- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വര്‍ണ്ണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും അന്തര്‍സംസ്ഥാന ബന്ധം; ശബരിമലയില്‍ പ്രതീക്ഷിച്ചു, ദേവസ്വം ബോര്‍ഡില്‍ കണ്ടില്ല; ഇഡി 'കയറി നിരങ്ങിയതോടെ' സകലരും ഞെട്ടി; വിറങ്ങലിച്ച് സിപിഎം; ഇത്രയും കാലം ബോര്‍ഡിനുള്ളില്‍ നടന്ന 'അവിശുദ്ധ ഇടപാടുകള്‍' ഇനി പുറത്തു വരും

തിരുവനന്തപുരം/പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇഡി പരിശോധന ഉണ്ടായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍, തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സിപിഎം നോമിനികളായ മുന്‍ പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും വീടുകളിലും ഒരേസമയം ഇഡി ഇരച്ചുകയറുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയില്ല. ഇത് സിപിഎമ്മിനെ അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പ്രതികളുടെ വീട്ടിനൊപ്പം ദേവസ്വം ബോര്‍ഡിലും ഇഡി എത്തിയത് നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമാണ്.
മകരവിളക്ക് കഴിഞ്ഞ് നടയടച്ചതിന് പിന്നാലെ 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' എന്ന പേരില്‍ ഇഡി നടത്തിയ മിന്നല്‍ നീക്കം സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. കോടികളുടെ കൊള്ള നടക്കുന്ന സ്ഥാപനമായി ദേവസ്വം ബോര്‍ഡ് മാറിയെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ഇഡിയുടെ ഓരോ നീക്കവും. തിരുവനന്തപുരത്തെ നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് മണിക്കൂറുകളാണ് ഇഡി ഉദ്യോഗസ്ഥര്‍ ഫയലുകള്‍ പരിശോധിച്ചത്. സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് പുറമെ, കഴിഞ്ഞ വര്‍ഷങ്ങളില്‍ ബോര്‍ഡില്‍ നടന്ന വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പുകളുടെയും വിവരങ്ങള്‍ ഇഡി ശേഖരിച്ചു.
ബോര്‍ഡ് ആസ്ഥാനത്ത് ഇഡി സംഘം ഇരിപ്പുറപ്പിച്ചതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക അന്വേഷണത്തിനാണ് വഴിതുറന്നിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവരുടെ വീടുകളില്‍ നടന്ന പരിശോധന സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ പത്ത് മണിക്കൂറോളമാണ് ഇഡി പരിശോധന നീണ്ടത്.
കൂടാതെ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരുടെ വസതികളിലും ഇഡി എത്തിയത് പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ രാഷ്ട്രീയ നേതൃത്വത്തിന്റെ തണലുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. രാജേന്ദ്രപ്രസാദിന്റെ അങ്കമാലിയിലെ വീട്ടില്‍ നിന്ന് നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, കര്‍ണാടകയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ദ്ധന്‍ എന്നിവരുടെ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലൂടെ സ്വര്‍ണ്ണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമായി.
കോടികളുടെ സ്വര്‍ണ്ണവും പണവും കൈകാര്യം ചെയ്യുന്ന ശബരിമലയെയും ദേവസ്വം ബോര്‍ഡിനെയും മറയാക്കി നടന്ന വന്‍ അഴിമതിയുടെ ചുരുളഴിക്കാനാണ് ഇഡി നീക്കം. ഇതോടെ ഇത്രയും കാലം ബോര്‍ഡിനുള്ളില്‍ നടന്ന 'അവിശുദ്ധ ഇടപാടുകള്‍' പുറത്തു വരുമെന്ന ഭീതിയിലാണ് സിപിഎം ക്യാമ്പുകള്‍.


