ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്നത്തില്‍ വ്യക്തമായതെന്ന് തന്ത്രി. ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശമായി കണ്ട് ഇത് അംഗീകരിക്കണമെന്നും സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ച് മുന്‍പാകെയാണ് തന്ത്രി തന്റെ വാദം എഴുതി നല്‍കിയത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരപരമായ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് തന്ത്രിയാണ്. ചില കാര്യങ്ങളില്‍ തന്ത്രിക്കും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോഴാണ് ദേവപ്രശ്നം നടത്തുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്നത്തില്‍ തെളിഞ്ഞത്. ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ദൈവികമായ നിര്‍ദേശമായി കണക്കാക്കി നടപ്പിലാക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു.

ഇതിന് പുറമേ കേരളത്തിലെ പൊതുസമൂഹവും യുവതീപ്രവേശന വിലക്ക് അംഗീകരിച്ചിട്ടുണ്ടെന്നും തന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഈ നിയന്ത്രണം കേരളത്തിലെ ഭക്തരായ സ്ത്രീസമൂഹവും പൂര്‍ണ മനസോടുകൂടി അംഗീകരിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 23 വരെ വിവിധ കക്ഷികള്‍ക്ക് വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. ഈ കേസില്‍ പ്രധാന കക്ഷിയാണ് തന്ത്രി കണ്ഠരര് രാജീവരര്. തുടര്‍ന്നാണ് തന്ത്രി വാദം സമര്‍പ്പിച്ചത്.

ആചാരങ്ങളില്‍ അവസാന തീരുമാനം എടുക്കേണ്ടത് കോടതികളല്ലെന്ന കര്‍ശന നിലപാടാണ് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ അതേപടി സംരക്ഷിക്കപ്പെടണമെന്നും കൊട്ടാരം വാദിച്ചു. എന്‍എസ്എസും ആചാര സംരക്ഷണത്തിനായി കോടതിയില്‍ നിലപാട് അറിയിച്ചു.

ഏപ്രില്‍ ഏഴിനാണ് കേസില്‍ വാദം തുടങ്ങുന്നത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തില്‍ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഉള്ളത്. ശബരിമലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരങ്ങളില്‍ കോടതിയുടെ പരിശോധന ആവശ്യമാണെങ്കില്‍ അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷം മാത്രമേ പാടുള്ളൂവെന്ന നിലപാടാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്.

ആചാരങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് കൃത്യമായ പഠനവും ചര്‍ച്ചയും വേണമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഒരു നിഷ്പക്ഷ വിഭാഗം എന്ന നിലയില്‍ പണ്ഡിതരുടെയും പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം തേടുന്നത് നീതി നടപ്പാക്കുന്നതിന് സഹായകരമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുന്‍പാകെയുള്ളത്.

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ തീര്‍പ്പുകല്‍പിക്കുകയല്ല, നിയമപരമായ വിഷയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.യുവതി പ്രവേശന വിധി നിലനിര്‍ത്തണമെന്നാണ് അസോസിയേഷന്റെ വാദം.

അതേസമയം, ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യത്തിന് മുകളിലല്ലെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് വാദിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ ആചാരങ്ങള്‍ക്കും മുകളിലാണെന്ന സൂചനയാണ് അവര്‍ നല്‍കിയത്. എന്നാല്‍, യുവതികള്‍ പ്രവേശിക്കണോ എന്ന കാര്യത്തില്‍ നേരിട്ടുള്ള മറുപടി നല്‍കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിറുത്താന്‍ ഇടതുമുന്നണിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. 2018 സെപ്തംബര്‍ എട്ടിനാണ് ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുണ്ടായത്. വിധിയോട് വിയോജിച്ച അന്നത്തെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍.