- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്ഷേത്ര കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണം; അശ്രദ്ധ കാണിച്ചാല്‍ ദേവകോപം ഉണ്ടാകും; പതിറ്റാണ്ട് മുന്‍പേ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ 'ജയില്‍വാസം', സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ കുരുങ്ങുമ്പോള്‍ ചര്‍ച്ചയായി അയ്യപ്പ ഹിതം; എല്ലാം നേരത്തെ പ്രവചിച്ചിട്ടും കളളന്മാര് വാണു; ശബരിമലയിലെ പഴയ ദേവപ്രശ്‌നം ചര്‍ച്ചകളില്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍, പത്ത് വര്‍ഷം മുന്‍പ് നടന്ന ദേവപ്രശ്‌ന വിധിയിലെ പ്രവചനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2014-ല്‍ നടന്ന ദേവപ്രശ്‌നത്തില്‍ ശബരിമല ക്ഷേത്ര നടത്തിപ്പുകാര്‍ക്ക് ജയില്‍വാസം, അപായം, മാനഹാനി എന്നിവയുണ്ടാകുമെന്ന് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നു. നിലവില്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉന്നതര്‍ ജയിലിലായതോടെ, അന്ന് കണ്ടത് വെറുമൊരു പ്രവചനമല്ല മറിച്ച് വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പായിരുന്നുവെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.
2014 ജൂണ്‍ 18 ബുധനാഴ്ചയാണ് പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാരായ ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ ദേവപ്രശ്‌നം നടന്നത്. ഇതിലെ പ്രധാന വിധികള്‍ ഇവയായിരുന്നു: ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യവഹാരങ്ങള്‍ നേരിടേണ്ടി വരുമെന്നും ജയില്‍വാസം വരെ അനുഭവിക്കേണ്ടി വരുമെന്നും അന്ന് തെളിഞ്ഞിരുന്നു. കൊടിമരം മാറ്റം: ഈ വിധിപ്രകാരമാണ് 2017-ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പണിതത്. ക്ഷേത്ര കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അശ്രദ്ധ കാണിച്ചാല്‍ ദേവകോപം ഉണ്ടാകുമെന്നും ദേവപ്രശനത്തില്‍ തെളിഞ്ഞു.
അന്ന് ദേവപ്രശ്‌ന വിധിയില്‍ സൂചിപ്പിച്ചത് പോലെ ക്ഷേത്രവുമായി അടുത്തു പ്രവര്‍ത്തിച്ചവരും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തവരുമാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ ആരോപണ നിഴലിലുള്ളതും ജയിലില്‍ കഴിയുന്നതും. ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലെയുള്ളവരെ വേണ്ടത്ര പരിശോധനകളില്ലാതെ ശബരിമലയില്‍ നിയോഗിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുഷ്‌പേരിനും മാനഹാനിക്കും കാരണമെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്റെ ചൈതന്യത്തിന് അഹിതമായ പലതും ക്ഷേത്രത്തില്‍ നടക്കുന്നുണ്ടെന്ന അന്നത്തെ കണ്ടെത്തലുകള്‍ വിശ്വാസികളേയും ഞെട്ടിച്ചിട്ടുണ്ട്.
അതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംഭവം നടന്ന കാലയളവില്‍ മന്ത്രിയായിരുന്നതിനാല്‍ ഇത്തരം ആക്രമണങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി നേരിട്ട് നിശ്ചയിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ആ അന്വേഷണം ശരിയായ ദിശയിലാണെന്ന് പൊതുസമൂഹത്തിന് ബോധ്യമുണ്ട്. എന്നാല്‍ ഇതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ക്ഷേത്രങ്ങളിലെ ആഭരണങ്ങളുടെയോ സ്വര്‍ണ്ണത്തിന്റെയോ കാര്യങ്ങളില്‍ ഇടപെടുന്നതിന് ദേവസ്വം മന്ത്രിക്ക് പരിധികളുണ്ട്. ഇത്തരം ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിക്ക് നേരിട്ട് പങ്കില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.
ഉയര്‍ന്നുവന്ന ഓരോ ആരോപണങ്ങള്‍ക്കും താന്‍ മുന്‍പ് തന്നെ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. പുതുതായി പുറത്തുവരുന്ന വാര്‍ത്തകളില്‍ ഇനിയും കൂടുതല്‍ വിശദീകരിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുന്‍ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.


