തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായ സമരങ്ങളിലും നാമജപ ഘോഷയാത്രകളിലും പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു ശേഷം നാലരവര്‍ഷത്തിനിടയില്‍ ഒഴിവാക്കിയത് 1047 കേസുകള്‍. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്തതിനാല്‍ പോലീസ് തുടര്‍നടപടികള്‍ ഒഴിവാക്കുകയോ പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുകയോ ചെയ്തത് 1047 കേസുകളാണ്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 2634 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ 2021 ഫെബ്രുവരി 26ന് സര്‍ക്കാര്‍ പൊതു ഉത്തരവിറക്കിയിരുന്നെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ ഒഴിവാക്കണമെന്ന് പ്രതിപക്ഷവും വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഈ കേസുകള്‍ വേഗത്തില്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2023 ഓഗസ്റ്റ് 21ന് പ്രത്യേക യോഗം ചേരുകയും ജില്ലാ തലത്തില്‍ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 726 കേസുകളില്‍ കോടതി ശിക്ഷ വിധിച്ചു. 692 കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. 278 കേസുകളില്‍ പ്രതികളെ കോടതി വെറുതെവിട്ടു. 86 കേസുകള്‍ കോടതി മറ്റുതരത്തില്‍ തീര്‍പ്പാക്കി. ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും, അല്ലാത്തവ എത്രയും വേഗം പിന്‍വലിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

ഓരോ കേസും പിന്‍വലിക്കുന്നതിന് അതത് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്. ഇതിനായി പബ്ലിക് പ്രോസിക്യൂട്ടര്‍, ഡിവൈഎസ്പി, ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന ജില്ലാതല സമിതികളാണ് കേസുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നത്. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതല്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ എടുത്തിരുന്നു. 12,000 ത്തോളം പേരാണ് പ്രതികളായി ഉണ്ടായിരുന്നത്.

2018 ല്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലടക്കമായിരുന്നു പ്രക്ഷോഭം നടന്നത്. പോലീസ് സംരക്ഷണയില്‍ രണ്ടുയുവതികള്‍

ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിന് എത്തിയതിനുപിന്നാലെ 2019 ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലോടെ സംഘര്‍ഷഭരിതമായ പ്രതിഷേധം

അരങ്ങേറുകയായിരുന്നു. റാന്നിയിലും പത്തനംതിട്ടയിലും സമാധാനപരമായി നാമജപം നടത്തിയ വിശ്വാസികള്‍ അതേസമയത്തു തന്നെ പമ്പയിലും സന്നിധാനത്തും പോലീസിനെ ആക്രമിച്ചെന്നു കാട്ടി കേസ് രജിസ്റ്റര്‍ ചെയ്തെന്നും ആക്ഷേപമുയര്‍ന്നിരുന്നു. വിശ്വാസികള്‍ക്കു വേണ്ടി ശബരിമല കര്‍മ്മ സമിതിയാണ് കൂടുതല്‍ കേസുകളും നടത്തുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ഹിന്ദുസംഘടനകളും എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളടക്കം ആവശ്യപ്പെട്ടിരുന്നു.