- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ? ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; വിമര്‍ശനം പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍; എഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്ന് വാദിച്ചു അഭിഭാഷകന്‍
അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ?

ന്യൂഡല്‍ഹി: ശബരിമലയില്‍ വീണ്ടും പരിഹാസവുമായി സുപ്രീംകോടതി. അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായാണ് സുപ്രീം കോടതി രംഗത്തെത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി.
അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ്മാരായ ദിപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങിയ ബെഞ്ച് സ്വര്‍ണക്കൊള്ളയ്ക്കെതിരേ നിര്‍ണായക പരാമര്‍ശം നടത്തിയത്. അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ആരാഞ്ഞത്.
അതേസമയം സ്വര്‍ണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നാനോ ടെക് ഗോള്‍ഡന്‍ ഡെപോസിഷന്‍ (NTGD) യില്‍ വിദഗ്ദ്ധന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഐഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ഒമ്പതിലേക്ക് സുപ്രീം കോടതി മാറ്റിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കണം എന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. നേരത്തെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരര്‍ക്ക് കീഴ്‌കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് രാജീവര്‍ക്ക് കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി കേസില്‍ സ്വാധീനം ചെലുത്തുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കട്ടിളപ്പാളി കേസില്‍ 13-ാം പ്രതിയും ദ്വാരപാലക കേസില്‍ 16-ാം പ്രതിയുമാണ് തന്ത്രി.
തന്ത്രിക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ എസ്‌ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണ്. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ഇന്ന് പുറത്തുവന്ന ജാമ്യ ഉത്തരവില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസില്‍ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്‌ഐടി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദം കൊല്ലം വിജിലന്‍സ് കോടതി പാടേതള്ളി.
എസ്‌ഐടി തന്ത്രിക്കെതിരേ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം മുഖ്യ പൂജാരിയാണ് തന്ത്രി. മുഖ്യപൂജാരിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എങ്ങനെയാണ് തെളിയിക്കാനാകുകയെന്നും കോടതി ചോദിച്ചു. 20.7.2019- ലേയും 18.05.2019-ലേയും മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.


