- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ ഇരുന്നാലും ശബരിമലയിലെ ക്യാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കാം; പോരായ്മ കണ്ടാല്‍ അപ്പോള്‍ സ്‌പെഷല്‍ ഓഫിസറെ വിളിച്ച എഡിജിപി; പരിഹാരത്തിന് പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ ഓടിയെത്തി; മലയിറങ്ങിയത് ഭക്തന്മാര്ക്ക് അടികൊടുക്കാത്ത പോലീസിന്റെ തീര്‍ത്ഥാടനക്കാലം; തൃശൂര്‍ പൂരത്തിലെ 'കഷ്ടകാലം' ശബരിമലയില്‍ പോലീസ് മാറ്റുമ്പോള്‍
പത്തനംതിട്ട; സ്ത്രീ പ്രവേശന സുപ്രീംകോടതി വിധിയുണ്ടാക്കിയ ചര്‍ച്ചകളും നടപടികളും മുതല്‍ ശബരിമലയില്‍ പോലീസ് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിരുന്നത്. നിരവധി വിവാദങ്ങള്‍ പോലീസിനെ പിടിച്ചു കുലുക്കി. തൃശൂര്‍ പൂരം അലങ്കോലം കൂടിയായതോടെ ക്ഷേത്രങ്ങളിലെ പോലീസ് മാനേജ്‌മെന്റ് ചോദ്യങ്ങളിലൂടെ വിവാദ ചര്‍ച്ചാവിഷയമാകുകയാണ്. അതുകൊണ്ട് കൂടി ഈ കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലം പോലീസിന് നിര്‍ണ്ണായകമായാരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചറിഞ്ഞു. എഡിജിപി എസ് ശ്രീജിത്തിനെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചു. സന്നിധാനത്ത് കൂടതല്‍ സമയം ചെലവഴിച്ച് പോലീസിന് കര്‍മ്മരഹിതമാക്കി എഡിജിപി. അങ്ങനെ ശബരിമലയിലെ പോലീസിന് ചീത്തപേരുണ്ടാക്കാത്ത തീര്‍ത്ഥാടന കാലത്തിനും പരിസമാപ്തിയായി. സ്ത്രീ പ്രവേശന വിവാദ കാലത്ത് സന്നിധാനത്തെ സംഘര്‍ഷ ഭൂമിയാക്കാതിരിക്കാന്‍ ശ്രീജിത്ത് നടത്തിയത് സമാനതകളില്ലാത്ത ഇടപെടലായിരുന്നു. പക്ഷേ അതിന് ശേഷം 2024ലാണ് ശ്രീജിത്തിന് ശബരിമലയിലെ ചുമതല കിട്ടിയതെന്നതാണ് മറ്റൊരു വസ്തുത.
സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും തലവേദന സൃഷ്ടിക്കാത്ത വിധം ഇത്തവണത്തേത് പരാതിരഹിതവും സമാധാനപരവും മികവുറ്റതുമായ ശബരിമല തീര്‍ഥാടന കാലം ആയിരുന്നു. അരക്കോടിയിലധികം തീര്‍ഥാടകര്‍ക്ക് സു?ഗമവും സുരക്ഷിതവുമായ തീര്‍ഥാടനം ഒരുക്കിയാണ് മണ്ഡല മകരവിളക്ക് മഹോത്സവം സമാപിച്ചത്. ഇതിന് പോലീസിന്റെ റോള്‍ വലുതായിരുന്നു. പതിനെട്ടാംപടിയിലൂടെ പരമാവധി തീര്‍ത്ഥാടകരെ കയറ്റുന്നുണ്ടെന്ന് ഉറപ്പിച്ചതായിരുന്നു ഏറ്റവും നിര്‍ണ്ണായകമായത്. മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നട തുറന്ന ശേഷം നടപ്പാക്കിയ ക്രമീകരണങ്ങളും ഫലം കണ്ടു. ശബരിമലയുടെ പേരില്‍ മുതലെടുപ്പിന് കാത്തുനിന്നവര്‍ക്ക് നിരാശ നല്‍കുന്നതായി ഈ മണ്ഡല മകരവിളക്ക് കാലം എന്ന് സര്‍ക്കാരും വിലയിരുത്തുന്നു. നവംബര്‍ 15ന് മണ്ഡലപൂജയ്ക്ക് നട തുറന്നത് മുതല്‍ ജാഗ്രതയോടെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിച്ചു. പോലീസ് എല്ലാം ഭംഗിയായി ചെയ്തതോടെ സര്‍ക്കാരിന് തലവേദനയും ഒഴിഞ്ഞു.
