- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണം പൂശിയ കട്ടിളയും രേഖയില്‍ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമെന്ന് മഹസര്‍ രേഖകള്‍; ഈ വര്‍ഷം പാളികള്‍ ഇളക്കിയതില്‍ ആചാര ലംഘനവും; ദ്വാരപാലകശില്പ അറ്റകുറ്റപ്പണി ഉച്ചപ്പൂജയ്‌ക്കോ അത്താഴപൂജയ്‌ക്കോ ശേഷമേ പാടുള്ളൂ എന്ന് ക്ഷേത്രനിയമം തെറ്റിച്ചു; പാളികള്‍ ഇളക്കിമാറ്റിയത് രാത്രി നട അടച്ചശേഷമെന്ന് വിജിലന്‍സ്
സ്വര്‍ണം പൂശിയ കട്ടിളയും രേഖയില്‍ ചെമ്പ്
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയതെന്നതില്‍ വിവാദം കൊഴുക്കുകയാണ്. ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപ്പാളിക്കു മുന്‍പ് പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് 2019 മേയ് 18ന് തയാറാക്കിയ മഹസര്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ദേവസ്വം ബോര്‍ഡ് കൂടുതല്‍ പ്രതിസന്ധിയിലായി.
അന്നത്തെ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ് കുമാര്‍ എന്നിവര്‍ തയാറാക്കിയ മഹസറില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥര്‍ ഒപ്പുവച്ചിട്ടുണ്ട്. ശ്രീകോവിലിലെ കട്ടിളയില്‍ പൊതിഞ്ഞിരിക്കുന്ന 'ചെമ്പു'പാളികളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചെലവില്‍ സ്വര്‍ണം പൂശുന്നതിനും കട്ടിളയില്‍ പൊതിഞ്ഞിരിക്കുന്ന പാളികള്‍ ഇളക്കി ഉണ്ണിക്കൃഷ്്ണന്‍ പോറ്റിയെ ഏല്‍പിക്കുന്നതിനും 20.3.19 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മഹസര്‍ തയാറാക്കിയത്.
തിരുവാഭരണം കമ്മിഷണര്‍, ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ശബരിമല ക്ഷേത്രം തന്ത്രി, അസിസ്റ്റന്റ് എന്‍ജിനീയര്‍, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തിലാണു ശ്രീകോവിലിന്റെ വാതിലിലെ കട്ടിളയില്‍ പൊതിഞ്ഞിരുന്ന പാളികള്‍ ഇളക്കിയെടുത്ത് എണ്ണവും തൂക്കവും തിട്ടപ്പെടുത്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പിച്ചത്. തന്ത്രി, മേല്‍ശാന്തി എന്നിവരുടെ സാന്നിധ്യത്തില്‍ 8 ഉദ്യോഗസ്ഥരാണ് മഹസറില്‍ ഒപ്പുവച്ചിരിക്കുന്നത്.
മഹസറില്‍ പറയുന്നത് ഇങ്ങനെയാണ്: 'ഉരുപ്പടികള്‍ ക്ലീന്‍ ചെയ്യുന്നതിന് മുന്‍പുള്ള തൂക്കം' എന്ന ശീര്‍ഷകത്തില്‍ മഹസറില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 'കട്ടിളപ്പടിയുടെ ഇരുവശങ്ങളിലായുള്ള 4 ചെമ്പുപാളികളും പടിയുടെ മുകളിലത്തെ ഉള്‍വശത്തെ ഒരു ചെമ്പുപാളിയും കട്ടിളയുടെ മുകളിലായുള്ള 'ശിവരൂപവും' ആയതിന്റെ പ്രഭയും വ്യാളീരൂപവും ഉള്‍പ്പെട്ട തകിടും ഉള്‍പ്പെടെ 7 ഭാഗങ്ങളുടെ തൂക്കം ആകെ 42 കിലോ 100 ഗ്രാം. ടി വകകള്‍ സ്വര്‍ണം പൂശുന്നതിലേക്ക് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പിച്ചിരിക്കുന്നു.'
