പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സിപിഎമ്മിനെ വെട്ടിലാക്കി പാലക്കാട്ട് കനത്ത വിമതനീക്കം. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമായി. 'ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി' എന്ന പേരില്‍ രാഷ്ട്രീയ പടയൊരുക്കം നടത്താനാണ് വിമതരുടെ തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലകളിലെ അതൃപ്തരായ സി.പി.എം പ്രവര്‍ത്തകരെ ഒപ്പം കൂട്ടി വന്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനാണ് ശശിയുടെ അനുകൂലികളുടെ നീക്കം. ഇതോടെ ജില്ലയില്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

വിമത നീക്കം ശക്തമായതോടെ സി.പി.എം സംസ്ഥാന നേതൃത്വം അടിയന്തര ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചു. പി.കെ. ശശിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംസാരിച്ചേക്കുമെന്നാണ് വിവരം. ശശിയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനായില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്ന് എകെജി സെന്റര്‍ ഭയക്കുന്നു. അതേസമയം, ശശിയെയും സംഘത്തെയും യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസും തിരനീക്കങ്ങള്‍ നടത്തുന്നുണ്ട്. ഷൊര്‍ണ്ണൂര്‍ അല്ലെങ്കില്‍ ഒറ്റപ്പാലം സീറ്റുകള്‍ ശശിക്ക് വാഗ്ദാനം ചെയ്തതായാണ് സൂചന. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ശശി ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിപിഎം ഔദ്യോഗിക നേതൃത്വവുമായി കാലങ്ങളായി അകന്നുനില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ സുരേഷിനെ കൂടെക്കൂട്ടാനും നീക്കമുണ്ട്. സുരേഷിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതിനുപുറമെ, ബിജെപി നേതാവ് പ്രമീള ശശിധരനെയും കോണ്‍ഗ്രസിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗയാത്ര' പാലക്കാട്ടെത്തുമ്പോള്‍ വമ്പന്‍ രാഷ്ട്രീയ ബോംബുകള്‍ പൊട്ടിക്കാനാണ് യുഡിഎഫിന്റെ പ്ലാന്‍. പാലക്കാട്ടെ ഈ ചുവടുമാറ്റം സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വന്‍ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ഭീഷണിയുയര്‍ത്തി പാലക്കാട്ടെ സിപിഎം വിമതര്‍. ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിക്കാനാണു നീക്കം. പാലക്കാട് കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ നീക്കങ്ങള്‍. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിമത കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കാനാണു തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഎം വിമതരാണു സംയുക്തനീക്കം നടത്തുന്നത്. യുഡിഎഫ് പിന്തുണയും വിമതര്‍ക്കുണ്ട്.

പാലക്കാട്ടെ വിമതനീക്കം സിപിഎം നിരീക്ഷിച്ചുവരികയാണ്. പി.കെ. ശശിയുടെ നീക്കങ്ങള്‍ കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായിരുന്നു. ശശിയെ കോണ്‍ഗ്രസിലേക്കെത്തിക്കാനുള്ള നീക്കവും സജീവമാണ്. പി.കെ. ശശി എത്തിയാല്‍ ഷൊര്‍ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും. വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണു പുതിയ നീക്കങ്ങള്‍. മലമ്പുഴ മണ്ഡലത്തില്‍ മത്സരിപ്പിക്കാമെന്നാണ് സുരേഷിനു വാഗ്ദാനം നല്‍കിയിരിക്കുന്നത്. സുരേഷ് മത്സരിച്ചാല്‍ വിജയിക്കുമെന്നാണു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

ദീര്‍ഘകാലമായി പാര്‍ട്ടിയുമായി അകന്നുനില്‍ക്കുകയാണു സുരേഷ്. കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുരേഷ് 2002-ലാണ് വിഎസിനൊപ്പം ചേരുന്നത്. ഇതോടെ ഔദ്യോഗിക നേതൃതത്തിന്റെ കണ്ണില്‍ കരടാവുകയും പുറത്താകുകയുമായിരുന്നു.