പത്തനംതിട്ട: പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മുന്‍കുട്ടി അറിയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എസ്പി ആര്‍. ആനന്ദ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍, അദ്ദേഹത്തിന് കീഴിലുള്ള പന്തളത്തെ ഫീല്‍ഡ് ഓഫീസര്‍മാര്‍, അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍, പന്തളം എസ്.എച്ച്.ഓ ടി.ഡി പ്രജീഷ് എന്നിവര്‍ക്കാണ് മെമ്മോ നല്‍കിയിട്ടുള്ളത്. മറുപടിയും വിശദീകരണവും തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. പന്തളത്ത് പോലീസിന് വന്‍ വീഴ്ചയുണ്ടായെന്ന വാര്‍ത്ത മറുനാടനാണ് പുറത്തു വിട്ടത്.

അയ്യായിരം പേരില്‍ താഴെ മാത്രമാവുക ശബരിമല സംരക്ഷണ സംഗമത്തിനെത്തുക എന്ന കണക്കു കൂട്ടലില്‍ വെറും 200 പോലീസുകാരെ മാത്രമാണ് സ്ഥലത്ത് നിയോഗിച്ചത്. പതിനയ്യായിരം പേരെങ്കിലും സംഗമത്തിന് എത്തുമെന്നും അതിന് തക്ക സുരക്ഷ ഒരുക്കണമെന്നും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേപ്പറ്റി എസ്.പിക്കും അറിവുണ്ടായിരുന്നു. എന്നാല്‍, തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടാണ് എസ്.പി മുഖവിലയ്ക്ക് എടുത്തത് ഇതാണ് തിരിച്ചടിയായത്.

കഴിഞ്ഞ 22 ന് നടന്ന സംഗമത്തില്‍ 1500 പേരാകും പങ്കെടുക്കുക എന്നാണ് വരുമെന്നാണ് പന്തളം എസ്.എച്ച്.ഓ അറിയിച്ചത്. അടൂര്‍ ഡിവൈ.എസ്.പിയാകട്ടെ ഇത് ഇരട്ടിയാക്കി. സ്പെഷല്‍ ബ്രാഞ്ച് അല്‍പം കൂടി കത്തി 6000 പേരെന്നാണ് റിപ്പോര്‍ട്ട് കൊടുത്തത്. പമ്പയിലെ സര്‍ക്കാരിന്റെ അയ്യപ്പസംഗമം പാളിപ്പോയ സാഹചര്യത്തില്‍ പന്തളത്ത് ശബരിമല കര്‍മ സമിതി നടത്തുന്ന ശബരിമല സംരക്ഷണ സംഗമം വന്‍ വിജയമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും പതിനയ്യായിരമോ അതിലധികമോ ആള്‍ക്കാര്‍ എത്തുമെന്നും ഇവര്‍ വരുന്ന വാഹനം എം.സി റോഡിന്റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്യുമെന്നും അതിനാല്‍ ഗതാഗതം വഴി തിരിച്ചു വിടുകയും ക്രമസമാധാന പാലനത്തിന് കൂടുതല്‍ പോലീസിനെ നിയോഗിക്കുകയും വേണമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

പരിപാടി നടക്കുന്ന ഗ്രൗണ്ടിന് സമീപമുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ ഉള്‍ക്കൊളളില്ല. ഇതിന് പുറമേ അണ്ണാമലൈ, തേജസ്വി സൂര്യ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ എത്തുന്നതിനാല്‍ മറ്റു ജില്ലകളില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്താനുള്ള സാധ്യതയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടീല്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് പാടേ അവഗണിക്കുകയാണ് പോലീസ് ചെയ്തത്. എസ്.പി ആര്‍. ആനന്ദ് പുതിയ ആളായതിനാല്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം അറിയാമായിരുന്നില്ല.

രാവിലെ നാനാക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറിലുണ്ടായ വന്‍ പങ്കാളിത്തം പോലും ഉച്ചയ്ക്ക് ശേഷമുണ്ടാകാനിടയുള്ള ആള്‍ത്തിരക്ക് സംബന്ധിച്ചുള്ള സൂചനയായിരുന്നു. കണ്‍വന്‍ഷന്‍ സെന്റര്‍ തിങ്ങി നിറഞ്ഞാണ് ഭക്തര്‍ സെമിനാറില്‍ പങ്കെടുത്തത്. ഇതിന്റെ പത്തിരട്ടി തിരക്ക് വൈകിട്ട് നടക്കുന്ന സംഗമത്തിനുണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ പോലീസിന് കഴിഞ്ഞില്ല.

വൈകിട്ട് മൂന്നു മണിയോടെ എം.സി റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ നിറഞ്ഞു. ഗതാഗതകുരുക്കും ആരംഭിച്ചു. ആദ്യമൊക്കെ ഒരു വിധത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചു വിടാതെ മാര്‍ഗമില്ലെന്നായി. തുടര്‍ന്ന് പന്തളം റൂട്ടിലേക്കുള്ള വാഹനങ്ങള്‍ ഉളനാട്, അമ്പലക്കടവ്, തുമ്പമണ്‍ വഴി തിരിച്ചു വിടേണ്ടി വന്നു.

ഇരുപതിനായിരത്തോളം പേരാണ് സംഗമത്തിന് എത്തിയത്. അത്രയും പേരെ ആ ഗ്രൗണ്ട് ഉള്‍ക്കൊള്ളുമായിരുന്നു. സംഘാടകര്‍ പോലും ഇത്രയും ആളെ പ്രതീക്ഷിച്ചില്ല. ഗ്രൗണ്ടിന്റെ പകുതിയ്ക്ക് വച്ചാണ് സ്റ്റേജ് തയാറാക്കിയത്. ഇതോടെ മൂന്നോളം ജില്ലകളില്‍ നിന്ന് വന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടക്കം റോഡ് വരെ നിരന്നു. പമ്പയില്‍ നടന്ന സര്‍ക്കാര്‍ പരിപാടിക്ക് ആളില്ലാതിരിക്കുകയും വേണ്ടത്ര പ്രചാരണമില്ലാതെ നടന്ന പന്തളം പരിപാടിക്ക് വന്‍ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തത് സര്‍ക്കാരിന് വലിയ നാണക്കേട് സൃഷ്ടിച്ചു.