- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്ത് വിചാരിക്കുന്ന കാര്യങ്ങളല്ല കേരളത്തിൽ നടക്കുന്നത്; മന്ത്രി ഞാനാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്! അവാർഡ് ജൂറിയിൽ ഇരിക്കുന്ന ആരെങ്കിലും രഞ്ജിത്ത് പറയുന്നത് കേട്ടോ? രഞ്ജിത്തിന്റെ വാക്കുകൾ വിധിനിർണയത്തെ ബാധിച്ചോ എന്ന് നേമം പുഷ്പരാജിനോട് ചോദിച്ചു; ഇല്ലെന്ന മറുപടിയോടെ അത് അവിടെ തീർന്നു; അവാർഡ് വിവാദത്തിൽ മന്ത്രി സജി ചെറിയാന്റെ മറുപടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം അവസാനിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് പറഞ്ഞത് ജൂറി കേൾക്കാൻ തയ്യാറാകാതെ വന്നതോടെ വിവാദം അവിടെ തീർന്നു എന്നാണ് സാംസ്കാരിക മന്ത്രി പറയുന്നത്. പുരസ്ക്കാര നിർണയത്തിൽ
ആർക്കും ഇടപെടാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണിയാണ് ഇവിടെ ഭരിക്കുന്നതെന്നും രഞ്ജിത്ത് അല്ല ആർക്കും ഇതിൽ ഇടപെടാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ആരോപണം ഉന്നയിച്ച അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിനോട് താൻ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഈ ഗവൺമെന്റ് വന്ന് മൂന്ന് അവാർഡുകൾ പ്രഖ്യാപിച്ചു. ആരും ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. ഇത്തവണ രഞ്ജിത്തിന്റെ വിവാദവുമായി എത്തി. ഇവിടെ ഭരിക്കുന്നത് ഇടതു മുന്നണി ഗവൺമെന്റ് ആണ്. ഇടപെടാൻ ആർക്കും പറ്റില്ല. അതിന്റെ മന്ത്രി ഞാനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടപെടാൻ ആർക്കും പറ്റില്ല. അങ്ങനെ ഇടപെടാൻ പറ്റിയാൽ നമുക്ക് ആ കസേരയിൽ ഇരിക്കാൻ പറ്റുമോ. അവാർഡ് ജൂറിയിൽ ഇരിക്കുന്ന ആരെങ്കിലും രഞ്ജിത്ത് പറയുന്നത് കേട്ടോ. അങ്ങനെയെന്തെങ്കിലും ചെയ്തതായി പരാതിക്കാർ പറയണം. അങ്ങനെ ആർക്കും പരാതിയില്ല. രഞ്ജിത്ത് പറഞ്ഞു എന്നതാണ് പ്രശ്നം. പരാതിയുണ്ടെങ്കിൽ അത് നമുക്ക് അന്വേഷിക്കാം.- സജി ചെറിയാൻ പറഞ്ഞു.
രഞ്ജിത്ത് വിചാരിച്ചാൽ നടക്കുന്ന കാര്യങ്ങളല്ല കേരളത്തിൽ നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആർക്കും ഇടപെടാനാവില്ല. അദ്ദേഹം ജൂറി അംഗമല്ല. അദ്ദേഹം പറയുന്നത് കേൾക്കേണ്ട കാര്യം ജൂറിക്കില്ല. നേമം പുഷ്പരാജിനോട് ഞാൻ സംസാരിച്ചിരുന്നു. രഞ്ജിത്തിന്റെ വാക്കുകൾ വിധിനിർണയത്തെ ബാധിച്ചോ എന്നു ഞാൻ ചോദിച്ചു. ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് അവിടെ തീർന്നു.- മന്ത്രി വ്യക്തമാക്കി.
