- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആചാരങ്ങള്‍ തോല്‍ക്കില്ല; യുവതീപ്രവേശനത്തില്‍ പിണറായി സര്‍ക്കാര്‍ 'യു-ടേണില്‍'; പഴയ സത്യവാങ്മൂലം തിരുത്തി സുപ്രീംകോടതിയിലേക്ക്; വിശ്വാസി സമൂഹം ജയിക്കുന്നു? ആചാര സംരക്ഷണത്തിന് പിണറായി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ നവോത്ഥാനം ഇനി ഫ്രീസറില്‍!
ആചാരങ്ങള്‍ തോല്‍ക്കില്ല; യുവതീപ്രവേശനത്തില്‍ പിണറായി സര്‍ക്കാര്‍ 'യു-ടേണില്‍'

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ചിരുന്ന കടുംപിടുത്തം ഉപേക്ഷിച്ച് പിണറായി സര്‍ക്കാര്‍ പത്തിമടക്കുന്നു. ആചാര സംരക്ഷണം ഉറപ്പാക്കണമെന്നും യുവതീപ്രവേശനത്തില്‍ പഴയ നിലപാട് തിരുത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കാനൊരുങ്ങുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തിരിച്ചടിയും വിശ്വാസികളുടെ കടുത്ത രോഷവും ഭയന്നാണ് മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിത 'യു-ടേണ്‍' എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. നാളെ തിരുത്തിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കും. ആചാരം സംരക്ഷിക്കണമെന്ന നിലപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
നവോത്ഥാന നായകനെന്ന പരിവേഷത്തോടെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ വാശിപിടിച്ച പിണറായി വിജയന്‍, ഒടുവില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാമെന്ന 2007-ലെ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ ഇത്രയും കാലം കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെടരുതെന്നും വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കാട്ടി സത്യവാങ്മൂലം പുതുക്കി നല്‍കാനാണ് മന്ത്രിസഭയിലെ ധാരണ.
അന്ന് പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്തുകയും ഇരുമുടിക്കെട്ടുമായി വന്ന ഭക്തര്‍ക്ക് നേരെ ലാത്തിവീശുകയും ചെയ്ത സര്‍ക്കാര്‍, ഇന്ന് അതേ ഭക്തരുടെ വോട്ട് ബാങ്കില്‍ കണ്ണുവെച്ചാണ് ഈ മലക്കംമറിച്ചില്‍ നടത്തുന്നത്. വിശ്വാസി സമൂഹത്തെ വഞ്ചിച്ചുവെന്ന ആക്ഷേപം ശക്തമായതോടെ പാര്‍ട്ടിക്കുള്ളിലും തിരുത്തല്‍ വേണമെന്ന സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിലുള്ള കേസില്‍ ആചാരങ്ങള്‍ നിലനില്‍ക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ചരിത്രപരമായ തിരുത്തലായാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പ്രതിപക്ഷം വന്‍ പ്രചാരണത്തിന് ഒരുങ്ങുകയാണ്. തോല്‍വി ഭയന്നാണ് പിണറായി ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയുന്നതെന്ന് രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നു. നവോത്ഥാന മതില്‍ കെട്ടിയവര്‍ തന്നെ അത് പൊളിച്ചടുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ പുതിയ നിലപാട് കോടതി അംഗീകരിച്ചാല്‍ അത് ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ലഭിക്കുന്ന നീതിയാകും.
ശബരിമലയില്‍ ആചാരം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ നിലപാട് കൈക്കൊണ്ടിരുന്നു. 2018-ല്‍ ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിനുമുന്‍പാകെ യുവതീപ്രവേശത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. എന്നാല്‍, 2019-ല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ മലക്കംമറിഞ്ഞ ബോര്‍ഡ് യുവതികളെ പ്രവേശിപ്പിക്കണമെന്ന് വാദിച്ചു. ഇപ്പോള്‍ യുവതീപ്രവേശം പാടില്ലെന്ന നിലപാടുമായി വീണ്ടുമൊരു യൂ ടേണ്‍ എടുക്കുകയാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും.
ശബരിമല പുനഃപരിശോധനാ ഹര്‍ജികളിലെ വിശാലമായ നിയമപ്രശ്‌നങ്ങള്‍ ഏപ്രില്‍ ഏഴുമുതല്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കും. മാര്‍ച്ച് 14-നകം കേസിലെ കക്ഷികളെല്ലാം സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടതോടെയാണ് ബോര്‍ഡും സര്‍ക്കാറും നിലപാട് മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ബോര്‍ഡിന്റെ നിലപാട് മാറ്റമെന്നത് ശ്രദ്ധേയമാണ്.
2018-ല്‍ യുവതീപ്രവേശത്തെ സുപ്രീംകോടതിയില്‍ എതിര്‍ക്കുമ്പോള്‍ പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും അതിനാല്‍ പത്തിനും 50-നുമിടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും അന്ന് ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി വാദിച്ചു. അതേസമയത്ത് സംസ്ഥാനസര്‍ക്കാര്‍ യുവതീപ്രവേശത്തെ ശക്തമായി അനുകൂലിച്ച് വാദമുന്നയിച്ചു. 2018 സെപ്റ്റംബറില്‍ യുവതീപ്രവേശം അനുവദിച്ച് അഞ്ചംഗബെഞ്ചിന്റെ വിധിയും വന്നു. 2019-ല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോഴേക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാറിയിരുന്നു. ഇതോടെ ബോര്‍ഡിന്റെ നിലപാടും മാറി.
എന്നാല്‍, പ്രയാര്‍ സ്വന്തംനിലയ്ക്ക് യുവതീപ്രവേശത്തെ എതിര്‍ത്ത് പുനഃപരിശോധനാ ഹര്‍ജി നല്‍കുകയും നേരത്തേ ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഷേക് മനു സിംഘ്‌വിയെത്തന്നെ തനിക്കുവേണ്ടി വാദിക്കാന്‍ നിയോഗിക്കുകയും ചെയ്തത് അന്ന് വാര്‍ത്തയായിരുന്നു. 2019 നവംബറില്‍ യുവതീപ്രവേശവിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. തുടര്‍ന്ന് 2020-ല്‍ ഒന്‍പതംഗ ബെഞ്ചുണ്ടാക്കിയെങ്കിലും ഒരു ദിവസം മാത്രമാണ് കേസ് പരിഗണിച്ചത്. ആറു വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ ഒന്‍പതംഗ ബെഞ്ചില്‍ വീണ്ടും ശബരിമല വിഷയമെത്തിയത്.


