തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് പുതുവേഗം നല്‍കി കേന്ദ്ര തീരുമാനം. അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്ക് കേന്ദ്രാനുമതി നല്‍കുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിര്‍മാണത്തിനായി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്ര തീരുമാനം. ഇതോടെ അതിവേഗം പണികള്‍ യാഥാര്‍ത്ഥ്യമാകും. ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്ഘടനയ്ക്കും കുതിപ്പ് പകരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പ്പര്യവും ഈ നീക്കത്തിന് പിന്നില്‍ ഉണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന വികസന പദ്ധതിയായ വിമാനത്താവള നിര്‍മ്മാണം അതിവേഗത്തിലാകും.

വിമാനത്താവളത്തിന് ഇനി വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം ലഭിക്കണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. പദ്ധതിസ്ഥലം അംഗീകരിക്കല്‍, പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവ്യവസ്ഥകള്‍ എന്നിവയ്ക്ക് നേരത്തേ കേന്ദ്രാനുമതി ലഭിച്ചിരുന്നു. വിമാനത്താവളത്തിനായി കെഎസ്‌ഐഡിസി ആണ് പദ്ധതി ശുപാര്‍ശ പി എം- ഗതിശക്തിക്ക് സമര്‍പ്പിച്ചത്. ഇത് കേന്ദ്രം അംഗീകരിച്ചു. 2570 ഏക്കറില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളം സംസ്ഥാനപാത 59ന് അരികിലാണ്. പമ്പയില്‍നിന്ന് 50 കിലോമീറ്ററും കോട്ടയം ടൗണില്‍നിന്ന് 40 കിലോമീറ്ററും മാത്രമാണ് ദൂരം.

അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്ക് കേന്ദ്രാനുമതി നല്‍കുന്നതാണ് 'പി.എം-ഗതിശക്തി' വകുപ്പ്. ഇനി വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ(ഡി.ജി.സി.എ.) അംഗീകാരംമാത്രമേ കേന്ദ്രതലത്തില്‍ ശേഷിക്കുന്നുള്ളൂ. അതിന് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും നടപടിക്രമങ്ങളും പൂര്‍ത്തിയാവണം. റോഡും റെയിലും വിമാനത്താവളവും ജലഗതാഗതവുമൊക്കെ ഉള്‍പ്പെടുന്ന ബഹുതല മാതൃകയിലുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം സാധ്യമാക്കി അനുമതി നല്‍കുന്ന കേന്ദ്രസംവിധാനമാണ് പി.എം-ഗതിശക്തി.

സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനുകള്‍ ഈ വകുപ്പ് പരിശോധിച്ച് അനുമതി നല്‍കും. ശബരിമല വിമാനത്താവളത്തിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി.) സമര്‍പ്പിച്ച പദ്ധതി ശുപാര്‍ശ പരിഗണിച്ചാണ് കേന്ദ്രാനുമതി. ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പെയ്സ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ-ഇന്‍ഫര്‍മാറ്റിക്‌സ് (ബിസാഗ്-എന്‍) എന്ന കേന്ദ്രസ്ഥാപനം പദ്ധതിക്കുള്ള ജിയോ-മാപ്പിങ് തയ്യാറാക്കിയിരുന്നു.

സാമൂഹികാഘാതപഠനം നടത്തിയത് സ്വതന്ത്ര ഏജന്‍സിയല്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനങ്ങളില്‍ ഭൂമിയുടെ കൈവശക്കാരുടെ പേരില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ കോടതി റദ്ദാക്കിയിരുന്നു. ഇനി പുതിയ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങള്‍ മുന്നോട്ടുനീങ്ങണം. സ്വതന്ത്ര ഏജന്‍സിയെ വെച്ച് സാമൂഹികാഘാതപഠനവും മറ്റും പൂര്‍ത്തീകരിക്കണം. ഇതിനെല്ലാംശേഷമേ ഡി.ജി.സി.എ. അനുമതിക്കായി പദ്ധതി സമര്‍പ്പിക്കാനാവൂ.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു റദ്ദായ, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണെന്നും വേഗത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വിജ്ഞാപനത്തിന് ഒപ്പം വിമാനത്താവളത്തിന്റെ വിശദ പദ്ധതിരേഖയും (ഡിപിആര്‍) പ്രസിദ്ധീകരിക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുപ്പിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താനുള്ള ഏജന്‍സിയെയും കണ്ടെത്തണം.