തിരുവനന്തപുരം: ശംഖുമുഖത്തെ പ്രശസ്തമായ 'സാഗരകന്യക' ശില്പത്തെ പരസ്യചിത്രത്തില്‍ വികലമായി ചിത്രീകരിച്ചതിനെതിരേ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. സ്തനാര്‍ബുദ അവബോധത്തിന്റെ ഭാഗമായി ഒരു ആശുപത്രി വെച്ച കൂറ്റന്‍ പരസ്യ ഹോര്‍ഡിങ്ങാണ് വിവാദമായി മാറിയത്. ചിത്രത്തിലെ സാഗരകന്യകയുടെ സ്തനങ്ങളില്‍ ഒന്ന് മായ്ച്ചുകളഞ്ഞ രൂപത്തിലാണിത്. 'ഒരു മാറ്റം കാണുന്നുണ്ടോ' എന്നാണ് പരസ്യത്തിലെ ചോദ്യം.

സ്തനാര്‍ബുദ ചികിത്സയായ മാസ്റ്റെക്ടമി ചെയ്തതിന്റെ അടയാളമാണ് മാറ്റിയ സ്തനത്തിന്റെ ഭാഗത്തുള്ളത്. കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച്, ശംഖുംമുഖം കടല്‍ത്തീരത്ത് സ്ഥാപിച്ച ബൃഹദ്ശില്‍പ്പമാണ് സാഗരകന്യക. പ്രശസ്തമായ ശില്‍പ്പം തന്റെ അനുമതിയില്ലാതെയും വികലമാക്കിയും ഉപയോഗിച്ചുവെന്നാണ് ശില്‍പ്പിയായ കാനായി കുഞ്ഞിരാമന്‍ പരാതിപ്പെട്ടത്.

സാഗരകന്യക സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും തന്റെ സൃഷ്ടിയുടെ നേര്‍ക്കുള്ള കടുത്ത അവഹേളനമാണിതെന്ന് കാനായി പ്രതികരിച്ചു. സര്‍ക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും ജനങ്ങളും ഇതിനെതിരേ പ്രതികരിക്കണം. എത്രയും പെട്ടെന്ന് ആ പരസ്യബോര്‍ഡ് നീക്കംചെയ്യണമെന്നും കാനായി പറഞ്ഞു.

87 അടി നീളവും 25 അടി പൊക്കവുമുള്ള സാഗരകന്യക രണ്ടുവര്‍ഷമെടുത്താണ് കാനായി പൂര്‍ത്തീകരിച്ചത്. ലോകത്തിലെ ഏറ്റവുംവലിയ ജലകന്യകാ ശില്പത്തിനുള്ള ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചതാണ് സാഗരകന്യക. കാനായിയുടെ എതിര്‍പ്പ് പരിഗണിച്ച് പരസ്യബോര്‍ഡ് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവുംവലിയ ജലകന്യകാ ശില്പത്തിനുള്ള ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചതാണ് സാഗരകന്യക. 87 അടി നീളവും 25 അടി പൊക്കവുമുള്ള സാഗരകന്യക രണ്ടുവര്‍ഷമെടുത്താണ് കാനായി പൂര്‍ത്തീകരിച്ചത്. 1992-ല്‍ സര്‍ക്കാര്‍ ഈ ശില്പം ശംഖുംമുഖം തീരത്ത് സ്ഥാപിക്കുകയും ചുറ്റും പാര്‍ക്ക് നിര്‍മിക്കുകയും ചെയ്തു. തീരത്തിന്റെ മുഖമുദ്രയായിമാറിയ സൃഷ്ടി കേരളത്തിലെതന്നെ ഏറ്റവും പ്രശസ്തമായ ശില്പങ്ങളിലൊന്നാണ്.