- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡാനന്തരം മലകയറ്റം ഏറെ അപകടകരം; കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കയറുമ്പോൾ സൂക്ഷിക്കാനേറെ; തീർത്ഥാടനം തുടങ്ങി ഒന്നര ആഴ്ചയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചത് ആറുപേർ; ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായിട്ടും ചികിത്സാ സൗകര്യങ്ങളിൽ ഗൗരവം പോരാ; മരണമടഞ്ഞ തീർത്ഥാടകരുടെ ആശ്രിതർക്ക് സഹായം അനുവദിക്കുന്നതിലും ചിറ്റമ്മനയം
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് ലക്ഷങ്ങൾ ഒഴുകിയെത്തുമ്പോൾ മല കയറ്റത്തിനിടെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം കൂടുന്നു. മരണ നിരക്കും ഉയരുകയാണ്. മണ്ഡല കാല തീർത്ഥാടനം തുടങ്ങി ഒന്നരയാഴ്ചയ്ക്കിടെ ആറ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ ശബരിമല പാതയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശ വാദം. എന്നാൽ ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നതാണ് മരണങ്ങളിലൂടെ വ്യക്തമാകുന്നത്.
കോവിഡാനന്തര കാലത്ത് മലകയറ്റം ഏറെ അപകടം പിടിച്ചതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു തവണയെങ്കിലും കോവിഡ് ബാധിച്ചവരാണ് ശബരിമലയിലേക്ക് എത്തുന്നവരിൽ അൻപത് ശതമാനം .അതുകൊണ്ട് തന്നെ മലകയറ്റത്തിനിടെ ഹൃദയാഘാതം ഉൾപെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറഞ്ഞിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ സർക്കാർ ഗൗരവത്തിൽ എടുത്തില്ലെന്നു വേണം കരുതാൻ
ഹൃദയാഘാത ചികിത്സയ്ക്കുള്ള പരിമിതമായ സൗകര്യങ്ങളേ ശബരിമലയിലും സമീപ ആശുപത്രികളിലും ഉള്ളൂ. എന്തിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോലും മതിയായ ചികിത്സാ സൗകര്യങ്ങളില്ല. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയാണ് ഇപ്പോൾ. ദൂരമേറെയുള്ള യാത്രാമധ്യേ ഹൃദ്രോഗ ബാധിതരായ തീർത്ഥാടകർ മരിക്കുന്നത് പതിവായിക്കഴിഞ്ഞു. തീർത്ഥാടനത്തിന്റെ ബേസ് ആശുപത്രിയാണ് പത്തനംതിട്ട ജനറൽ ആശുപത്രി. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലായിട്ടും ആശുപത്രിയിൽ തീർത്ഥാടക ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
രണ്ടു കാർഡിയോളജി സെന്ററുകളും 15 പ്രഥമ ശുശ്രൂഷ കേന്ദ്രങ്ങളും നീലിമല പാതയിൽ ഉണ്ട്. കുത്തനെയുള്ള കയറ്റമാണ് നീലിമലയും അപ്പാച്ചിമേടും. ഒന്നര കിലോമീറ്റർ കയറ്റമുണ്ട്. ഇവ കയറുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂടുന്നു. കൊറോണറി രക്തധമനികളിൽ തടസങ്ങളുള്ളവരിൽ ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.
നീലിമല , അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് കാർഡിയോളജി സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമേ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ ആശുപത്രികളിലും ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലപ്രദമാകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹൃദയാഘാതം മൂലം ആറ് മരണം സംഭവിച്ചത് തെളിയിക്കുന്നത്. മുൻ വർഷങ്ങളിൽ നാല് കാർഡിയാക് സെന്ററുകൾ പ്രവർത്തിച്ചിരുന്നിടത്താണ് ഇക്കുറി രണ്ടെണ്ണം മാത്രം പ്രവർത്തിക്കുന്നത്.
എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെട്ട പമ്പ, സന്നിധാനം ആശുപത്രികളിൽ മതിയായ സൗകര്യങ്ങളില്ല എന്നതാണ് വാസ്തവം. തീർത്ഥാടന പാതയിലെ പ്രധാന ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സി ടി സ്‌ക്കാൻ സൗകര്യമോ ഐ സി യു ആംബുലൻസോ ഇല്ല. ഗുരുതരാവസ്ഥയിൽ പത്തനംതിട്ടയിൽ എത്തുന്ന തീർത്ഥാടകനെ മറ്റൊരു പ്രധാന ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളേജിലേക്കോ മാറ്റേണ്ടി വന്നാൽ ഐ സി യു ആംബുലൻസ് ഇല്ലാത്തതിനാൽ കുഴയും.
തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് പലതവണ സർക്കാർ സംവിധാനങ്ങൾ യോഗം ചേർന്നിരുന്നു. രോഗികളെ എവിടേക്ക് മാറ്റണമെന്ന് പമ്പയിൽ വച്ച് തന്നെ തീരുമാനമെടുക്കണമെന്ന് യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. എന്നാൽ നിലവിൽ എല്ലാവരേയും പത്തനംതിട്ടയിൽ എത്തിച്ച ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുന്നത്.
പ്രതിദിനം അര ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇപ്പോൾ ശബരിമലയിൽ എത്തുന്നത്. വരും ദിവസങ്ങളിൽ തിരക്ക് കൂടും. നിലവിൽ താളം തെറ്റിയ ആരോഗ്യ വകുപ്പിന്റെ ക്രമീകരണങ്ങൾ തിരക്ക് വർധിക്കുമ്പോൾ പാളിപ്പോകാനുള്ള സാധ്യത ഏറെയാണ്. ആശുപത്രികളിൽ അടിയന്തര ജീവൻ രക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ശബരിമലയിൽ മരണ നിരക്ക് ഉയരും.
ശബരിമലയോട് ഇരട്ടത്താപ്പാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഇതിനകം തന്നെയുണ്ട്. ശബരിമലയിൽ മരണമടയുന്ന തീർത്ഥാടകരുടെ ആശ്രിതർക്ക് മരണാനന്തര കർമ്മങ്ങൾ നടത്തുന്നതിനായി 5 ലക്ഷം രൂപ അഡ്വാൻസ് അനുവദിക്കണമെന്ന പത്തനംതിട്ട ജില്ല കളക്ടർ ദിവ്യ എസ്. അയ്യരുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. കളക്ടറുടെ ആവശ്യം പരിശോധിച്ച സർക്കാർ 1 ലക്ഷം രൂപ മാത്രമാണ് അഡ്വാൻസായി അനുവദിച്ചത്. ഈ മാസം 15 ന് റവന്യു സെക്രട്ടറി കെ.ബിജു ഐ എ എസ് ആണ് 1 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത്.
ശബരിമല തീർത്ഥാടന കാലയളവിൽ ഹൃദയാഘാതം മൂലവും മറ്റ് അപകടങ്ങൾ സംഭവിച്ചും മരണമടയുന്ന തീർത്ഥാടകരുടെ ആശ്രിതർക്ക് മൃതദേഹം സ്വദേശത്ത് എത്തിച്ച ശേഷമുള്ള മരണാനന്തര കർമ്മങ്ങൾ നടത്തുന്നതിലേക്കായി 5000 രൂപ അടിയന്തര ധനസഹായം അനുവദിക്കുന്നതിന് 5 ലക്ഷം രൂപ അഡ്വാൻസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 7 നാണ് കളക്ടർ ദിവ്യ എസ്. അയ്യർ സർക്കാരിന് കത്ത് നൽകിയത്. ഇതുമായി ബന്ധപെട്ട ഫയൽ റവന്യു വകുപ്പ് ധന വകുപ്പിന് കൈമാറിയിരുന്നു. ധനവകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 1 ലക്ഷം രൂപ മാത്രം അഡ്വാൻസായിഅനുവദിച്ചത്.