- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്; മറ്റന്നാള്‍ മുതല്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം; സ്വര്‍ണം മോഷണത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പോലീസില്‍ വിഎച്ച്പിയുടെ പരാതി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; വിവാദങ്ങള്‍ക്കിടെ നവീകരിച്ച സ്വര്‍ണപ്പാളികള്‍ 17-ന് പുനഃസ്ഥാപിക്കും
ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ സമരത്തിന് ഹിന്ദു ഐക്യവേദി. ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപ പ്രതിഷേധം തുടങ്ങാനാണ് ഹിന്ദു ഐക്യവേദി ഒരുങ്ങുന്നത്. മറ്റന്നാള്‍ മുതല്‍ വരുന്ന ഞായറാഴ്ച വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും. ദേവസ്വം ബോര്‍ഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.
ഇതിനിടെ ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പമ്പാ പോലീസില്‍ വിഎച്ച്പി പരാതി നല്‍കി. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലാണ് പരാതി നല്‍കിയത്. അതിനിടെ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്.
2019ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്‌പോണ്‍സര്‍ഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങള്‍ വിജിലന്‍സ് തേടി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. നേരത്തെ തിരുവനന്തപുരത്തും ബംഗളൂരുവിലുമായി രണ്ട് തവണ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് ഉണ്ണിക്കൃഷ്ണന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്.
അതിനിെ വിവാദങ്ങള്‍ വെളിപ്പെടുത്തലുകളും തുടരുന്നതിനിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം പതിനേഴാം തീയതി പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈകോടതിയുടെ അനുമതി ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുലമാസപൂജകള്‍ക്കായി ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ചിനാണ് ശബരിമലക്ഷേത്രത്തില്‍ നട തുറക്കുന്നത്. ഇതിന് മുന്നോടിയായി തന്ത്രിയുടെ നിര്‍ദേശാനുസരണം സ്വര്‍ണപ്പാളി സ്ഥാപിക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.
നവീകരണം പൂര്‍ത്തിയാക്കിയ സ്വര്‍ണപ്പാളികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേതന്നെ സന്നിധാനത്ത് തിരിച്ചെത്തിക്കുകയും അത് സന്നിധാനത്തെ ദേവസ്വംബോര്‍ഡിന്റെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണപ്പാളി പുനഃസ്ഥാപിക്കുന്നതിന് ഹൈകോടതിയുടെ അനുമതി തേടിയിരുന്നെന്നും അത് ലഭിച്ചതായും ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അയച്ചു.
ഇതിനിടെ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് ദേവസ്വം ബോര്‍ഡ്. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോര്‍ഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയില്‍ നേരിട്ട് ഇടപാടുകള്‍ നടത്തുമെന്നാണ് തീരുമാനം. 2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് വരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് വാറന്റി ഉപേക്ഷിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
അതേസമയം ഹൈകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് ആഗോള അയ്യപ്പ സംഗമത്തിനായി മൂന്ന് കോടി രൂപ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയെന്ന വാര്‍ത്തപുറത്തുവന്നതും ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സ്ട്രഷനാണ് മുന്‍കൂറായി തുക ദേവസ്വം കമീഷണറുടെ സര്‍പ്ലസ് ഫണ്ടില്‍നിന്ന് അനുവദിച്ചത്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.
സംഗമത്തിന്റെ നടത്തിപ്പിനായി കമ്പനിക്ക് ആകെ ചെലവായത് 8,22,42147 കോടി രൂപയാണ്. ഇതില്‍ ആദ്യഘട്ടമെന്നോണമാണ് മൂന്ന് കോടി രൂപ ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരം ദേവസ്വം കമീഷണര്‍ അനുവദിച്ചത്. അക്കൗണ്ട് നമ്പറടക്കം ഉത്തരവിലുണ്ട്. ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന തുകയടക്കമുള്ളതാണ് സര്‍പ്ലസ് ഫണ്ട്. ഇത് ഉപയോഗിക്കണമെങ്കില്‍ ഹൈക്കോടതി അനുമതി ആവശ്യമാണ്. എന്നിരിക്കെയാണ് ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരം ഫണ്ടില്‍ നിന്ന് ആഗോള അയ്യപ്പ സംഗമത്തിന് തുക അനുവദിച്ചത്. ഈ തീരുമാനത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാകുമോ എന്നാണ് അറിയേണ്ട കാര്യം.