വിവാദവുമായി ബന്ധപ്പെട്ട് താൻ രഞ്ജിത്തിനോട് സംസാരിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്ത് മഹത്തായ ചലച്ചിത്രകാരൻ ആണ് എന്നതിൽ ആർക്കും സംശയമൊന്നുമില്ല. ചലച്ചിത്ര രംഗത്ത് പ്രമുഖനായ വ്യക്തിയാണ്. വിനയൻ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നു പരിശോധിക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. ചലച്ചിത്ര അക്കാദമി ഇടപെട്ട് സ്വാധീനിച്ചാണ് വിധി നിർണയിച്ചത് എന്ന് ആർക്കും പറയാനാവില്ല.
വിനയന്റെ സിനിമ ചവറാണ് എന്ന് രഞിജ്ത്ത് പറഞ്ഞതുകൊണ്ടല്ല സിനിമയ്ക്ക് അവാർഡ് കിട്ടാതിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. രഞ്ജിത്തിന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കും. അതിന്റെ പേരിൽ ഒരാളും അവാർഡ് നിർണയ സമിതിയിൽ വാദിക്കുകയോ താൽപ്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അവാർഡിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ല എന്നതിൽ എനിക്ക് ഉറച്ച നിലപാടാണ്. അവാർഡ് കിട്ടിയവരെല്ലാം അർഹതപ്പെട്ടവരാണ്. ആവശ്യമില്ലാത്ത ഒരു വിവാദമായിരുന്നു ഇത്.- സജി ചെറിയാൻ പറഞ്ഞു.
അതേസമയം അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ നിർണായക ശബ്ദരേഖ പുറത്തുവന്നു. ചലച്ചിത്ര നിർണയ ജൂറി അംഗമായ നേമം പുഷ്പരാജ് വിനയനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത് 'പത്തൊമ്പതാം നൂറ്റാണ്ട്' ചവറ് സിനിമയാണെന്നും പുരസ്കാര നിർണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുന്ന നേമം പുഷ്പ്പരാജിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ മന്ത്രി അക്കാദമി ചെയർമാനെ പിന്തുണച്ചു കൊണ്ടും രംഗത്തു വരികയുണ്ടായി. എന്നാൽ മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന സംഭാഷണത്തൽ നിന്നും വ്യക്തമാകുന്നത്.
വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നായിരുന്നു നേരത്തെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വിനയൻ മികച്ച സംവിധായകൻ തന്നെ എന്ന് അഭിപ്രായപ്പെട്ട മന്ത്രി, കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തിരുന്നു. അവാർഡ്മ നിർണ്ണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന വിനയന്റെ ആരോപണം തെളിയിക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നേമം പുഷ്പരാജ്-വിനയൻ ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമയൊക്കെ പരിഗണിച്ച് വെറുതെ ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. എന്തുകൊണ്ട് പരിഗണിച്ചുകൂടാ, ചിത്രത്തിന്റെ ആർട്ട് ഡയറക്ഷൻ, മേക്കപ്പ്, കോസ്റ്റ്യൂം, കൊറിയോഗ്രാഫി എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരിഗണിക്കാനുണ്ടെന്ന് ഞാൻ പറഞ്ഞു. ഞാനിതു പറയുമ്പോൾ മറ്റു ജൂറി അംഗങ്ങളും അടുത്തുണ്ടായിരുന്നു. അത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നെനിക്കുറപ്പാണ്. രഞ്ജിത്ത് അങ്ങനെ പറഞ്ഞത് ശരിക്കും എന്നെ അപമാനിച്ചപോലെയാണ് എനിക്ക് തോന്നിയത്. രഞ്ജിത്ത് ഇരിക്കുമ്പോൾ അവാർഡ് നിർണയത്തിൽ ആർക്കും നീതി കിട്ടില്ല.
പിന്നാലെ 19ാം നൂറ്റാണ്ടിന് മൂന്ന് പുരസ്ക്കാരങ്ങൾ ലഭിച്ചപ്പോൾ അത് തടയാനും രഞ്ജിത്തിന്റെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായതായും നേമം പുഷ്പരാജ് വെളിപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