- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിശ്വാസികളെ കയ്യിലെടുക്കാന്‍ ഉറച്ച് 'പിണറായി സര്‍ക്കാര്‍! ശബരിമലയില്‍ നയം വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; യുവതീ പ്രവേശന വിഷയം ഗുരുതര മനുഷ്യാവകാശ ലംഘനമല്ല; അന്തിമ തീരുമാനമെടുക്കാന്‍ മതപണ്ഡിതരുടെ സമിതി വേണം; 2008ലെ വിഎസ് സര്‍ക്കാര്‍ നിലപാട് പൊടിതട്ടിയെടുത്ത് കൈപൊള്ളാതിരിക്കാന്‍ 'മാസ്റ്റര്‍ പ്ലാന്‍'
വിശ്വാസികളെ കയ്യിലെടുക്കാന്‍ ഉറച്ച് 'പിണറായി സര്‍ക്കാര്‍!

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായക നീക്കവുമായി കേരള സര്‍ക്കാര്‍. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരുമായി ആലോചിച്ചാണെന്നും, യുവതീ പ്രവേശനം ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോടതിയുടെ ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച 17 പേജുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്.
പണ്ഡിത സമിതി വേണമെന്ന് ശുപാര്‍ശ
മതാചാരപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആ വിഷയങ്ങളില്‍ ആഴത്തില്‍ അറിവുള്ള പണ്ഡിതരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കണമെന്നതാണ് സത്യവാങ്മൂലത്തിലെ പ്രധാന ശുപാര്‍ശ. ആചാരങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ അവയില്‍ ബാഹ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് മുന്‍പ് ആധികാരികമായ പഠനം വേണമെന്നാണ് സര്‍ക്കാരിന്റെ വാദം.
ഈ വാദം വിശ്വാസികളുടെയും തന്ത്രി കുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഇത് അംഗീകരിക്കുന്നതിലൂടെ വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പ് തണുപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കും.
2008-ലെ വി.എസ്. സര്‍ക്കാരിന്റെ നിലപാടിലേക്ക് മടക്കം
നിലവിലെ സത്യവാങ്മൂലം 2008-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് എസ്. കോമളന്‍ (നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി) ഫയല്‍ ചെയ്ത അതേ നിലപാടിന്റെ തുടര്‍ച്ചയാണ്.
'ശബരിമലയില്‍ ആരെയും വിലക്കരുത്, എന്നാല്‍ നിലനില്‍ക്കുന്ന ആചാരങ്ങളെക്കുറിച്ച് പഠിക്കാന്‍ ഹിന്ദു മതത്തെക്കുറിച്ച് ആധികാരികമായി അറിവുള്ള പണ്ഡിതരെ ഉള്‍പ്പെടുത്തി ഒരു കമ്മീഷനെ നിയമിക്കണം' എന്നതായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.
സത്യവാങ്മൂലത്തില്‍ പറയുന്നത്
യുവതീ പ്രവേശനം തടയുന്നത് മനുഷ്യാവകാശ ലംഘനമായി കാണാനാവില്ല. മതാചാരങ്ങളെ പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ (PIL) പുറത്തുനിന്നുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാകില്ല.സുപ്രീം കോടതി മുന്‍പ് ഉന്നയിച്ച ഏഴ് ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ശബരിമല വിഷയം വീണ്ടും ഒരു വൈകാരിക ആയുധമായി പ്രതിപക്ഷം ഉപയോഗിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണിത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാന്‍ 'വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍' എന്ന സന്ദേശം നല്‍കാന്‍ ഈ സത്യവാങ്മൂലം സഹായിക്കും
അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സത്യവാങ്മൂലം തയ്യാറാക്കിയത്. സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷാ രാജന്‍ ഷോങ്കര്‍ ആണ് ഇത് കോടതിയില്‍ സമര്‍പ്പിച്ചത്. സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ ഹാജരാകുന്നതും ജയദീപ് ഗുപ്തയാണ്.
സുപ്രീം കോടതി ഉന്നയിച്ച ആ 7 ചോദ്യങ്ങള്‍
ഈ കേസിലെ ഒമ്പതംഗ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം.
'പൊതു ക്രമം, ധാര്‍മ്മികത, ആരോഗ്യം' എന്നിവ ആചാരങ്ങള്‍ക്ക് എത്രത്തോളം ബാധകമാണ്?
'മതവിഭാഗം' (Religious Denomination) എന്നതിന്റെ നിര്‍വ്വചനം.
ആചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം?
വിശ്വാസമില്ലാത്ത ഒരാള്‍ക്ക് മറ്റൊരു മതത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്യാമോ?
ആര്‍ട്ടിക്കിള്‍ 25-ഉം 26-ഉം തമ്മിലുള്ള വൈരുദ്ധ്യം.
മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശം എന്നിവയും ഇതിന്റെ പരിധിയില്‍ വരുമോ?


