- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമലയില്‍ നടന്നത് വലിയ അഴിമതി'; ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസ് ഒപ്പിട്ടില്ലേ; അങ്ങനെ ഒരാള്‍ക്ക് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടാന്‍ കഴിയില്ല; ശബരിമല കേസില്‍ കെ പി ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ സുപ്രീംകോടതി നടത്തിയത് കടുത്ത വിമര്‍ശനം
'നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമലയില്‍ നടന്നത് വലിയ അഴിമതി'
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേസിലെ പ്രതികള്‍ക്ക് വലിയ തിരിച്ചടിയാണ്. നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ലെന്ന അതിരൂക്ഷ പ്രതികരണമാണ് കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസ് ഒപ്പിട്ടിരുന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ബോര്‍ഡ് തീരുമാനങ്ങളില്‍ പങ്കാളിയായ ഒരാള്‍ക്ക് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ശബരിമലയില്‍ നടന്നത് വലിയ ക്രമക്കേടാണെന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് കൊള്ളയില്‍ ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളില്‍ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ, ബോര്‍ഡ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായില്ല. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ ശങ്കരദാസിന് വീണ്ടും കേരള ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തു വിടാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡിലെ അംഗമാണ് ശങ്കരദാസ്. എ.പത്മകുമാറിനെയും എന്‍.വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ശങ്കരദാസിനെ പ്രതി ചേര്‍ക്കാത്തത് എന്താണെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദിച്ചിരുന്നു. 2019ല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിനാണ് ഒഴിവാക്കിയതെന്നും ഇവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നുമായിരുന്നു ഹൈക്കോടതി ചോദിച്ചിരുന്നത്.
ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ശങ്കര്‍ദാസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നിലവില്‍ സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയമായും എസ്‌ഐടി ആക്രമിക്കപ്പെട്ടു. എന്നാല്‍ എസ്‌ഐടി രൂപീകരിച്ച ദേവസ്വം ബെഞ്ചിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്.
അന്വേഷണത്തില്‍ ദേവസ്വം ബെഞ്ച് തൃപ്തി അറിയിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജനുവരി 17 വരെയാണ് നേരത്തെ അനുവദിച്ച സമയം. അത് ആറാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുണ്ട്. എസ്‌ഐടി ആവശ്യപ്രകാരമാണ് സമയം നീട്ടിയത്. സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനും എസ്പിക്ക് അനുമതി നല്‍കി.
ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോള്‍ എസ്‌ഐടി നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ശങ്കരദാസിനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ശങ്കരദാസിന്റെ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് നേരത്തെ അറസ്റ്റ് വൈകിപ്പിച്ചിരുന്നു എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങള്‍ അന്വേഷണ സംഘത്തിന് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.




