- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമല കേസില്‍ മിണ്ടാതിരുന്ന് തടി തപ്പാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിഭാഷകന്റെ എട്ടിന്റെ പണി; പഴയ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കി ജയദീപ് ഗുപ്ത വെട്ടിലാക്കി; സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ വാദം തള്ളിയതും തിരിച്ചടി; വിശ്വാസികള്‍ക്കൊപ്പം കേന്ദ്രം; സുപ്രീംകോടതിയില്‍ പതറി പിണറായി സര്‍ക്കാര്‍
ശബരിമല കേസില്‍ മിണ്ടാതിരുന്ന് തടി തപ്പാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിഭാഷകന്റെ എട്ടിന്റെ പണി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ പിണറായി സര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടി. കോടതിയില്‍ 'മൗനം' വിദ്വാന് ഭൂഷണം എന്ന ലൈനില്‍ തടിതപ്പാന്‍ നോക്കിയ സര്‍ക്കാരിനെ സ്വന്തം അഭിഭാഷകന്‍ തന്നെ വെട്ടിലാക്കി. നോഡല്‍ ഓഫീസറെ നിയമിക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതേസമയം, ആറുവര്‍ഷമായി പറയാന്‍ ബാക്കിവെച്ചത് അക്കമിട്ടു നിരത്തി കേന്ദ്ര സര്‍ക്കാര്‍ ശബരിമലയിലെ വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് ഇന്ന് ദല്‍ഹിയില്‍ കണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നുവെന്നതിനൊപ്പം, കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനയെ ശക്തമായി പിന്തുണയ്ക്കുന്നു എന്നാണ് വ്യക്തമായത്. മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി നായരാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഇക്കാര്യം പങ്കുവച്ചത്.
നോഡല്‍ ഓഫീസറില്‍ പതറി കേരളം; അമ്പരപ്പിച്ച് ജയദീപ് ഗുപ്ത
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ 'മൗനം' പാലിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര തീരുമാനം. എന്നാല്‍ നോഡല്‍ ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ട വാദത്തിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നടത്തിയ പരാമര്‍ശം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
നടപടികള്‍ സുഗമമാക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രണ്ട് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് നാടകം തുടങ്ങിയത്. സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറിന്റെ പേര് നോഡല്‍ ഓഫീസറായി നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ ജയദീപ് ഗുപ്ത അതിനെ എതിര്‍ത്തു. 'യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളെ കേരളം ഇതുവരെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറാന്‍ സാധ്യതയുള്ളതിനാല്‍ നിഷേ രാജന്‍ ഷൊങ്കറെ നോഡല്‍ ഓഫീസറാക്കരുത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സര്‍ക്കാരിന്റെ മുന്‍കാല നിലപാട് കോടതിയില്‍ അനാവശ്യമായി ഓര്‍മ്മിപ്പിച്ചത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഭരണകൂടം.
ആറുവര്‍ഷത്തെ 'മൗനം' വെടിഞ്ഞ് കേന്ദ്രം; തുഷാര്‍ മേത്തയുടെ നിലപാട്
2020 ഫെബ്രുവരിയില്‍ പറയാന്‍ കരുതിവെച്ച കാര്യങ്ങള്‍ കൃത്യം ആറു വര്‍ഷങ്ങള്‍ക്കിപ്പുറം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 2020-ല്‍ വാദം തുടങ്ങാനിരിക്കെ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ഭാനുമതിക്ക് പനി ബാധിച്ചതും തുടര്‍ന്നുണ്ടായ കോവിഡ് നിയന്ത്രണങ്ങളും കാരണം കേന്ദ്രത്തിന് നിലപാട് വ്യക്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ന് കേസ് മെറിറ്റിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ തുഷാര്‍ മേത്ത കേന്ദ്ര നിലപാട് വ്യക്തമാക്കി: 'ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കേണ്ടത് തന്നെയാണ്.' പുനഃപരിശോധനാ ഹര്‍ജികളെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്ന ഉറച്ച നിലപാടാണ് അദ്ദേഹം കോടതിയില്‍ സ്വീകരിച്ചത്.
