കുന്ന 474.91 ഗ്രാം സ്വര്‍ണമാണ് കട്ടിയാക്കി കൈമാറിയിരിക്കുന്നത്.

തങ്ങളുടെ കൈവശം കിട്ടിയത് ഒരു തരി പൊന്നു പോലുമില്ലാത്ത ചെമ്പുപാളികളാണ് എന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മഹസറില്‍ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിനെ ഉപയോഗിച്ചുകൊണ്ട്, തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നും കൈവശം കിട്ടിയത് ചെമ്പുപാളികളാണെന്നും സമര്‍ത്ഥിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സും ശ്രമിച്ചു എന്ന് വ്യക്തമാണ്. അതായത്, ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സും ശ്രമിച്ചിട്ടുണ്ട്. പിന്നീട് ഇത് മാറ്റി പറഞ്ഞു. ചെമ്പു പാളി വിറ്റുവെന്ന ആരോപണം ശക്തമായതോടെയാണ് ഇത്. ഇതും ദുരൂഹമായി തുടരുകയാണ്.