- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം; മൗദൂദി ആശയങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു; പാന്‍ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണം; നിഷ്പക്ഷ മാധ്യമങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നു; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയം
രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം; മൗദൂദി ആശയങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു

കാസര്‍കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത സമ്മേളന പ്രമേയം. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്തയില്‍ രംഗത്തുവന്നിരിക്കുന്നത്. മൗദൂദി ആശയങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു. ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണമെന്നും സമ്മേളന പ്രമേയത്തില്‍ പറയുന്നു. സമസ്തയുടെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ച അന്തരാഷ്ട്ര സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
പാന്‍ ഇസ്ലാമിക് തീവ്ര ചിന്താഗതിക്കെതിരെ ജാഗ്രത വേണമെന്നും പ്രമേയത്തില്‍ പറയുന്നു. മതരാഷ്ട വാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെ രാഷ്ട്രീയ ഇസ്ലാം മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് സമസ്തയുടെ പ്രമേയത്തില്‍ പറയുന്നത്. നിഷ്പക്ഷ മാധ്യമങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴിയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും, സഹിഷ്ണുതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമുദായത്തിന്റെ തനിമ നിലനിര്‍ത്താനും എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് സമസ്തയുടെ പ്രമേയം ആഹ്വാനം ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിനിരിക്കെയാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കും എന്നാണ് സതീശന്‍ പറഞ്ഞത്. ഇത് വിവാദമായിരുന്നു.
ജമാഅത്തെ ഇസ്ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും വി.ഡി. സതീശന്‍ ചോദിച്ചു. 'മതരാഷ്ട്രവാദം ഇല്ല എന്ന് അവര്‍ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് അവരുടെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? ഇത്തരം വാദങ്ങള്‍ അവര്‍ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, ഏകദേശം നാലു പതിറ്റാണ്ട് കാലത്തോളം അവര്‍ സിപിഎമ്മിന്റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്. അപ്പോഴൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.' പ്രതിപക്ഷ നേതാവ് പറഞ്ഞു.
'40 വര്‍ഷത്തിലേറെക്കാലം ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്റെ കൂടെയായിരുന്നു. അത് മറന്ന സിപിഎം, ഒരു സുപ്രഭാതത്തില്‍ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ മതമൗലികവാദികളാണെന്നും അപകടകാരികളാണെന്നും പ്രചാരണം തുടങ്ങി'.
എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കൊരു കുഴപ്പമില്ലെന്നും അവര്‍ നല്ല ആളുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞതിന്റെ റെക്കോര്‍ഡുകളും അദ്ദേഹം ജമാഅത്ത് അമീറുമായി നടത്തിയ സംഭാഷണവും ഞങ്ങള്‍ പുറത്തുവിട്ടു. അപ്പോള്‍ അത് ശരിയാണെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേക്കണ്ടിവന്നു. കാപട്യമായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണമെന്നും സതീശന്‍ ആരോപിച്ചു.
'40 കൊല്ലം അവര്‍ക്ക് പിന്തുണ കൊടുത്തപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദി. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ വര്‍ഗീയവാദി. ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല. ജമാഅത്തെ ഇസ്ലാമി ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു, ഞങ്ങളത് സ്വീകരിച്ചു'.
ജമാഅത്തെ ഇസ്ലാമി മതമൗലികവാദം ഉപേക്ഷിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുസ്വര സാഹചര്യത്തില്‍ മതമൗലികവാദം എടുക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വര്‍ഗീയത പറഞ്ഞതിന് ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും നേതാക്കള്‍ക്കെതിരെയോ പ്രവര്‍ത്തകര്‍ക്കെതിരെയോ കേസില്ല. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കിയതിന് കേസില്ല. മതമൗലികവാദം നയമല്ല എന്ന് അവര്‍ പ്രഖ്യാപിച്ചു. പിന്നെന്താണ് കുഴപ്പമെന്നും സതീശന്‍ ചോദിച്ചു.


