തിരുവനന്തപുരം : ശബരിമല ദ്വാരപാലക ശില്‍പ്പപാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല. തെളിവുകള്‍ എല്ലാം നേരത്തെ വീട്ടില്‍ നിന്നും മാറ്റിയെന്നാണ് സൂചന. സ്വര്‍ണം ഇയാള്‍ ബെല്ലാരിയിലുള്ള സ്വര്‍ണ വ്യാപാരിക്ക് വിറ്റതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 476 ഗ്രാം സ്വര്‍ണം ബെല്ലാരിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. സ്വര്‍ണം റാന്നി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ബംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷക സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരയിലെ വീട്ടില്‍ പരിശോധയും നടത്തി. അതിനിടെ ബംഗ്ലൂരുവിലെ വമ്പന്‍ സ്വര്‍ണ്ണ കടയുമായും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ബന്ധമുണ്ട്. ശത കോടീശ്വരാണ് ഈ ഗ്രൂപ്പ്. ഈ ഗ്രൂപ്പിലേക്ക് അന്വേഷണം നീളാതിരിക്കാനാണ് ചില കേന്ദ്രങ്ങളുടെ നീക്കം. ഈ സ്വര്‍ണ്ണ കട മുതലാളിയുടെ പേരില്‍ ശബരിമലയില്‍ പലതും ഉണ്ണികൃഷ്ണന്‍ പോറ്റ് നടത്തിയിട്ടുണ്ട്. ഈ മുതലാളിയ്‌ക്കെതിരെ കര്‍ണ്ണാടക പോലീസും കേസുകളെടുത്ത ചരിത്രമുണ്ട്. അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ ഈ മുതലാളിയുടെ പങ്കിനെ കുറിച്ച് അന്വേഷണം നീളുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം കരുതലെടുത്താണ് മൊഴി നല്‍കുന്നത്.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലെ ഗോവര്‍ധനെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയായ ജൂവലറി ഉടമയാണ് ഗോവര്‍ധന്‍. ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് താനാണെന്ന് ഗോവര്‍ധന്‍ സമ്മതിച്ചിട്ടരുന്നു. അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ കിട്ടിയ അവസരം പുണ്യമായി കരുതിയാണ് ഇത് ചെയ്തതെന്നായിരുന്നു് വിശദീകരണം. വര്‍ഷങ്ങളായി തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് ഗോവര്‍ധന്‍ സമ്മതിച്ചിരുന്നു. കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും 2012-ലോ 2013-ലോ ആണ് ശ്രീരാമപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ച് താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെട്ടതെന്നും മൊഴി നല്‍കിയിരുന്നു. ബെല്ലാരിയിലാണ് ഗോവര്‍ധന്റെ കട. താന്‍ 2000 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ശബരിമലയില്‍ ദര്‍ശനത്തിനായി പോകുന്ന ഒരു അയ്യപ്പഭക്തനാണെന്നും 2018 നവംബറോടെയാണ് പുതിയ സ്വര്‍ണം പൂശിയ വാതില്‍ നിര്‍മ്മിക്കാന്‍ തനിക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പുതിയ വാതില്‍ 2019 മാര്‍ച്ചിലാണ് പൂര്‍ത്തിയാക്കിയതെന്നും 2019 മാര്‍ച്ചില്‍ താന്‍ അത് അയ്യപ്പ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവര്‍ധന്‍ 321 ഗ്രാം സ്വര്‍ണമാണ് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 ഗ്രാമും, പിന്നീട് 121 ഗ്രാം സ്വര്‍ണവുമാണ് കൈമാറിയത് എന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതില്‍ വാതിലില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്നതാണ് നിര്‍ണ്ണായകം. 'രോധാം' ജൂവലറി ഉടമയാണ് ഗോവര്‍ധന്‍. ഇതേ കടയില്‍ നിന്നാണ് ഇപ്പോള്‍ സ്വര്‍ണ്ണം കിട്ടുന്നതും.

കര്‍ണാടകത്തിലെ ബെല്ലാരിയിലുള്ള സ്വര്‍ണ വ്യാപാരിക്ക് വിറ്റെന്ന വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അന്വേഷകസംഘം ബംഗളൂരുവിലെത്തിയത്. ഇയാളെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചും തെളിവെടുക്കും. ശില്‍പ്പപാളിയിലെ 476 ഗ്രാം സ്വര്‍ണം കവര്‍ന്നെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. കേസില്‍ കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. രണ്ടു കേസുകളിലായി പ്രതിപ്പട്ടികയിലുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവുമാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ ആറാം പ്രതിയുമാണ്. തട്ടിപ്പിനായി മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബു ഗൂഢാലോചന നടത്തിയതായി അന്വേഷക സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിപ്പട്ടിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതോടെ ഗൂ ഢാലോചനയില്‍ ആരൊക്കെ ഉള്‍പ്പെട്ടു എന്ന വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണ മോഷണത്തില്‍ പ്രത്യേകം എഫ്‌ഐആറുകളാണ് എസ്ഐടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിപട്ടികയില്‍ ഗോവര്‍ദ്ധന്‍ വരുമോ എന്ന് അറിയില്ല. ഗോവര്‍ദ്ധനെ മാപ്പു സാക്ഷിയാക്കാനും ആലോചനയുണ്ട്.

ബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ദ്ധന് കൈമാറിയ സ്വര്‍ണം കണ്ടെടുത്ത് എസ്‌ഐടി. ബല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നാണ് അന്വേഷണ സംഘം സ്വര്‍ണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വര്‍ണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്ഐടി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയ കര്‍ണാടകയിലെ ജ്വല്ലറി അടച്ചുപൂട്ടിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെല്ലാരിയിലുള്ള വ്യാപാരി ഗോവര്‍ദ്ധന്റെ ഉടമസ്ഥതയിലുള്ള 'റൊദ്ദം' ജ്വല്ലറിയാണ് പെട്ടെന്ന് പൂട്ടിയത്. ജ്വല്ലറിയുടെ മുന്‍വശത്ത് ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനായി ഒരു ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ബെംഗളൂരുവിലെത്തി ഇവിടെ നിന്ന് ബെല്ലാരിയില്‍ എത്തിയാണ് സ്വര്‍ണം വില്‍പന നടത്തിയത്.

സ്വര്‍ണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയില്‍ പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ കണ്ടെത്തി എസ്‌ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്.

നാല് മണിക്കൂറോളമാണ് എസ്‌ഐടി ഉദ്യോഗസ്ഥര്‍ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയത്.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബംഗളൂരുവില്‍ എത്തിച്ചാണ് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്, ബെല്ലാരിയില്‍ സ്വര്‍ണം വില്‍പ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികള്‍ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്.