തിരുവനന്തപുരം: തദ്ദേശ ജനവിധിയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലടക്കം തിരക്കിട്ട നീക്കങ്ങളിലേക്ക് കടുക്കകയാണ് സര്‍ക്കാര്‍. ശമ്പള പരിഷ്‌കരണത്തിന് കമീഷന് പകരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താനാണ് ആലോചന. കമ്മീഷനെ നിയോഗിച്ചാല്‍ റിപ്പോര്‍ട്ട് വരാന്‍ കാലതാമസം ഉണ്ടായാലോ എന്ന ആശങ്കയിലാണ് ഈ നീക്കത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികസാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരം നടപ്പാക്കാനാണ് നീക്കം. സര്‍വിസ് കാര്യങ്ങളില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചേക്കും. സര്‍ക്കാര്‍ കാലാവധി തീരാന്‍ അഞ്ച് മാസമാണ് ശേഷിക്കുന്നത്. അതിന് മുമ്പ് ശമ്പളം ഉയര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ തന്ത്രം.

കുടിശ്ശികയുള്ള ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചും അതിനൊപ്പം നിശ്ചിത ആനുകൂല്യം കൂടി ഉള്‍പ്പെടുത്തിയുമുള്ള ശമ്പള പരിഷ്‌ക്കരണമാണ് പരിഗണിക്കുന്നത്. സി. അച്യുത മേനോന്‍ സര്‍ക്കാറിന്റെ കാലത്താണ് കമീഷനെ നിയമിക്കാതെ ശമ്പളപരിഷ്‌കരണത്തിന് ഇതിനുമുമ്പ് ബദല്‍ മാര്‍ഗം സ്വീകരിച്ചത്. അന്ന്, സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രിതല ഉപസമിതിയെ നിയോഗിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ ശമ്പള പരിഷ്‌കരണ കമീഷനെ നിയോഗിച്ചത്. 2019 ഒക്ടോബറില്‍ ഡോ. കെ.മോഹന്‍ദാസ് അധ്യക്ഷനായി നിയോഗിച്ച 11ാം ശമ്പള കമീഷന്‍ രൂപവത്കരിച്ചു. 2021 ജനുവരി 30നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള പുതുക്കിയ ശമ്പളം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് 2021 മാര്‍ച്ച് മുതല്‍ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ പരിഷ്‌കരണത്തിന്റെ കുടിശിക നാല് ഗഡുക്കളായി നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ട് ഗഡുക്കള്‍ നല്‍കാന്‍ ബാക്കിയാണ്.

സാധാരണ, 10 മുതല്‍ 14 മാസം വരെ എടുത്താണ് ശമ്പള കമ്മിഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് മുന്‍പ് വരും എന്നതിനാലാണ് ശമ്പള കമ്മീഷന് പകരം കമ്മിറ്റിയെ നിയോഗിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇനി പ്രഖ്യാപനം വേഗത്തിലാക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കഴിഞ്ഞ തവണ കുടിശ്ശികയടക്കം 28% ക്ഷാമബത്ത ( ഡി എ ) അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച ശേഷം അതിന്റെ 10% തുക വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനായി അടിസ്ഥാന ശമ്പളം * 1.38 ഫിറ്റ്മെന്റ് ഘടകം = പുതിയ അടിസ്ഥാന ശമ്പളം എന്ന ഫോര്‍മുലയുണ്ടാക്കി. ഇതിന് സമാനമായ ഫോര്‍മുല വച്ച് ശമ്പള പരിഷ്‌കരണം നടപ്പാക്കാം. അതുകൊണ്ടാണ് ഇക്കുറി കമ്മിഷനെ നിയമിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ശമ്പളത്തോടൊപ്പം അലവന്‍സുകളിലും വര്‍ധന പ്രതീക്ഷിക്കാം. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ ശമ്പളം 1,66,800 രൂപയുമാണ്. കുറഞ്ഞ പെന്‍ഷന്‍ 11500 രൂപയാണ്. കൂടിയ പെന്‍ഷന്‍ 84000 രൂപയും.

ആളോഹരി വരുമാനത്തില്‍ 2178 രൂപയും 31% ഡി എ ആയ 7130 രൂപയും ശമ്പളത്തിനൊപ്പം ചേര്‍ക്കുന്നതോടെ കുറഞ്ഞ ശമ്പളം 32300 ആയും കുറഞ്ഞ പെന്‍ഷന്‍ 16150 രൂപയുമായും വര്‍ധിക്കും. നിലവില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഒരു വര്‍ഷം വേണ്ടി വരുന്നത് 72000 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 74% മാണ്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ തനത് വരുമാനം 93268.41 കോടി രൂപയാണ്.

ശമ്പള പരിഷ്‌കരണം നടത്തുകയും അവശേഷിക്കുന്ന 13% ഡി എ കുടിശിക കൊടുത്ത് തീര്‍ക്കുകയും ചെയ്താല്‍ ശമ്പള - പെന്‍ഷന്‍ ബാധ്യത സംസ്ഥാന വരുമാനത്തിന്റെ 110% ആയി വര്‍ധിക്കും എന്നാണ് കണക്കാക്കുന്നത്. അധികം ബാധ്യത വരാത്ത തരത്തില്‍ നിലവിലെ ഡി എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് അതിനൊപ്പം ഒരു നിശ്ചിത ശതമാനം കൂടി ചേര്‍ത്ത് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാം എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.