സുഖ ദര്‍ശനം സുരക്ഷിത ദര്‍ശനം'' എന്നതായിരുന്നു ശബരിമലയില്‍ ഇത്തവണ പൊലീസിന്റെ കാഴ്ചപ്പാട്.ദര്‍ശനം നടത്തിയ തീര്‍ഥാടകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആണെങ്കിലും ദര്‍ശനത്തിനു വലിയ കാത്തുനില്‍പ്പോ പരാതിയോ ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷത്തെ പോരായ്മ പഠിച്ചു ചില പൊടിക്കൈകള്‍ പ്രയോഗിച്ചു. അതിന്റെ ഫലം കണ്ടുവെന്ന് പോലീസും തിരിച്ചറിഞ്ഞു. തീര്‍ഥാടകരെ എങ്ങും തടഞ്ഞില്ല. വഴിനീളെ അനാവശ്യമായി തടഞ്ഞിട്ട് ആരെയും ബുദ്ധിമുട്ടിച്ചില്ല. ഒരു തടസ്സവുമില്ലാതെ മലകയറി സന്നിധാനത്ത് എത്തി വലിയ കാത്തുനില്‍പ്പ് ഇല്ലാതെ പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ അവസരം കിട്ടിയതോടെ തീര്‍ത്ഥാടകരും പരാതി പറഞ്ഞില്ല. ശബരിമലയിലേക്കുള്ള യാത്രയില്‍ തീര്‍ഥാടകരെ ഒരു സെക്കന്‍ഡ് പോലും വഴിയില്‍ തടഞ്ഞിടരുതെന്നു പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിയ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത്തിന്റെ നടപടിയാണ് ഇതില്‍ നിര്‍ണ്ണായകമായത്. തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിലെ കാലതാമസമായിരുന്നു ക്യു നീളാനുള്ള പ്രധാന കാരണം. എന്തുകൊണ്ടാണ് താമസമുണ്ടാകുന്നതെന്ന് കണ്ടെത്തി. അതിന് പരിഹാരവും കണ്ടു ചീഫ് പോലീസ് കോ ഓര്‍ഡിനേറ്റര്‍.