സമയം നീട്ടിനല്‍കില്ല; രാജീവരരുടെ ആവശ്യം തള്ളി
തന്ത്രി കണ്ഠരര് രാജീവരര്‍ക്കും ആചാര സംരക്ഷണ സമിതിക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി, വാദം എഴുതി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചില്ല. മാര്‍ച്ച് 14-നകം തന്നെ വാദങ്ങള്‍ എഴുതി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ബാലഗോപാല്‍ ബി നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
'നോഡല്‍ ഓഫീസറില്‍ പതറി കേരളം. പറയാന്‍ ബാക്കി വച്ചത് പറഞ്ഞ് കേന്ദ്രം. രാജീവരരുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്'
ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് നടന്ന വാദത്തിലെ ശ്രദ്ധേയമായ മൂന്ന് കാര്യങ്ങളാണ് ഇവ.
'ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികലെ ഞങ്ങള്‍ ഇത് വരെ എതിര്‍ത്തിരുന്നു' സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ ഈ നിലപാട് പറയുമ്പോള്‍ പലരും ആശ്ചര്യപ്പെട്ടു. മറക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രം എന്തിനാണ് ജയ്ദീപ് ഗുപ്ത പറയുന്നു എന്ന ചോദ്യം പോലും പലരും ഉന്നയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം ഉണ്ടാകുമെന്ന സൂചന ആയിരുന്നു ജയ്ദീപ് ഗുപ്ത നല്‍കിയത്. നോഡല്‍ ഓഫീസര്‍ നിയമനവും ആയി ബന്ധപ്പെട്ട വാദത്തിന് ഇടയിലാണ് ജയ്ദീപ് ഗുപ്ത സര്‍ക്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം സുപ്രീം കോടതിയില്‍ പറഞ്ഞത്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇന്ന് സുപ്രീം കോടതിയില്‍ 'മൗനം' പാലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായിരുന്നു ജയ്ദീപ് ഗുപ്തയുടെ അഭിപ്രായം.
'ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കും. ആ വിധി പുനഃപരിശോധിക്കേണ്ടത് തന്നെയാണ്' സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ഇന്ന് അറിയിച്ച നിലപാട് ആണിത്. 2020 ഫെബ്രുവരിയില്‍ ഇതേ നിലപാട് അറിയിക്കാന്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് കോടതിയില്‍ എത്തിയിരുന്നു. കൈയില്‍ ഉണ്ടായിരുന്ന വാദം കോടതിയില്‍ വായിക്കാനും തുടങ്ങിയിരുന്നു. പക്ഷേ അന്ന് അദ്ദേഹത്തിന് അക്കാര്യം കോടതിയില്‍ പറയാന്‍ കഴിഞ്ഞില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഫെബ്രുവരിയില്‍ തുഷാര്‍ മേത്ത മുമ്പ് പറയാന്‍ ബാക്കി വച്ചത് കോടതിയെ അറിയിച്ചു.
'വാദം എഴുതി നല്‍കാന്‍ ഉളള സമയം നീട്ടി നല്‍കണം' കണ്ഠരര് രാജീവരര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ആണ് ഈ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ മാര്‍ച്ച് 14 ന് അകം വാദം എഴുതി നല്‍കണം എന്ന നിര്‍ദേശത്തില്‍ ഒരു മാറ്റവും വരുത്താന്‍ സുപ്രീം കോടതി തയ്യാര്‍ ആയില്ല. കണ്ഠരര് രാജീവരരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് അത് അല്‍പ്പം ആശ്വാസം ആയേനെ.
കേസില്‍ ഏപ്രില്‍ 7-ന് വാദം ആരംഭിച്ച് ഏപ്രില്‍ 22-ഓടെ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി ലക്ഷ്യമിടുന്നത്.