ഈ മഹസറിലെ വീഴ്ച്ചയുടെ പേരിലാണ് മുരാരി ബാബുവിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. തുടര്‍ന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ ആറിയിച്ചിരക്കുന്നത്. അതേസമയം ശബരിമല ദ്വാരപാലകശില്‍പങ്ങളില്‍ പൊതിഞ്ഞ പാളികള്‍ സ്വര്‍ണം പൂശാനായി ഈ വര്‍ഷം ചെന്നൈയിലേക്കു കൊടുത്തയച്ചത് ക്ഷേത്രനിയമങ്ങള്‍ ലംഘിച്ചാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉച്ചപ്പൂജയ്‌ക്കോ അത്താഴപൂജയ്‌ക്കോ ശേഷമേ ദ്വാരപാലകശില്‍പങ്ങളില്‍ അറ്റകുറ്റപ്പണിയോ മറ്റു പ്രവൃത്തികളോ നടത്താവൂ എന്നാണു ക്ഷേത്രനിയമം. ഈ നിയമത്തില്‍ വീഴ്ച്ച വരുത്തിയാണ് ഇക്കുറി പാളികള്‍ ഇളക്കിമാറ്റിയത് എന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍, ഓണത്തിനു നടതുറന്നതിന്റെ അവസാനദിനമായ സെപ്റ്റംബര്‍ 7ന് രാത്രി നട അടച്ചശേഷമാണു ദ്വാരപാലകശില്‍പങ്ങളിലെ പാളികള്‍ ഇളക്കിമാറ്റിയതെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. സെപ്റ്റംബര്‍ 3നായിരുന്നു ഓണം നടതുറപ്പ്. നട അടയ്ക്കുന്ന ദിവസമായ 7ന് ചന്ദ്രഗ്രഹണമായിരുന്നു. രാത്രി 9.58ന് ഗ്രഹണം ആരംഭിക്കുമെന്നതിനാല്‍ 2 മണിക്കൂര്‍ മുന്‍പേ പൂജകള്‍ പൂര്‍ത്തിയാക്കി 8 മണിയോടെ നടയടച്ചു. പിന്നാലെ പാളികള്‍ ഇളക്കിമാറ്റി രാത്രിതന്നെ പമ്പയിലെത്തിച്ചു. 8ന് രാവിലെ ചെന്നൈയിലേക്കു കൊണ്ടുപോകുകയും ചെയ്തു.
ശ്രീകോവില്‍, ചുറ്റമ്പലം തുടങ്ങി പ്രധാന ഭാഗങ്ങളിലെ പ്രവൃത്തികള്‍ക്ക് തന്ത്രിയുടെ അനുമതിയും ദേവന്റെ അനുജ്ഞയും വാങ്ങേണ്ടതുണ്ട്. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന 2023 ലെ ഹൈക്കോടതി ഉത്തരവുമുണ്ട്. അയ്യപ്പന്റെ യോഗദണ്ഡ്, ജപമാല എന്നിവ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി പുറത്തുകൊണ്ടുപോയപ്പോഴായിരുന്നു കോടതി ഇടപെട്ടത്.
സമാനരീതിയിലാണ്, ഇത്തവണ പാളികള്‍ ചെന്നൈയിലേക്കു കൊണ്ടുപോയത്. രാവിലെ പാളികള്‍ കൊണ്ടുപോകുന്നതിനു സുരക്ഷയൊരുക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറോട് ആവശ്യപ്പെട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. 3 മണിയോടെ സ്‌പെഷല്‍ കമ്മിഷണറെ വിവരം അറിയിച്ചു. സ്‌പെഷല്‍ കമ്മിഷണര്‍ അന്നുതന്നെ സംഭവം ഹൈക്കോടതിക്കു റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പാളികള്‍ കൊണ്ടുപോയതിലെ തിടുക്കവും മുന്‍കൂട്ടി അറിയിക്കാതിരുന്നതിലെ അസ്വാഭാവികതയുമാണു സ്‌പെഷല്‍ കമ്മിഷണര്‍ക്കു സംശയം തോന്നാന്‍ കാരണമെന്നാണു വിവരം. നടതുറപ്പു വേളകളില്‍ സ്‌പെഷല്‍ കമ്മിഷണര്‍ സന്നിധാനത്തുണ്ടാകാറുണ്ട്. എന്നാല്‍, തിരക്കു മൂലം ഓണം നടതുറപ്പിന് എത്തിയിരുന്നില്ല. ഈ ദിവസങ്ങളില്‍ത്തന്നെ പാളികള്‍ ഇളക്കിയതും സംശയത്തിനു വഴിയൊരുക്കി.
ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണകവചം 2019 ല്‍ അറ്റകുറ്റപ്പണിക്കായി അഴിച്ചതും കൊണ്ടുപോയതും തോരാമഴയും വെള്ളപ്പൊക്കവുമുണ്ടായ ദിവസം. കര്‍ക്കടകമാസപൂജയ്ക്കു നട തുറന്നപ്പോഴായിരുന്നു ഇത്. ജൂലൈ 19, 20 ദിവസങ്ങളില്‍ ശക്തമായ മഴയില്‍ പമ്പാനദി കരകവിഞ്ഞു മണപ്പുറത്തു വെള്ളം കയറിയിരുന്നു. മുട്ടറ്റം വെള്ളത്തിലൂടെ ഇറങ്ങിക്കയറിയാണു തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിയത്. നട തുറന്ന ആദ്യ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നെങ്കിലും വെള്ളപ്പൊക്കമായതോടെ തിരക്കു കുറഞ്ഞിരുന്നു.
അതേസമയം ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശില്‍പങ്ങളുടെ വാറണ്ടി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്തബന്ധമുണ്ടെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ അജികുമാര്‍ രംഗത്തെത്തി.
പിഎസ് പ്രശാന്തിന്റെ പ്രതികരണത്തിനുശേഷമാണ് അജികുമാര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗം ബിനുവാണ് ബെംഗളൂരുവിലുള്ളവരെ പരിചയപ്പെടുത്തിയതെന്നും നിരാലംബരായ രണ്ടുപേര്‍ക്ക് വീട് കിട്ടിയപ്പോള്‍ സന്തോഷിച്ചുവെന്നും എന്നാല്‍, അതെല്ലാം ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും എല്ലാവരുടെയും പൊലീസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സംസാരിക്കാന്‍ പറ്റുമോയെന്നും അജികുമാര്‍ ചോദിച്ചു. താന്‍ ആരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ താനല്ല യോഗത്തിലേക്ക് ക്ഷണിച്ചതെന്നും എംഎല്‍എയും ഡിവൈഎസ്പിയുമൊക്കെ യോഗത്തില്‍ പങ്കെടുത്തുവെന്നും പാര്‍ട്ടി ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും അജികുമാര്‍ പറഞ്ഞു.
ശബരിമലയിലെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അജികുമാറിന്റെ കുടുംബക്ഷേത്രത്തിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ട് പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. കായംകുളം അറയ്ക്കല്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആയി അജികുമാര്‍ എത്തിച്ചത്. ബെംഗളൂരു സ്വദേശികളായ മൂന്ന് അയ്യപ്പ ഭക്തര്‍ നിര്‍മിച്ചു നല്‍കുന്ന വീട് എന്നാണ് നോട്ടീസില്‍ പറഞ്ഞത്. ട
രണ്ട് പേര്‍ രാഘവേന്ദ്ര, രമേശ് എന്നിവരായിരുന്നു മൂന്നാമന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും. അറയ്ക്കല്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പരിസരത്ത് വെച്ച് മെയ് 25 നാണ് താക്കോല്‍ ദാന ചടങ്ങ് നടന്നത്. അജികുമാറാണ് ഭവന പദ്ധതിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത്. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും അജികുമാര്‍ ആണ് പോറ്റിയെ എത്തിച്ചതെന്നും വീടിന് അര്‍ഹമായവരെ കണ്ടെത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്നും അറയ്ക്കല്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര ഭാരവാഹികള്‍ പ്രതികരിച്ചു.