പതിനെട്ടാംപടിയുടെ വശത്ത് പൊലീസുകാര്‍ക്ക് ഇരുന്ന് തീര്‍ഥാടകരെ കയറ്റിവിടാനുള്ള സംവിധാനം ഒരുക്കി. ഇതിനൊപ്പം പടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയവും കുറച്ചു. 15 മിനിറ്റ് കഴിയുമ്പോള്‍ പൊലീസുകാര്‍ക്ക് വിശ്രമം അനുവദിച്ചു. ഇത് വിജയം കണ്ടു. ഒരു മിനിറ്റില്‍ ശരാശരി 75 മുതല്‍ 80 പേര്‍ വരെ പതിനെട്ടാംപടി കയറ്റി. മഴ സമയത്തു മാത്രമാണ് അല്‍പ്പം കുറഞ്ഞത്. ചില സമയത്ത് മിനിറ്റില്‍ 90 മുതല്‍ 97 പേരെ വരെ കയറ്റി ഇത്തവണ ചരിത്രവും തിരുത്തി. ശബരിമലയില്‍ ഇല്ലെങ്കിലും പ്രശ്‌നമില്ല. എവിടെ ഇരുന്നാലും ശബരിമലയിലെ ക്യാമറാദൃശ്യങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടെന്ന് ശ്രീജിത്തിന് അറിയാമായിരുന്നു. അതുകൊണ്ട് പോരായ്മ കണ്ടാല്‍ അപ്പോള്‍ സ്‌പെഷല്‍ ഓഫിസറെ വിളിക്കുമായിരുന്നു എഡിജിപി. അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ അവിടെ പോയി നിന്നു പരിഹാരം കണ്ടു. അതും പരാതി രഹിത പോലീസിംഗിന് കാരണമായി. അതായത് ശബരിമലയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മുഴുവന്‍ സമയം സന്നിധാനത്തെ ചലനങ്ങള്‍ എഡിജിപി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
പരാതി രഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാര്‍ത്ഥ സഹകരണത്തിന്റെ ഫലമാണെന്ന് പൊലീസ് കോര്‍ഡിനേറ്റര്‍ എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് തിരിച്ചറിയുന്നുണ്ട്. പൊലീസിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. അതിനോട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തീര്‍ത്തും അനുകൂലമായി പ്രതികരിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിലെ പല്‍ചക്രത്തിന്റെ ഒരു പല്ല് മാത്രമായിരുന്നു പൊലീസ്. അത് മികച്ചൊരു പല്ലായിരുന്നു എന്നുവേണം പറയാന്‍. എല്ലാവര്‍ക്കും നന്ദി പറയുന്നതായും പൊലീസ് കോര്‍ഡിനേറ്റര്‍ വിശദീകരിച്ചിരുന്നു. മുമ്പ് എല്ലാം ഭക്തരുടെ ഭാഗത്ത് നിന്നും പോലീസ് മര്‍ദ്ദന ആരോപണം ശബരിമലയില്‍ ഉയരുമായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം വിവാദങ്ങളും ശബരിമലയില്‍ ഉണ്ടായില്ല.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെത്തിയ തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. 53 ലക്ഷത്തോളം പേര്‍ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക കണക്ക്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിലടക്കം വന്‍ വര്‍ധനയുണ്ടായി. പാര്‍ക്കിങ്, യാത്രാ സൗകര്യം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകള്‍, അന്നദാനം എന്നിവയിലെല്ലാം കൂടുതല്‍ മുന്‍കരുതലുകളെടുത്തു. ശബരിമലയും പരിസരവും ഇത്തവണ വൃത്തിയിലും ശ്രദ്ധേയമായി. പൊലീസ് ശക്തവും സുരക്ഷിതവുമായ തീര്‍ഥാടക നിയന്ത്രണ സംവിധാനം നടപ്പാക്കി. എല്ലാം ശ്രീജിത്തിന്റെ ഏകോപനത്തിലൂടെയാണ് സാധ്യമായത്. ദര്‍ശനസമയം കൂട്ടിയതും പടികയറ്റം വേഗത്തിലാക്കിയതും തിരക്ക് ഇല്ലാതാക്കി. പമ്പയില്‍ ഒരുക്കിയ ജര്‍മന്‍ പന്തലും നടപ്പന്തലുകളും സന്നിധാനത്തെ പന്തലുകളും തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസമായി.
കരുതല്‍ ശേഖരം വര്‍ധിപ്പിച്ചതിലൂടെ അരവണയും യഥേഷ്ടം നല്‍കാനായി. സന്നിധാനത്ത് എല്ലാവര്‍ക്കും മൂന്ന് നേരവും ഭക്ഷണവും വെള്ളവും ലഘുഭക്ഷണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കി. ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കുറി ക്രമീകരണങ്ങള്‍ സംബന്ധിച്ച് സംതൃപ്തി പ്രകടിപ്പിച്ചതും സര്‍ക്കാരിനും പോലീസിനുമുള്ള അംഗീകാരമായി.