തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും അനുമതിയോടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

വായു സമ്പര്‍ക്കത്തിലുള്ള സ്വര്‍ണ്ണത്തില്‍ മൂലക മാറ്റമുണ്ടാകുമെന്നും അങ്ങനെ മൂലക മാറ്റമുണ്ടാകുന്ന സ്വര്‍ണ്ണത്തിന് മൂല്യം കൂടുമെന്നുമെല്ലാം വാദമുണ്ട്. മുമ്പ് ശബരിമലയിലെ മേല്‍ക്കൂര പൊളിച്ച് വീണ്ടും സ്വര്‍ണ്ണം പൂശുമ്പോള്‍ ഇത്തരത്തിലെ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം വാദങ്ങളെല്ലാം ഉള്ളപ്പോഴാണ് വീണ്ടും ശബരിമലയില്‍ സ്വര്‍ണ്ണം പണിക്കായി മാറ്റുന്നത്. പൊളിച്ച് ചെന്നൈയിലേക്കുള്ള സ്വര്‍ണ്ണം മാറ്റി അതേ തൂക്കത്തിലും അളിവിലുമുള്ള നല്ല സ്വര്‍ണ്ണത്തില്‍ പുതുക്കി പണിതാല്‍ പോലും സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കുരതുന്നവരുമുണ്ട്. തുറന്ന അന്തരീക്ഷത്തില്‍ ഏറെ നാളായി ഇരിക്കുന്ന ശബരിമലയിലെ സ്വര്‍ണ്ണമാണ് ചെന്നൈയിലേക്ക് പോയിരിക്കുന്നത്.

ശ്രീകോവിലിന്റെ ഇടത്തും വലത്തുമുള്ള ശില്‍പങ്ങളിലെ പാളിയാണ് ഇളക്കിയത്. കോടതിയുടെ അനുമതിയോടെ സന്നിധാനത്ത് മാത്രമേ സ്വര്‍ണ്ണപ്പണികള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് ഹൈക്കോടതി ബെഞ്ച് നിര്‍ദേശം. അത് പാലിക്കാത്തത് ഗുരുതര വീഴ്ച എന്ന് കാട്ടി കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം ദ്വാരപാലക ശില്‍പങ്ങള്‍ക്ക് കേടു പാടുണ്ടെന്നും അടുത്ത മണ്ഡലകാലത്തിനു മുന്‍പ് അത് പരിഹരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

മങ്ങലും കുത്തുകളും കാല്‍ ഭാഗത്ത് പൊട്ടലുമുണ്ട്. ബോര്‍ഡ് തീരുമാനപ്രകാരം തന്ത്രിയുടെ അനുമതി വാങ്ങി തിരുവാഭരണ കമ്മിഷണറും വിജിലന്‍സും അടക്കമാണ് പാളി ഇളക്കിയത്. അതിന് സ്‌പെഷല്‍ കമ്മിഷണറുടെ അനുമതി വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. തിരുവാഭരണ കമ്മിഷണറും വിജിലന്‍സ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഇളക്കിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കുന്നു.

ശ്രീകോവിലിന്റെ ഇരുവശങ്ങളിലായുള്ള ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണപാളികള്‍ ഉപയോഗിച്ച് മൂടിയിരുന്നു. സ്വര്‍ണപാളികള്‍ ഇളക്കണമെങ്കില്‍ ഹൈക്കോടതിയെ അറിയിച്ച് ഒരു സമിതിയെ നിയോഗിക്കണമായിരുന്നു. ഈ സമിതിയുടെ പൂര്‍ണ നിരീക്ഷണത്തില്‍ ശബരിമലയില്‍ വച്ച് തന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കേണ്ടതാണ്. അതിനു പകരം ഓണപൂജ കഴിഞ്ഞ് നട അടച്ച സമയത്ത് സ്വര്‍ണപാളികള്‍ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

1998ലാണ് ശബരിമല ക്ഷേത്രത്തിന്റെ മേലക്കൂരയില്‍ സ്വര്‍ണ്ണം പൂശിയത്. വ്യവസായി വിജയ് മല്യയാണ് അന്ന് ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പൂശാന്‍ മുന്നോട്ടുവന്നതും അതു നിര്‍വ്വഹിച്ചതും. ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ണ്ണം പൂശാനുള്ള വിജയ് മല്യയുടെ തീരുമാനം ആദ്യം ചില വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് അന്ന് സ്വര്‍ണ്ണം പൂശാന്‍ അനുമതി നല്‍കിയത്. അന്ന് ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശാന്‍ 32 കിലോഗ്രാം സ്വര്‍ണ്ണവും 1,900 കിലോഗ്രാം ചെമ്പുമാണ് വിജയ് മല്യ സംഭാവന നല്‍കിയത്. ഈ പ്രവര്‍ത്തിക്ക് അന്ന് 18 കോടി രൂപ ചെലവായെന്നുള്ള റിപ്പോര്‍ട്ടുകളും അന്ന് പുറത്തു വന്നിരുന്നു.