- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണം; തെളിവില്ലെന്ന പരാമര്‍ശം റദ്ദ് ചെയ്യണം; തന്ത്രി ഭക്തനായിരിക്കണമെന്നാണ് ദേവസ്വം മാനുവലിലെ നിര്‍ദ്ദേശം; ഇതിന് കടകവിരുദ്ധമായ തെളിവുകള്‍ തന്ത്രിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് ഹൈക്കോടതിയില്‍ എസ്‌ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ തന്ത്രിക്കെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം വാദിക്കുന്നത്. ജാമ്യ ഉത്തരവില്‍ തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടു.
കണ്ഠരര് രാജീവരര്‍ക്ക് എതിരായ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള്‍ ഇതിന് തെളിവായി കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണ്ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പെന്ന് എഴുതിയ മഹസറില്‍ തന്ത്രി ഒപ്പുവെച്ചു.
1998ല്‍ പാളികള്‍ സ്വര്‍ണ്ണം പൂശുമ്പോള്‍ കണ്ഠരര് രാജീവരര് ആണ് തന്ത്രിസ്ഥാനത്തുള്ളത്. സ്വര്‍ണ്ണപ്പാളികള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് തന്ത്രിക്ക് അറിയാം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേഡ് ഫയലിലാണ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലാണ് ഇത് തയ്യാറാക്കിയതെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.
തന്ത്രിക്കെതിരെ ഗുരുതര ആരോപണവും എസ്‌ഐടി ഉന്നയിച്ചിട്ടുണ്ട്. താന്ത്രിക കര്‍മ്മങ്ങളിലെ മതിയായ അറിവാണ് തന്ത്രിയാകാനുള്ള പ്രാഥമിക യോഗ്യത, തന്ത്രി ഭക്തനായിരിക്കണമെന്നാണ് ദേവസ്വം മാനുവലിലെ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് കടകവിരുദ്ധമായ തെളിവുകള്‍ തന്ത്രിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയിലാണ് തെളിവുകള്‍ കണ്ടെത്തിയതെന്നും എസ്‌ഐടി അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് 41 ദിവസത്തെ റിമാന്‍ഡിന് ശേഷം തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം ലഭിച്ച തന്ത്രി ജയില്‍ മോചിതനായിരുന്നു. കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും തന്ത്രി ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നും കൊല്ലം വിജിസന്‍സ് കോടതി ജാമ്യം അനുവദിക്കുന്ന വേളയില്‍ പറഞ്ഞിരുന്നു.
അതേസമയം ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ എസ്‌ഐടിയെ ഹൈക്കോടതി വീണ്ടും പ്രശംസിച്ചു. എസ്‌ഐടി നടത്തുന്നത് കൃത്യമായ അന്വേഷണമാണെന്നും രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തിലാണ് എസ്‌ഐടിയുടെ അന്വേഷണം നടക്കുന്നത്.
കേസില്‍ സിബിഐ അന്വേഷണ ആവശ്യം വേണമെന്ന ആവശ്യം ഹൈക്കോടതി എതിര്‍ത്തു. ഹര്‍ജിക്കാരോട് കടുപ്പിച്ച നിലപാടെടുത്ത ഹൈക്കോടതി ദേവസ്വം ബെഞ്ച്, സിബിഐ അന്വേഷണം പരിഗണിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി. വിചാരണക്കോടതി എന്ത് പറഞ്ഞുവെന്നതില്‍ കാര്യമില്ല. പ്രതികള്‍ക്കെതിരെ മുന്നോട്ട് പോകാന്‍ തെളിവുകളാണ് വേണ്ടത്. കുറ്റപത്രത്തിന് കൃത്യമായ ഉള്ളടക്കമാണ് വേണ്ടത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് മതിയായ സമയം നല്‍കണം. നിരവധി പരിശോധന അന്വേഷണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കണം. ശാസ്ത്രീയ പരിശോധനാഫലം ഇല്ലാതെ കുറ്റപത്രം നല്‍കാനാവില്ല. കുറ്റപത്രത്തിന് ശേഷമാണ് ശാസ്ത്രീയ പരിശോധനാ ഫലമെങ്കില്‍ അത് വെറും ചോക്ക് പൊടിയാകും. മറ്റ് കേസുകളിലെ വിധിന്യായങ്ങള്‍ ശബരിമല കേസില്‍ ബന്ധപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
ജാമ്യാപേക്ഷയിലെ വിചാരണക്കോടതിയുടെ പരാമര്‍ശങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. പൊതുബോധത്തിന്റെ ആശങ്ക കണക്കിലെടുക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച് കുറ്റക്കാരായവര്‍ മറുപടി പറയേണ്ടിവരും. അന്വേഷണം കൃത്യമായും ശരിയായും പൂര്‍ത്തിയാക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്.


