- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുപ്പുസ്വാമി നിരവധി മോഷണ കേസില്‍ പ്രതിയെന്ന് പോലീസ്; മരക്കൂട്ടത്ത് നിന്നും പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍; ബ്ലേഡും കത്തിയും അടക്കം മോഷണ സാമഗ്രികളും കിട്ടി; ജാമ്യം കിട്ടിയവര്‍ നേരെ എത്തിയത് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍; സന്നിധാനം എസ് ഐയ്ക്കെതിരെ മര്‍ദ്ദനാരോപണം; ഇടപെട്ട് സിപിഎമ്മും
ശബരിമല : പമ്പ - സന്നിധാനം ശരണ പാതയിലെ മരക്കൂട്ടത്തു നിന്നും മോഷണത്തിനായി എത്തി പിടിയിലായവര്‍ എസ് ഐ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയുമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍. സംഭവം പാര്‍ട്ടി ഗൗരവത്തില്‍ എടുക്കും.
സംശയാസ്പദമായ രീതിയില്‍ മരക്കൂട്ടത്തെ പന്തക്കാടിന് സമീപത്തു നിന്നും തിങ്കളാഴ്ച വൈകിട്ട് പിടിയിലായ തേനി പൊന്‍നഗര്‍ കാളിയമ്മന്‍ സ്ട്രീറ്റില്‍ കറുപ്പു സ്വാമി (31 ) , തേനി ഉത്തമ പാളയം ബാലക്കോട്ട 234/2 ന്യൂ കോളനിയില്‍ വസന്ത് തങ്കമൈ (24) എന്നിവരാണ് സന്നിധാനം എസ് ഐ അനൂപ് ചന്ദ്രനെതിരെ മര്‍ദ്ദന പരാതിയുമായി ഇന്ന് രാവിലെയോടെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്.
റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഇന്ന് രാവിലെയോടെ പരാതിയുമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. പിടിയിലായ ഇരുവരെയും സന്നിധാനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ബ്ലേഡും കത്തിയും ഉള്‍പ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായ കറുപ്പു സ്വാമിക്ക് എതിരെ മോഷണ കേസുകള്‍ നിലവിലുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ കേസിലാണ് സിപിഎം ഇടപെടല്‍. മര്‍ദ്ദനം ആരോപണം അന്വേഷിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോട് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം നടക്കും. തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കള്‍ ശബരിമലയില്‍ പിടിയിലായി എന്നായിരുന്നു ദേശാഭിമാനിയില്‍ അടക്കം വാര്‍ത്ത വന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ രണ്ട് പേരും ജോലിക്കായി എത്തിയവരാണെന്ന് പറഞ്ഞുവെങ്കിലും അത് തെളിയിക്കുന്ന രേഖകളൊന്നും മോഷ്ടാക്കളുടെ കൈവശം ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. പിന്നീട് കാട്ടില്‍ ഒളിച്ച ഇരുവരും മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്