തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയം വീണ്ടും ശബരിമല വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പുതിയ ഒമ്പതംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതോടെയാണിത്. മാര്‍ച്ച് പകുതിയോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കോടതി നടപടികള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറും. 2007 ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരാണ് ശബരിമല യുവതീപ്രവേശനമാകാമെന്ന് സുപ്രിംകോടതിയില്‍ നിലപാടെടുത്തത്. 2016 ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് തിരുത്തി. 2016 നവംബറില്‍ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുമ്പോഴാണ് യുവതീപ്രവേശനം അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ നല്‍കിയത്. 2017 ല്‍ വാദം കേള്‍ക്കുമ്പോഴും സ്വാഭാവികമായും ഈ നിലപാട് തുടര്‍ന്നു. അല്‍പം പുരോഗമനം കുറഞ്ഞാലും എന്‍.എസ്.എസ് പ്രതീക്ഷിക്കുന്നതുപോലെ സര്‍ക്കാര്‍ നിലപാട് മാറ്റുമെന്നാണ് സൂചനകള്‍.

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് പകുതിയോടെ പുറപ്പെടുവിക്കുമെന്നാണ് സൂചന. സാധാരണഗതിയില്‍ മേയ് രണ്ടാം വാരത്തില്‍ വോട്ടെടുപ്പ് നടക്കാറുള്ള കേരളത്തില്‍ ഇക്കുറി ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടന്നേക്കാം. ഈ സമയക്രമത്തിനിടയിലാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ഏപ്രില്‍ 7 - 9: ഹര്‍ജിക്കാരെയും അവരെ പിന്തുണയ്ക്കുന്നവരെയും കോടതി കേള്‍ക്കും. ഏപ്രില്‍ 14 - 16: വിധിയെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. ഏപ്രില്‍ 22: വാദം അവസാനിപ്പിക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ 'ശബരിമല 2.0'-മാര്‍ച്ച് പകുതിയോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ഏപ്രില്‍ 7 മുതല്‍ സുപ്രീംകോടതിയില്‍ ആരംഭിക്കുന്ന അന്തിമവാദം കേരളത്തിലെ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചയായി മാറും.

തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ കേരളത്തിലെ വോട്ട് ബാങ്കുകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. 2018-ലെ യുവതീപ്രവേശന വിധിയെ അനുകൂലിച്ച പിണറായി സര്‍ക്കാരിന്റെ നിലപാടാണ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാക്കിയത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു കഴിഞ്ഞു. ഇതോടെ കേന്ദ്ര നിലപാട് വിശ്വാസികള്‍ക്കൊപ്പമായി. ഇനി അറിയേണ്ടത് കേരളത്തിന്റെ നിലപാടാണ്. യുവതീപ്രവേശനത്തെ ഇപ്പോള്‍ സര്‍ക്കാര്‍ പരസ്യമായി അനുകൂലിക്കുന്നില്ലെങ്കിലും കോടതിയില്‍ എന്ത് സത്യവാങ്മൂലം നല്‍കും എന്നത് നിര്‍ണ്ണായകമാണ്.

വിശ്വാസ പ്രശ്‌നത്തിന് പുറമെ ശബരിമലയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ ആയുധമാകും. ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക വിവാദങ്ങളും പി.ആര്‍.ഡി വഴിയുള്ള പ്രചാരണങ്ങളും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും രാഷ്ട്രീയ എതിരാളികള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ചുരുക്കത്തില്‍, സുപ്രീംകോടതി ബെഞ്ച് രൂപീകരണവും വാദം കേള്‍ക്കലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ 'ശബരിമല തിരഞ്ഞെടുപ്പ്' ആക്കി മാറ്റാനാണ് സാധ്യത. നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഏപ്രില്‍ മാസത്തിലെ സുപ്രീംകോടതി വിധി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം.

യുവതീപ്രവേശനത്തിനൊപ്പം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആരോപണങ്ങളും ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക വിവാദങ്ങളും പ്രചാരണങ്ങളും പ്രതിപക്ഷം ആയുധമാക്കും. ആചാര ലംഘനം ഉണ്ടാകാത്ത രീതിയിലുള്ള സര്‍ക്കാരിന്റെ സമീപകാല മാറ്റങ്ങളെ എന്‍.എസ്.എസ് നിരീക്ഷിച്ചു വരികയാണ്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ഒരു വാക്ക് പോലും വോട്ട് ബാങ്കുകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ശബരിമലയ്ക്ക് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള മതപരമായ മൗലികാവകാശങ്ങള്‍ ഒമ്പതംഗ ബെഞ്ച് പരിശോധിക്കും. ജസ്റ്റിസ് സൂര്യകാന്ത് ഒഴികെയുള്ള മറ്റ് എട്ട് ജഡ്ജിമാരും വിരമിച്ചതിനാല്‍ പുതിയ ബെഞ്ച് ഉടന്‍ രൂപീകരിക്കും. ഏപ്രില്‍ 22-ഓടെ വാദം അവസാനിപ്പിക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. വിധിയും താമസിയാതെ വരും.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സര്‍ക്കാരിനും മുന്നണിക്കും രാഷ്ട്രീയമായി നിര്‍ണായകമാണ്. 2018-ലെ യുവതീപ്രവേശന അനുകൂല നിലപാട് വരാനിരിക്കുന്ന ഒന്‍പതംഗ ബെഞ്ചിന് മുന്നില്‍ എങ്ങനെ തിരുത്തുമെന്നത് സംബന്ധിച്ച് സി.പി.എമ്മിലും എല്‍.ഡി.എഫിലും ചര്‍ച്ചകള്‍ സജീവമാണ്. ആചാരസംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിശ്വാസികളുടെ വികാരം കൂടി പരിഗണിച്ച് അതീവ ജാഗ്രതയോടെ കേസിനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കോടതി വിധി എന്തുതന്നെയായാലും അത് നടപ്പാക്കുമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. മുന്‍പ് കോടതി വിധിയനുസരിച്ചാണ് തീരുമാനമെടുത്തതെന്നും പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക.