- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മനപൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമം; കിറ്റക്സിനെതിരായ ആരോപണങ്ങള്‍ തള്ളി സാബു എം ജേക്കബ്; ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോണ്‍ തട്ടിപ്പിലൂടെ; പിന്നീട് കേള്‍ക്കുന്നത് മരംമുറി കേസില്‍; റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തനം ലൈസന്‍സില്ലാതെ; 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാനലിന് നോട്ടിസ് അയച്ചെന്ന് കിറ്റെക്‌സ് എംഡി
കിറ്റക്സിനെതിരായ ആരോപണങ്ങള്‍ തള്ളി സാബു എം ജേക്കബ്

കൊച്ചി: കിറ്റെക്‌സിനെതിരായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ആരോപണങ്ങള്‍ തള്ളി എം ഡി സാബു എം ജേക്കബ്. വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മനപൂര്‍വ്വം ഉപദ്രവിക്കാനാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ശ്രമിക്കുന്നതെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നു. വ്യവസായിക വിപ്ലവം ഉണ്ടാക്കിയ പ്രസ്ഥാനമാണ് അന്ന കിറ്റെക്‌സ്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോണ്‍ തട്ടിപ്പിലൂടെയാണ്. പിന്നീട് മുട്ടില്‍ മരം മുറി കേസിലാണ് അഗസ്റ്റിന്‍ സഹോദരന്മാരെ കുറിച്ച് കേരളം കേള്‍ക്കുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു.
മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനല്‍ ഏറ്റെടുത്തു. ഒരു വര്‍ഷം കൊണ്ട് ടി ആര്‍ പി കൂടി. ഒട്ടനവധി കേസുകള്‍ ഉണ്ട്. മരം മുറി കേസില്‍ ആന്റോയ്ക്ക് മാനഹാനി ഉണ്ടായത്രേ. അങ്ങനെയുള്ള ഒരാളാണ് കിറ്റെക്‌സിനെ തകര്‍ക്കാന്‍ നോക്കുന്നത്.ഒരു ചാനലില്‍ ഇരുന്ന് മോശമാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആണെന്നും ടി വി ചാനലിന്റെ ഉടമസ്ഥനായി ഇരുന്ന് ഭൂലോക മണ്ടത്തരം വിളിച്ചു പറയുകയാണെന്നും സാബു എം ജേക്കബ് വിമര്‍ശിച്ചു.
ഓര്‍ഗാനിക് അല്ലാത്ത ഉത്പന്നങ്ങള്‍ അമേരിക്കയിലേയ്ക്ക് കിറ്റെക്‌സ് കയറ്റി അയച്ചു എന്നാണ് റിപ്പോര്‍ട്ടര്‍ ടി.വി പറയുന്നത്. ശുദ്ധകളവ് എങ്ങനെ പറയാന്‍ സാധിക്കുന്നു. ഒരു വസ്തുതകളും പഠിക്കാതെ ചാനലില്‍ ഇരുന്ന് പറയുകയാണ്. ജി എസ് ടി ഇനത്തില്‍ ഒരു വെട്ടിപ്പും തന്റെ സ്ഥാപനം നടത്തിയിട്ടില്ല. തെറ്റായ വിവരമാണ് നല്‍കിയത്. ഇത്രയും നുണയായ കാര്യങ്ങള്‍ എല്ലാം അറിഞ്ഞു വെച്ച് നല്‍കുകയാണ്.ഏതോ പാര്‍ട്ടിയ്ക്ക് വേണ്ടി ആന്റോ ചെയ്തതായിട്ടാണ് തോന്നുന്നത്.
ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പടെ 16 പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചു. 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. 16 പേര്‍ക്ക് എതിരെയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യും. ഒരു ന്യൂസ് ചാനല്‍ കൈയ്യില്‍ ഉണ്ടെന്ന് കരുതി ആരെയും കരിവാരി തേക്കാം എന്ന ചിന്ത മാറണം. ലൈസന്‍സ് ഇല്ലാതെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സര്‍ട്ടിഫിക്കറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് വിടണം.
ആന്റോ എങ്ങനെയാണ് ചാനലിന്റെ എം.ഡി ആയത് ഇതിനെതിരെ ആരും ശബ്ദിച്ചില്ലെങ്കില്‍ ദേശീയ ദുരന്തം ആയി മാറും. തെറ്റായ വാര്‍ത്ത നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കേന്ദ്ര വാര്‍ത്താമന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം ഇഡിയുടെ നോട്ടീസിന് പിന്നാലെയാണെന്ന വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സാബു വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഇഡിയുടെ നോട്ടീസ് കിട്ടിയിരുന്നു എന്ന് സമ്മതിച്ച അദ്ദേഹം അത് സ്വാഭാവിക നടപടിയയാണെന്നാണ് വിശദീകരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്ക് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിദേശ വിനിമയ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാര്‍ക്ക് നല്‍കിയ സാധാരണ നോട്ടീസ് മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ പേര് പറഞ്ഞ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശ വ്യാപാരം നടത്തുന്നവര്‍ക്ക് ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാല്‍ റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതില്‍ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ നിയമമില്ലെന്ന് സാബു എം. ജേക്കബ് പറഞ്ഞു. വിദേശ പണം ഇടപാടുകള്‍ നൂറു ശതമാനവും ഇന്ത്യയില്‍ എത്തിയെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രം ആരംഭിച്ച നടപടിയുടെ ഭാഗമായി കേരളത്തിലെ നൂറോളം എക്സ്പോര്‍ട്ടര്‍മാര്‍ക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇത് കേവലം നിയമപരമായ ഒരു ട്രാന്‍സാക്ഷന്‍ മാത്രമാണെന്നും കള്ള ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.


